Thursday, March 28, 2024
HomeKeralaഎറണാകുളം-അങ്കമാലി അതിരൂപതയുടെ പേരുദോഷം മാറ്റുകയാണ് ലക്ഷ്യം: ബിഷപ്പ് മാര്‍ ജേക്കബ്

എറണാകുളം-അങ്കമാലി അതിരൂപതയുടെ പേരുദോഷം മാറ്റുകയാണ് ലക്ഷ്യം: ബിഷപ്പ് മാര്‍ ജേക്കബ്

എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് അടുത്തകാലത്തുണ്ടായ പേരുദോഷം മാറ്റുകയാണ് തന്റെ ദൗത്യമെന്ന് പുതുതായി ചുമതലയേറ്റ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ സ്ഥാനമേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാനില്‍ നിന്നുള്ള നേരിട്ടുള്ള നിയമനം വഴിയാണ് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് അപ്പോസ്തലിക് അഡ്മിസ്‌ട്രേറ്ററായത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ആലഞ്ചേരിയായിരുന്നു നിലവിലെ അപ്പോസ്തലിക് അഡ്മിസ്‌ട്രേറ്റര്‍. സഭയുടെ ഭൂമി ഇടപാടുകളില്‍ ആലഞ്ചേരിയ്‌ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ആലഞ്ചേരിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തിയത് അതിരൂപതയില്‍ വലിയ രീതിയിലുള്ള വിഭാഗീയതയും സൃഷ്ടിച്ചിരുന്നു. അതിരൂപതയുടെ പ്രതിസന്ധി ഘട്ടത്തില്‍ അഡ്മിസ്‌ട്രേറ്ററാകുന്ന തനിയ്ക്ക് വലിയ ദൗത്യമാണ് നിര്‍വഹിക്കാനുള്ളതെന്ന് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. ‘അതിരൂപതയ്ക്ക് പൂര്‍വികര്‍ സമ്ബാദിച്ചുതന്ന സല്‍പേര് അടുത്ത കാലത്ത് നഷ്ടമായി. അത് തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് എനിക്കുള്ളത്. അതിന് എല്ലാവരുടെയും സഹായ-സഹകരണങ്ങള്‍ ആവശ്യമാണ്’ -ബിഷപ്പ് മനത്തോടത്ത് പറഞ്ഞു.താന്‍ അഡ്മിനിസ്‌ട്രേറ്ററാകുന്ന വിവരം അറിഞ്ഞ് വലിയ പിന്തുണയാണ് പിതാക്കന്‍മാരും സഭാവിശ്വാസികളും നല്‍കുന്നതെന്നും അതില്‍ അതിയായ കൃതജ്ഞതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തിനു മുമ്ബ് വത്തിക്കാനില്‍ നിന്നും തന്നോട് ആലോചിച്ചിരുന്നില്ലെന്നും നിയമന ഉത്തരവ് അറിയിച്ചപ്പോള്‍ സ്വീകരിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ പാലക്കാട് രൂപതാ മെത്രാനായ മാര്‍ ജേക്കബ് മനത്തോടത്ത് ആ സ്ഥാനത്തും തുടരും. എല്ലാവരും ഒരുമിച്ചുനിന്നാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ സഭയിലുള്ളൂവെന്ന് സ്ഥാനകൈമാറ്റ ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പുതിയ അഡ്മിനിസ്‌ട്രേറ്ററായി മനത്തോടത്തിനെ നിര്‍ദേശിച്ചതും ആലഞ്ചേരിയായിരുന്നു. ചടങ്ങില്‍ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്‌ ബിഷപ്പ് ജബ്ബത്തിസ്ത ദിക്വാത്രോയും സംബന്ധിച്ചു. അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനമൊഴിഞ്ഞെങ്കിലും മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി തുടരും. എന്നാല്‍ സഭാ ചുമതല മാത്രമേ അദ്ദേഹത്തിനുണ്ടാകൂ. ഭരണച്ചുമതല പൂര്‍ണമായും പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ക്കായിരിക്കും. മാര്‍ ആലഞ്ചേരിയില്‍ നിന്നും മാര്‍ മനത്തോടത്തിന് ഉപദേശങ്ങള്‍ തേടാമെന്ന് വത്തിക്കാനില്‍ നിന്നുള്ള ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും തീരുമാനങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടാകരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആലഞ്ചേരിയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയവര്‍ക്കെതിരെ വത്തിക്കാനില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍, ഈ പക്ഷത്തിന്റെ സഭയുടെ കഴിഞ്ഞ ഏതാനും വര്‍ഷത്തെ സാമ്ബത്തിക ഇടപാടുകളുടെ ഓഡിറ്റ് നടത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് അയക്കാന്‍ മാര്‍ മനത്തോടത്തിനെ ചുമതലപ്പെടുത്തി. സ്ഥലങ്ങള്‍ വിറ്റ് കടം വീട്ടുന്നതിനുള്ള തീരുമാനങ്ങളും അദ്ദേഹത്തിനെടുക്കാം. സ്ഥിതിഗതികള്‍ സംബന്ധിച്ച്‌ എല്ലാ മാസവും വത്തിക്കാന് റിപ്പോര്‍ട്ട് അയക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments