2640 ലഹരി ഗുളികകളുമായി ഒരാൾ പോലീസ് പിടിയിൽ

drugs

വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വില്പനയ്ക്കായി കൊണ്ടു വന്ന 2640 ട്രമഡോള്‍ ലഹരി ഗുളികകളുമായി ഗോവിന്ദപുരം പിലാക്കാട്ട് സ്വദേശി വിഷ്ണുപ്രസാദ് ( 28) നെ നടക്കാവ് പൊലീസും കോഴിക്കോട് ജില്ല ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്റില്‍ നിന്നും പിടികൂടി. യുവാക്കള്‍ക്കിടയില്‍ എസ്‌പി എന്ന ഓമന പേരിലറിയപ്പെടുന്ന സ്പാസ്‌മോ പൊക്രാന്‍ പ്ലസ് ക്യാപ്‌സ്യൂളുകള്‍ കോഴിക്കോട് നഗരത്തിലെ വിദ്യാര്‍ത്ഥികളും ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന യുവതീ യുവാക്കളുമാണ് പ്രധാനമായും ഉപയോഗിച്ച്‌ വരുന്നത്. ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ തിരിച്ചറിയാന്‍ പറ്റുന്ന രീതിയിലുള്ള ഗന്ധമോ മറ്റോ ഇല്ലാത്തതിനാല്‍ ഇത്തരം ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ വളരെ പ്രയാസമാണ്. ചെറിയ അളവില്‍ ഉപയോഗിച്ച്‌ തുടങ്ങുന്ന പലരും ചെറിയ കാലയളവിനുള്ളില്‍ തന്നെ ഈ ലഹരിക്ക് അടിമപ്പെടാറുണ്ട്. കഠിനമായ വേദന സംഹാരിയായ സ്പാസ്‌മോ പൊക്രാന്‍ പ്ലസ് ക്യാപ്‌സ്യൂള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ഈ ലഹരി ഉപയോഗിക്കാതിരിക്കുമ്ബോള്‍ ശരീരവേദനയും വിഷാദവും പോലുള്ള വൈഷമ്യങ്ങള്‍ ഉണ്ടാവാറുണ്ട്. ഒരു ദിവസം 24 ക്യാപ്‌സ്യൂള്‍ വരെ ഉപയോഗിക്കുന്ന നിരവധി യുവാക്കള്‍ കോഴിക്കോട് ഉള്ളതായി പൊലീസ് അറിയിച്ചു.മുന്‍പ് നിരോധിത മരുന്നുകളുടെ പട്ടികയില്‍ ഇല്ലാതിരുന്ന ട്രമഡോള്‍ കഴിഞ്ഞ ഏപ്രില്‍ 26 മുതല്‍ ആണ് വീണ്ടും നിരോധിത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് മുതല്‍ കോഴിക്കോട് ട്രമഡോള്‍ അടങ്ങിയ ലഹരി ഗുളികകളുമായി അഞ്ച് പേര്‍ ഇതു വരെ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. 24 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പിന് 138 രൂപയാണ് മെഡിക്കല്‍ ഷോപ്പിലെ വില. നിരോധിത മരുന്നായതിനാല്‍ സ്ട്രിപ്പിന് 500 രൂപയ്ക്കാണ് വില്പന നടത്തുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഈ ഗുളിക ഉപയോഗിച്ചു വരുന്ന വിഷ്ണുപ്രസാദ് തനിക്ക് ലഹരി ഉപയോഗിക്കാന്‍ ആവശ്യമായ പണം കണ്ടെത്തുന്നതിനും അമിത ആദായത്തിനുമാണ് ലഹരിവില്പനയിലേക്ക് കടന്നതെന്നും കര്‍ണാടകയിലെ മൈസൂരു, ബംഗളുരു, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം ലഹരി കേരളത്തിലേക്ക് എത്തുന്നതെന്നും ലഹരി ഉപയോഗത്തിലൂടെ ഓണം ബക്രീദ് അവധി ആഘോഷിക്കുന്ന ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് വിഷ്ണുപ്രസാദ് ഇത്തവണ ഇത്രയധികം കാപ്‌സ്യൂളുകള്‍ കോഴിക്കോടെത്തിച്ചതെന്നും പൊലീസ് പറഞ്ഞു. നടക്കാവ് എസ്‌ഐ എസ്.സജീവിന്റെ നേതൃത്വത്തില്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ബാബു.ടി.കെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ പൃഥ്വിരാജന്റെ നേതൃത്വത്തിലുള്ള ജില്ല ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളായ എഎസ്‌ഐ മുനീര്‍, സീനിയര്‍ സി.പി.ഒമാരായ മുഹമ്മദ് ഷാഫി.എം, രാജീവ്.കെ, സജി.എം ,സി പി ഒ മാരായ അഖിലേഷ്.കെ, നവീന്‍.എ, ജോമോന്‍ കെ.എ, സോജി.പി,രതീഷ്.കെ, രജിത്ത്ചന്ദ്രന്‍, ജിനേഷ്.എം, സുമേഷ്.എ.വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു