തിരഞ്ഞെടുപ്പ് കമ്മിഷൻ സമൂഹമാധ്യമങ്ങളിലൂടെ സജീവമാകാൻ തീരുമാനിച്ചു

whatsapp facebook

സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടൽ ശക്തമാക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഫെയ്സ്ബുക്കിലും യൂട്യൂബിലും കൂടുതൽ സജീവമാകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ‘സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബ്’ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി. റാവത്തും തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുനിൽ അറോറയും അശോക് ലവാസയും ചേർന്നു പുറത്തിറക്കി. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അംഗപരിമിതരെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തോട് അനുബന്ധിച്ചാണ് സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബ് പുറത്തിറക്കിയത്. ഇന്റർനെറ്റിന്റെ ലോകത്ത് സമയം ചെലവഴിക്കുന്നവർക്കിടയിൽ കമ്മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എത്തിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഡയറക്ടർ ജനറൽ (കമ്യൂണിക്കേഷൻസ്) ധീരേന്ദ്ര ഓജ പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ ‘ഇന്ത്യ വോട്ട്സ്’ എന്ന പേരിൽ പ്രവാസി ഇന്ത്യക്കാർക്കായി ഒരു ഫെയ്സ്ബുക് പേജ് രൂപീകരിച്ചിരുന്നു. ചില പരിശീലന വിഡിയോകളും യൂട്യൂബിൽ ഇട്ടിരുന്നു. എന്നാൽ ഇനിമുതൽ ശക്തമായ ഇടപെടലുണ്ടാകുമെന്ന് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ മൈക്രോ – ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലെ അക്കൗണ്ട് രൂപീകരണം ‘പ്രത്യേക കാരണങ്ങളാൽ’ തൽക്കാലം വേണ്ടെന്നു വച്ചിരിക്കുകയാണെന്നും കമ്മിഷൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.