Friday, April 19, 2024
HomeNationalവിദ്യാര്‍ഥിനികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വഴിതടഞ്ഞു

വിദ്യാര്‍ഥിനികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വഴിതടഞ്ഞു

സ്വന്തം മണ്ഡലമായ വാരാണസിയിലേക്ക് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വഴിതടഞ്ഞ് വിദ്യാര്‍ഥിനികള്‍ പ്രതിഷേധിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാലാ വിദ്യാര്‍ഥിനികളാണ് മോഡിയെത്തുന്നതിന് മണിക്കുറിനുമുമ്പ് റോഡ് ഉപരോധിച്ച് സുരക്ഷാസേനയെ ഞെട്ടിച്ചത്. കോളേജില്‍ ചില വിദ്യാര്‍ഥിനികള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

കഴിഞ്ഞദിവസം ഫൈന്‍ ആര്‍ട്സ് വിഭാഗത്തിലെ വിദ്യാര്‍ഥിനിയെ ബിഎച്ച്യു ക്യാമ്പസിനകത്തുവച്ച് അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. ക്യാമ്പസിലെ കലാഭവന് സമീപത്തുവച്ചാണ് മൂന്ന് വിദ്യാര്‍ഥികള്‍ ഉപദ്രവിച്ചത്. സഹായത്തിനായി പെണ്‍കുട്ടി നിലവിളിച്ചെങ്കിലും 20 മീറ്റര്‍ അകലെയുണ്ടായിരുന്ന സുരക്ഷാജീവനക്കാര്‍ എത്തിയില്ലെന്നും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡനും ചീഫ് പ്രൊട്ടക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രധാനമന്ത്രി വരുന്ന റോഡ് ഉപരോധിച്ച് ധര്‍ണ സംഘടിപ്പിച്ചത്.

ഇതിനുമുമ്പും സമാനമായ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ഥിനികള്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപമെത്തി ചില വിദ്യാര്‍ഥികള്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും പരാതി നല്‍കുമെന്ന് പറയുമ്പോള്‍ ബലാത്സംഗം ചെയ്യുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.

ഇതിനെതിരെ കോളേജ് ഹോസ്റ്റല്‍ അധികൃതര്‍ക്ക് പരാതി നല്‍കുമ്പോള്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ആറിനുശേഷം ഹോസ്റ്റലില്‍നിന്ന് പുറത്തിറങ്ങേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അധികൃതരുടെ ഇത്തരം നടപടികളിലൂടെ വ്യക്തമാകുന്നത് ഒരുതരത്തിലുള്ള സ്വാതന്ത്യ്രവും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ ഇല്ലെന്നതാണ്- ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥിനിയായ പല്ലവി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments