Friday, April 19, 2024
HomeKeralaപെണ്‍കുട്ടികളെ സമൂഹം ഉത്തരവാദിത്തത്തോടെ പരിഗണിക്കണം - മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

പെണ്‍കുട്ടികളെ സമൂഹം ഉത്തരവാദിത്തത്തോടെ പരിഗണിക്കണം – മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

പെണ്‍കുട്ടികളെ സമൂഹം ഉത്തരവാദിത്തത്തോടെ പരിഗണിക്കണമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. ദേശീയ ബാലികാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏതു മേഖലയിലും ഇടപെടാനും പ്രതികരിക്കാനും കഴിയുന്ന രീതിയില്‍ പെണ്‍കുട്ടികളെ വളര്‍ത്തണം. അവരെ ആക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനുമാകണം. ഒരു പെണ്‍കുട്ടിയെ വളര്‍ത്തുന്നതിനനുസരിച്ചാണ് അവളുടെ മാനസികാവസ്ഥ വളരുന്നത്. ദുര്‍ബലതയിലേക്ക് അവളെ തള്ളിയിടുന്നതിന് പകരം ഉള്ളില്‍ അവര്‍ക്കും ശേഷിയുണ്ട് എന്ന രീതിയില്‍ വളര്‍ത്തിയാല്‍ പുരുഷന്‍മാര്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കാനാവും. സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ ഇടപെട്ട് നേടിയെടുക്കാനാകണം. ഇപ്പോഴും ബാലവിവാഹങ്ങള്‍ കേരളത്തിലടക്കം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കൂടാതെ, ഉന്നതവിദ്യാഭ്യാസം നേടിയാലും ജോലിക്ക് വിടാതെ തളച്ചിടുന്ന അവസ്ഥയുമുണ്ട്. സ്ത്രീ സാമൂഹ്യ ഉത്തരവാദിത്വം ഏറ്റെടുക്കണം. കേരളത്തില്‍ ഒരു ബാലിക പോലും അടിച്ചമര്‍ത്തപ്പെടുകയോ ചൂഷണത്തിനിരയാകുകയോ ചെയ്യുന്നില്ല എന്നുറപ്പാക്കണം. സാമൂഹികനീതി വകുപ്പും ബാലാവകാശ കമ്മീഷനുമൊക്കെ ഇക്കാര്യത്തില്‍ മുന്നിലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭ കോശി അധ്യക്ഷത വഹിച്ചു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരുന്നു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും ഡയറക്ടര്‍ ടി.വി. അനുപമ നന്ദിയും പറഞ്ഞു. ദിനാചരണത്തോടനുബന്ധിച്ച് പെണ്‍കുട്ടികളുടെ സുരക്ഷ, ആരോഗ്യം, സ്വീകാര്യത, പോഷകാഹാരം, ശുചിത്വം, ശാക്തീകരണം, നിയമങ്ങള്‍ എന്നിവ ആസ്പദമാക്കി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ ‘ദീപ്തം ബാല്യം’ എന്ന മൊബൈല്‍ എക്‌സിബിഷന്റെ ഫ്‌ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. പെണ്‍കുട്ടികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് ‘പതിനെട്ട്’ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. കുട്ടികള്‍ അവതരിപ്പിച്ച ലഘുനാടകം, ഗോപിനാഥ് മുതുകാടുമായി സര്‍ഗസംവാദം എന്നിവയും നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments