ജി.എസ്.ടി = ‘ഗബ്ബാർ സിങ് ടാക്സ്’ : രാഹുൽ ഗാന്ധി

rahul

ജി.എസ്.ടി, ഗുജറാത്ത് വിഷയങ്ങളിൽ ബിജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ജി.എസ്.ടിയെ ‘ഗബ്ബാർ സിങ് ടാക്സ്’ എന്ന് വിളിക്കാമെന്ന് രാഹുൽ പറഞ്ഞു. അഹമ്മദാബാദിൽ നടന്ന പടുകൂറ്റൻ റാലിയിൽ സംസാരിക്കവെയാണ് രാഹുൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ ആഞ്ഞടിച്ചത്.

ഗുജറാത്തിലെ യുവാക്കൾ അസംതൃപ്തരെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യുവാക്കൾക്ക് തൊഴിൽ നൽകാൻ ബി.ജെ.പി സർക്കാറിന് സാധിക്കുന്നില്ല. ഗുജറാത്തിലെ പ്രതിഷേധത്തിന്‍റെ ശബ്ദം വിലക്കു വാങ്ങാൻ നരേന്ദ്ര മോദിക്ക് സാധിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി.

യുവാക്കൾ, കർഷകർ എന്നിവരുടെ സർക്കാരാണെന്നാണ് ബി.െജ.പിയുടെ അവകാശവാദം. എന്നാൽ, യുവാക്കളുടെ പ്രതിനിധികളാവാൻ ബി.ജെ.പിക്ക് സാധിച്ചില്ല. കർഷകരുടെ ഭൂമി വൻകിട വ്യവസായികൾക്കായി സർക്കാർ തട്ടിയെടുത്തെന്നും രാഹുൽ കുറ്റപ്പെടുത്തി.

തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയാണ് ഗുജറാത്തിലെ ജനങ്ങൾ ആവശ്യപ്പെടുന്നതെന്നും രാഹുൽ വ്യക്തമാക്കി. സദാസമയവും മോദി സെൽഫി എടുക്കാൻ സ്വിച്ച് അമർത്തുന്നു. എന്നാൽ, ചൈന രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നുവെന്നും രാഹുൽ പറഞ്ഞു.