Friday, March 29, 2024
HomeKeralaരക്ഷാ ദൗത്യ ഹെലികോപ്‌ടറിൽ കയറിയ ജോബിക്കെതിരേ നിയമ നടപടി വേണ്ടി വരുമെന്ന് സൈന്യം

രക്ഷാ ദൗത്യ ഹെലികോപ്‌ടറിൽ കയറിയ ജോബിക്കെതിരേ നിയമ നടപടി വേണ്ടി വരുമെന്ന് സൈന്യം

പ്രളയ മേഖലകളിലെ രക്ഷാ ദൗത്യത്തിനിടെ വ്യോമസേനാ ഹെലികോപ്‌ടര്‍ കൈവീശി വിളിച്ചുവരുത്തി തിരുവനന്തപുരത്തേക്ക് ഉല്ലാസയാത്ര നടത്തിയ തിരുവല്ലക്കാരന്‍ ജോബി ജോയിക്കെതിരേ നിയമ നടപടി വേണ്ടി വരുമെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. സൈന്യത്തിന്റെ ഹെലിക്കോപ്‌ടറിലേക്ക് ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ച്‌ കയറ്റുകയായിരുന്നുവെന്ന് ജോബി വിശദീകരണ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇനിയും അസത്യപ്രചാരണം നടത്തിയാല്‍ വ്യോമസേനയുടെ കൃത്യനിര്‍വഹണത്തിന് ജോബി ജോയി മറുപടി പറയേണ്ടിവരുമെന്നും സൈനിക വക്താവ് ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ചെങ്ങന്നൂരിലെ ആറാട്ടുപുഴ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്ടറിന് നേരെ ജോബി കൈവീശിക്കാട്ടിയതിനെത്തുടര്‍ന്ന് ഹെലികോപ്ടര്‍ താഴ്‌ത്തി വ്യോമസേന ഇയാളെ കയറ്റിയിരുന്നു. കോപ്ടറില്‍ പ്രവേശിച്ചശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്നായി ജോബിയുടെ ചോദ്യം. തിരുവനന്തപുരത്തേക്കാണെന്ന് അറിയിച്ചപ്പോള്‍, രക്ഷപ്പെടുകയായിരുന്നില്ല ലക്ഷ്യമെന്നും ഹെലികോപ്‌ടറില്‍ കയറണമെന്ന ആഗ്രഹം കൊണ്ടാണ് കൈവീശിയതെന്നും ഇയാള്‍ പറഞ്ഞു. ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരേ വ്യോമസേനാ ഉദ്യോഗസ്ഥര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, സുഹൃത്തുക്കളുമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വ്യോമസേന ആവശ്യപ്പെട്ടതനുസരിച്ചാണ് ഹെലികോപ്ടറില്‍ കയറിയതെന്നും തിരുവനന്തപുരത്തേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോഴാണ് എന്നെ രക്ഷിക്കുകയായിരുന്നു എന്ന് മനസിലായതെന്നും തനിക്കെതിരേ വ്യാജപ്രചാരണം നടത്തുകയാണെന്നും വിശദീകരിച്ച്‌ ജോബി സാമൂഹ്യമാദ്ധ്യമത്തില്‍ വീഡിയോ ഇട്ടു.രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയ ജോബി നാട്ടില്‍ തിരിച്ചെത്തി നല്ലപിള്ള ചമയുന്ന വീഡിയോ പ്രചരിപ്പിച്ചതിന് മറുപടി നല്‍കേണ്ടത് അത്യാവശ്യമാണെന്ന് സൈനികവക്താവിന്റെ കുറിപ്പില്‍ പറയുന്നു. ആക്കുളത്തെ ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച്‌ ശംഖുംമുഖം എയര്‍ ഫോഴ്സ് സ്റ്റേഷന്‍ ടെക്നിക്കല്‍ ഏരിയയില്‍ നിന്നും പുറപ്പെടുന്ന ഹെലികോപ്ടറുകള്‍ ജില്ലാഭരണകൂടവും ദുരന്തനിവാരണ അതോറിട്ടിയും നല്‍കുന്ന വിവരപ്രകാരമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രായമായവര്‍, രോഗികള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ രക്ഷിക്കാനാണ് ഹെലികോപ്ടറുകളുടെ മുന്‍ഗണന. ദുരന്തമുഖത്ത് എത്തുന്ന ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന് എന്താണ് ആവശ്യം എന്ന് ദുരന്തബാധിതരോട് ആംഗ്യഭാഷയില്‍ ചോദിക്കും. ഭക്ഷണം ആവശ്യപ്പെട്ടാല്‍ ഭക്ഷണ ചാക്ക് താഴേയ്ക്ക് എറിഞ്ഞു കൊടുക്കും. ‘കൂടെ പോരുന്നോ ‘ എന്ന് ആംഗ്യ ഭാഷയില്‍ ചോദിക്കും. ‘പോരുന്നു’ എന്ന് ആംഗ്യഭാഷയില്‍ മറുപടി കിട്ടിയാല്‍ മാത്രമേ വ്യോമസേനാംഗം താഴേയ്ക്ക് ഇറങ്ങി ആളുകളെ കോപ്ടറില്‍ കയറ്റൂ. ജീവന്‍രക്ഷാദൗത്യം നടത്തിയ ഹെലികോപ്ടര്‍ സംഘത്തിനും ദുരന്തമേഖലയില്‍ കുടുങ്ങിയവര്‍ക്കും ആംഗ്യഭാഷ മനസിലായെങ്കിലും ജോബിക്കു മാത്രം മനസിലായില്ലെന്നത് ആശ്ചര്യമാണ്. ഇംഗ്ളീഷ് മാദ്ധ്യമങ്ങളിലെ രണ്ട് ജേര്‍ണലിസ്റ്റുകളുമായി പോയ എം.ഐ-17വി5 ഹെലികോപ്ടറാണ് ജോബി വ്യോമയാത്രാ സ്വപ്നം നിറവേറാന്‍ ഉപയോഗിച്ചത്. നാടകങ്ങള്‍ക്ക് മാദ്ധ്യമപ്രവര്‍ത്തകര്‍ സാക്ഷികളുമാണ്. രക്ഷാദൗത്യത്തിന് തടസമുണ്ടാക്കിയെങ്കിലും ജോബിക്കെതിരേ നിയമനടപടിയെടുക്കാതെ സര്‍ക്കാരിന്റെ ക്യാമ്ബിലേക്ക് വിടുകയാണ് വ്യോമസേന ചെയ്തത്. എന്നാല്‍ ഇനിയും അസത്യം പ്രചരിപ്പിച്ചാല്‍ കൃത്യനിര്‍വഹണത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതിന് ജോബിജോയ് മറുപടി പറയേണ്ടിവരും. നിയമനടപടി നേരിടേണ്ടി വരികയും ചെയ്തേക്കാം എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു- സൈനിക വക്താവ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments