Tuesday, March 19, 2024
HomeCrimeഫ്രാങ്കോയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചവരും കുടുങ്ങും

ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചവരും കുടുങ്ങും

കന്യാസ‌്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച സഹായികളും കുടുങ്ങും. പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ‌്തവര്‍ ഉടന്‍ പിടിയിലാകും. ഇതു സംബന്ധിച്ച‌് കുറവിലങ്ങാട‌് സ‌്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ‌്ത കേസുകളില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാനും പ്രതികളെ അറസ്റ്റുചെയ്യാനും ജില്ലാ പൊലീസ‌് മേധാവി ഹരിശങ്കര്‍ നിര്‍ദേശം നല്‍കി. സിഎംഐ സഭയിലെ ഫാ. ജെയിംസ‌് എര്‍ത്തയില്‍, ജലന്ധര്‍ രൂപതയുടെ കീഴിലുള്ള മിഷനറീസ‌് ഓഫ‌് ജീസസിന്റെ കൗണ്‍സിലര്‍ സിസ്റ്റര്‍ അമല, തോമസ‌് എന്നിവര്‍ക്കെതിരെയാണ‌് അന്വേഷണം. അന്വേഷണത്തോട‌് ഫ്രാങ്കോ സഹകരിക്കാത്ത സാഹചര്യംകൂടി പരിഗണിച്ചാണ‌് ശക്തമായ നടപടിയിലേക്ക‌് നീങ്ങുന്നത‌്. കേസിലെ പ്രധാന സാക്ഷിയും ഇരയായ കന്യാസ‌്ത്രീയോടൊപ്പം കുറവിലങ്ങാട‌് മഠത്തിലെ താമസക്കാരിയുമായ സിസ്റ്റര്‍ അനുപമയോട‌് ഫാ. ജെയിംസ‌് ഭീഷണി സ്വരത്തില്‍ സംസാരിച്ചിരുന്നു. കേസില്‍നിന്ന‌് പിന്മാറിയാല്‍ പരാതിക്കാരിക്കും ഒപ്പമുള്ള അഞ്ച‌് കന്യാസ‌്ത്രീകള്‍ക്കും കാഞ്ഞിരപ്പള്ളി രൂപതയില്‍പ്പെട്ട റാന്നിയിലോ ഏരുമേലിയിലോ പത്തേക്കര്‍ സ്ഥലം വാങ്ങി മഠം നിര്‍മിച്ചുനല്‍കാമെന്ന‌് വാഗ‌്ദാനംചെയ‌്തു. ഇതില്‍ ഫാ. എര്‍ത്തയിലിനെ പ്രതിചേര്‍ത്ത‌് കുറവിലങ്ങാട‌് പൊലീസ‌് കേസെടുത്തിരുന്നു. കന്യാസ‌്ത്രീയുടെ ചിത്രം സഹിതം പ്രസ‌്താവനയിറക്കിയ സിസ്റ്റര്‍ അമലയ‌്ക്കെതിരെ കേസെടുത്തിട്ടുണ്ട്. മഠത്തിലെ തൊഴിലാളിയായ പിന്റുവിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ‌് തോമസ‌് എന്നയാള്‍ക്കെതിരെ കേസുള്ളത‌്. ഇതിനുപുറമെ കന്യാസ‌്ത്രീയുടെ സഹോദരന‌് അഞ്ചുകോടി രൂപ വാഗ‌്ദാനം ചെയ‌്ത‌് കേസില്‍നിന്ന‌് പിന്മാറ്റാന്‍ ചിലര്‍ ശ്രമിച്ചതായി അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട‌്. ബിഷപ്പ‌് ഫ്രാങ്കോ മുളയ‌്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ ഇരയെ അപായപ്പെടുത്താനും ശ്രമം നടന്നു. കന്യാസ‌്ത്രീയും കേസിലെ പ്രധാന സാക്ഷിയായ അനുപമയും മറ്റും താമസിക്കുന്ന മഠത്തിലെ അന്യസംസ്ഥാന തൊഴിലാളിയെ ഇതിനായി ചിലര്‍ സമീപിച്ചു. ഇതുസംബന്ധിച്ച പരാതിയില്‍ കുറവിലങ്ങാട‌് പൊലീസ‌് കേസെടുത്തിട്ടുണ്ട‌്. കുറവിലങ്ങാട‌് നാടുകുന്നില്‍ റബര്‍ തോട്ടത്തിനു നടുവില്‍ ആള്‍താമസം കുറഞ്ഞ, ഒറ്റപ്പെട്ട സ്ഥലത്താണ‌് സെന്റ‌് ഫ്രാന്‍സിസ‌് മിഷന്‍ ഹോം. കന്യാസ‌്ത്രീകളും ഏതാനും സഹായികളും മാത്രമാണ‌് ഇവിടെയുള്ളത‌്. ഇരയുടെയും ഒപ്പമുള്ളവരുടെയും നീക്കം നിരീക്ഷിച്ച‌് അറിയിക്കണമെന്നും ഇവര്‍ സഞ്ചരിക്കുന്ന ഇരുചക്ര വാഹനത്തിന്റെ ബ്രേക്ക‌് തകരാറിലാക്കണമെന്നുമായിരുന്നു ആവശ്യം. കഴിഞ്ഞ 13 നാണ‌് സംഭവം. ബിഷപ്പിന്റെ ബന്ധുവായ വൈദികന്റെ സഹോദരന്‍ തോമസ‌് എന്നയാളാണ‌് മഠത്തിലെ തൊഴിലാളിയും അന്യസംസ്ഥാനക്കാരനുമായ പിന്റുവിനെ ഈ ആവശ്യവുമായി സമീപിച്ചത‌്. ഇതുസംബന്ധിച്ച കേസും അന്വേഷണ ഘട്ടത്തിലാണ‌്. സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസ‌് അട്ടിമറിക്കാന്‍ ശ്രമിച്ചതിനു പിന്നാലെയാണ‌് ഇരയെ വകവരുത്താനും ശ്രമം നടന്നത‌്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments