റെയിൽവേസ്റ്റേഷനു മുന്നിൽ യുവതിയെ മാനഭംഗപ്പെടുത്തി; ജനം നോക്കി നിന്നു

vishakapattanam rape

∙ജനം നോക്കി നിന്നു. റെയിൽവേ സ്റ്റേഷനു മുന്നിൽ യുവതിയെ മദ്യപന്‍ മാനഭംഗപ്പെടുത്തി. മാനസിക പ്രശ്‌നം നേരിടുന്ന യുവതിയാണ് പീഡനത്തിനിരയായത്. വിശാഖപട്ടണത്തിലുള്ള റെയിൽവേ സ്റ്റേഷനു മുന്നിലാണ് ക്രൂരമായ സംഭവം നടന്നത്. തെരുവിൽ കഴിഞ്ഞ യുവതിക്ക് നേരെ പട്ടാപ്പകൽ പീഡനമുണ്ടായിട്ടും ആരും സഹായിക്കാനെത്തിയില്ല.

എന്നാൽ സമീപത്തു കൂടി പോകുകയായിരുന്ന ഓട്ടോഡ്രൈവർ സംഭവത്തിന്റെ വിഡിയോ പകർത്തി പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പ്രതിയെ പൊലീസ് പിടികൂടി. വിവരം ലഭിച്ച് മിനിറ്റുകൾക്കകം സംഭവസ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു.

ഗൻജി ശിവ എന്നു പേരുള്ള ഇയാൾക്കെതിരെ ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മദ്യപൻ യുവതിയെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടു. ന്യൂ റെയില്‍വേ കോളനിയില്‍ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം.

റോഡരികിൽ ഒരു മരത്തിന്റെ മറവിലായിരുന്നു യുവാവായ പ്രതിയുടെ അക്രമം. രണ്ടു ദിവസം മുൻപ് യുവതി വീട്ടുകാരോട് വഴക്കിട്ട് വീടു വിട്ട് പുറത്തിറങ്ങിയതാണെന്നു പൊലീസ് പറഞ്ഞു. രണ്ടു ദിവസമായി ഇവർ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. റോഡരികിൽ തളർന്നു കിടക്കുമ്പോഴാണ് യുവാവ് മാനഭംഗപ്പെടുത്തിയതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

യുവാവിനെ പ്രതിരോധിക്കാൻ പോലും യുവതിക്കു സാധിച്ചില്ല. അതേസമയം കൺട്രോൾ റൂമിലേക്ക് ഈ സംഭവം അറിയിച്ചു കൊണ്ട് കുറഞ്ഞത് ആറു ഫോൺവിളികളെങ്കിലും എത്തിയിരുന്നതായി പൊലീസ് പറയുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ മാനഭംഗക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്.