Friday, April 19, 2024
HomeNationalപ്രധാനമന്ത്രിയുടെ സ്‌മാർട്ട്‌ സിറ്റീസ്‌ മിഷനിൽ വൻ അഴിമതിയെന്ന് ഐഎഎസ്‌ ഉദ്യോഗസ്ഥന്റെ ആരോപണം

പ്രധാനമന്ത്രിയുടെ സ്‌മാർട്ട്‌ സിറ്റീസ്‌ മിഷനിൽ വൻ അഴിമതിയെന്ന് ഐഎഎസ്‌ ഉദ്യോഗസ്ഥന്റെ ആരോപണം

പ്രധാനമന്ത്രിയുടെ സ്‌മാർട്ട്‌ സിറ്റീസ്‌ മിഷനിൽ ഇന്ത്യൻ കമ്പനികളെ അവഗണിച്ച്‌ അമേരിക്കൻ കമ്പനികൾക്ക്‌ കരാറുകൾ നൽകുന്നതിനു പിന്നിൽ വൻ അഴിമതിയെന്ന് സീനിയർ ഐഎഎസ്‌ ഉദ്യോഗസ്ഥന്റെ ആരോപണം. ബഹുരാഷ്ട്ര കൺസൾട്ടൻസിയായ കെപിഎംജിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കയച്ച കത്തിലാണ്‌ ഐഎഎസ്‌ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. പേരുവെളിപ്പെടുത്തുന്നില്ലെങ്കിലും കേന്ദ്രസർക്കാരിൽ ഡയറക്ടർ പദവി വഹിക്കുന്ന ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌ താൻ എന്ന്‌ കത്തിൽ പറയുന്നുണ്ട്‌. ലോകത്തിലെ ആദ്യ നാല്‌  ഫിനാൻഷ്യൽ കൺസൾട്ടൻസി നെറ്റ്‌വർക്കുകളിൽ ഒന്നാണ്‌ നെതർലാൻഡ്‌സ്‌ ആസ്ഥാനമായ കെപിഎംജി. ഈ കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ അഴിമതി ആരോപിക്കുന്ന ഉദ്യോഗസ്ഥൻ ഇതിനു തെളിവായി ദുരൂഹമായ നിരവധി സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ സുപ്രധാന കരാറുകൾ അന്താരാഷ്ട്ര കമ്പനികൾക്ക്‌ നൽകാനായി സ്വാധീനം ഉപയോഗിക്കുന്നതായും കത്തിൽ ആരോപിക്കുന്നു. ബരാക് ഒബാമ പ്രസിഡന്റായിരിക്കുമ്പോൾ അമേരിക്കൻ സർക്കാരിൽ യുഎസ്‌ ആൻഡ്‌ ഫോറിൻ കൊമേഴ്‌സ്‌ സർവീസിന്റെ ഡയറക്ടർ ജനറൽ ആയിരുന്ന അരുൺ കുമാറാണ്‌ ഇപ്പോൾ കെപിഎംജി ഇന്ത്യയുടെ മേധാവി. ഇദ്ദേഹം അമേരിക്കൻ പൗരനാണ്‌. ഇയാൾ പ്രധാനമന്ത്രിയുടെ സ്‌മാർട്ട്‌ സിറ്റീസ്‌ മിഷൻ പദ്ധതിയിലടക്കം അമേരിക്കൻ കമ്പനികൾക്ക്‌ കരാറുകൾ നേടിക്കൊടുക്കാൻ സ്വാധീനം ഉപയോഗിക്കുന്നായും ആരോപണമുണ്ട്‌. ഇത്‌ ഇന്ത്യൻ കമ്പനികളുടെ അവസരവും ഇന്ത്യക്കാരുടെ തൊഴിലവസരങ്ങളും ഇല്ലാതാക്കുന്നു. കമ്പനിക്ക്‌ അനുകൂലമായ നടപടി സ്വീകരിക്കുന്നതിനുള്ള ഉപകാര സ്മരണയായി ഐഎഎസ് ഉദ്യോഗസ്ഥരുടെ മക്കൾക്കും ബന്ധുക്കൾക്കും കമ്പനിയിൽ ജോലി നൽകുന്നുവെന്നും കത്തിൽ പറയുന്നു. ഇക്കാര്യങ്ങൾ അന്വേഷിച്ച്‌ നടപടിയെടുക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട്‌ ഐഎഎസ്‌ ഉദ്യോഗസ്ഥൻ കത്തിലൂടെ ആവശ്യപ്പെടുന്നു.  കമ്പനിയിലെ ഉന്നത പദവിയിൽ ബന്ധുക്കളുള്ള ഒൻപത്‌ സീനിയർ ഉദ്യോഗസ്ഥരുടെ വിവരങ്ങളും കത്തിലുണ്ട്‌. ഇതിൽ പലരും കേന്ദ്ര സർക്കാർ സുപ്രധാന സ്ഥാനങ്ങളിൽ അവരോധിച്ചവരാണ്‌. മോഡിയുടെ സ്‌മാർട്ട്‌ സിറ്റീസ്‌ മിഷനിൽ പ്രധാന ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനും ഈ ലിസ്റ്റിലുണ്ട്‌. ബഹുരാഷ്‌ട്ര കമ്പനികളിൽ ഇങ്ങനെ ജോലി തരപ്പെടുത്തുന്നത്‌ 40 കോടി രൂപയിൽ കുറയാത്ത കൈക്കൂലി നൽകുന്നതിനു തുല്യമാണെന്നും കത്തിൽ പറയുന്നു.ഒരു ഉദ്യോഗസ്ഥന്‌ കമ്പനി നേരിട്ട്‌ കോഴ വാഗ്ദാനം ചെയ്‌തതായും കത്തിൽ സൂചിപ്പിക്കുന്നു. ഉദ്യോഗസ്ഥൻ ഇത്‌ നിരസിച്ചെങ്കിലും കമ്പനിയുടെ അനുയായികളായ സീനിയർ ഉദ്യോഗസ്ഥരുടെ പ്രതികാരനടപടികൾ ഭയന്ന്‌ ഇത് റിപ്പോർട്ട്‌ ചെയ്യാൻ തയ്യാറായില്ല. കത്തിൽ സൂചിപ്പിക്കുന്ന വിഷയങ്ങളിലെ അഴിമതി സംബന്ധിച്ച്‌ അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണഴമന്ന്‌ ആവശ്യപ്പെട്ടുകൊണ്ടാണ്‌ കത്ത്‌ അവസാനിക്കുന്നത്‌.  ഐഎഎസ്‌ ഉദ്യോഗസ്ഥന്റേതായി പുറത്തുവന്ന കത്തിലെ ആരോപണങ്ങൾ വളരെ ഗുരുതരമാണ്‌. കത്തിനെക്കുറിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം തേടിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ്‌ ഇത്‌ വാർത്തയാക്കിയ കാരവൻ മാഗസിൻ റിപ്പോർട്ട്‌ ചെയ്യുന്നത്‌. കെപിഎംജി കൺസൾട്ടൻസി ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments