Friday, March 29, 2024
HomeKeralaക്ഷയ രോഗബാധിരായ ദമ്പതികളെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതിൽ നടപടി : മുഖ്യമന്ത്രി

ക്ഷയ രോഗബാധിരായ ദമ്പതികളെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതിൽ നടപടി : മുഖ്യമന്ത്രി

വൃദ്ധ ദമ്പതികളെ വീട്ടില്‍ നിന്നും ഇറക്കിവിട്ട സംഭവത്തിൽ ബാങ്ക് അധികൃതരുടെ നടപടി ഒരിക്കലും നീതീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃപ്പൂണിത്തുറയില്‍ ക്ഷയ രോഗം ബാധിച്ചു അവശത അനുഭവിക്കുന്ന ദമ്പതികളെ പൊലീസ് സഹായത്തോടെ ബാങ്ക് അധികൃതര്‍ ഇറക്കിവിടുകയായിരുന്നു. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി, ഇറക്കിവിട്ട വീട്ടില്‍ തന്നെ ഇവരെ താമസിപ്പിക്കുമെന്നും അറിയിച്ചു. ദമ്പതികള്‍ക്ക് ആഹാരം ലഭ്യമാക്കാനും കലക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നും ഇറക്കിവിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഇവരെ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു.

ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ രംഗത്ത് വന്ന മുഖ്യമന്ത്രി ഇവരെ ഇന്ന് തന്നെ തിരികെ വീട്ടിലെത്തിക്കാൻ കളക്‌ടറോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് കളക്‌ടർ നടത്തിയ ചർച്ചയിൽ ഇവരെ മൂന്ന് മാസത്തേക്ക് ഇവിടെ താമസിപ്പിക്കാനും ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കാമെന്നും ധാരണയായിരുന്നു. പിന്നീടാണ് റവന്യൂ വകുപ്പിന്റെ വാഹനത്തിൽ എറണാകുളം ജില്ലാ ആശുപത്രിയിൽ നിന്നും ഇവരെ വീട്ടിലെത്തിച്ചത്.

തൃപ്പൂണിത്തറ ഹൗസിംഗ് കോർപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും ഏഴ് വർഷം മുമ്പാണ് ഇവർ ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്. അതിന് ശേഷം ദമ്പതികൾ അസുഖ ബാധിതരായതിനെ തുടർന്ന് തുക തിരിച്ചടക്കുന്നത് മുടങ്ങി. പലിശയടക്കം 2,70000 രൂപ ഇവർ തിരിച്ചടക്കണം. ഇത് അടയ്‌ക്കാത്തതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ബാങ്ക് ജപ്‌തി നടപടികൾ പൂർത്തിയാക്കുകായിരുന്നു. ഇവരുടെ പേരിലുള്ള രണ്ട് സെന്റ് ഭൂമിയും വീടും അഞ്ച് ലക്ഷം രൂപയ്‌ക്കാണ് ലേലം ചെയ്‌തത്. തുടർന്ന് സ്ഥലം ലേലത്തിൽ പിടിച്ചയാൾ പൊലീസ് സഹായത്തോടെ വൃദ്ധദമ്പതികളെ വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു.

അതിനിടെ ആയിരം ചതുരശ്രയടിയിൽ താഴെ കിടപ്പാടമുള്ളവരുടെ വീടും ഭൂമിയും ജപ്‌തി ചെയ്യില്ലെന്ന പ്രമേയം കഴിഞ്ഞ ദിവസം നിയമസഭയിൽ പാസാക്കിയതിന്‌ പിന്നാലെ നടന്ന സംഭവം ഏറെ വിവാദമായിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇടപെട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments