Thursday, April 18, 2024
HomeKeralaമുഖ്യമന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് പി.എസ് ശ്രീധരന്‍ പിള്ള

മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് പി.എസ് ശ്രീധരന്‍ പിള്ള

പരാജയപ്പെട്ടവന്റെ രോദനമാണ് മുഖ്യമന്ത്രിയുടെ വാക്കില്‍ കൂടി കേരളം ശ്രവിച്ചതെന്ന് പി.എസ് ശ്രീധരന്‍ പിള്ള. ശബരിമലയില്‍ മുഖ്യമന്ത്രിക്ക് വിജയിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ശബരിമലയുടെ അടിസ്ഥാനമായ പിതൃസ്ഥാനം തന്ത്രിക്കാണ്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ പുതിയ തന്ത്രിയായി അവതരിക്കാനാണ് ശ്രമിക്കുന്നത്. അത് സാധിക്കില്ലെന്ന് മുഖ്യമന്ത്രിയോട് പറയാന്‍ ആഗ്രഹിക്കുന്നു. ശബരിമല തന്ത്രി സര്‍ക്കാരിന്റെയോ ദേവസ്വംബോര്‍ഡിന്റെയോ കീഴുദ്യോഗസ്ഥനല്ല. ഒരു രൂപ പോലും ശമ്പളമായി കൈപ്പറ്റുന്നില്ല. ഒരു സര്‍വീസ് റൂളും അദ്ദേഹത്തിന് ബാധകമല്ല. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടുമില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. മനുഷ്യരില്‍ രൂഡമൂലമായ വിശ്വാസത്തിന്റെ അന്തസത്തയെ കണക്കിലെടുത്ത് നല്ല ഭരണാധിപനായി പെരുമാറാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താന്‍ ശ്രമിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല ദര്‍ശനത്തിനായി വന്ന യുവതികളുടെ കാര്യത്തില്‍ ദുരൂഹതയുണ്ട്. നിഗൂഡതകളിലൂടെ വിശ്വാസികളെയും ശബരിമലയേയും തകര്‍ക്കാന്‍ ഭരണകൂടം ശ്രമിച്ചത് ദയനീയമായി പരാജയപ്പെട്ടു. പാളയത്തില്‍ പോലും പടയുണ്ടെന്ന് ബോധ്യമായ ഒരു പാര്‍ട്ടി അതില്‍ നിന്ന് രക്ഷപ്പെടാന്‍ നെട്ടോട്ടമോടുകയാണ്. അവരെടുത്ത നിലപാടില്‍ തെറ്റുണ്ടെന്ന് മനസിലായതിനാലാണ് ഈ പരക്കം പാച്ചില്‍.

ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് സംഘപരിവാര്‍ പ്രസ്താനങ്ങളാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. കുഴപ്പങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്‌എസ് എന്ന് പറയാന്‍ എന്ത് തെളിവാണുള്ളത്. അങ്ങനെയെങ്കില്‍ ധൈര്യമുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments