Tuesday, April 23, 2024
HomeInternationalവിദേശരാജ്യങ്ങള്‍ക്കു നല്‍കിയിരുന്ന സാമ്പത്തിക സഹായം വായ്‌പയാക്കി മാറ്റി; ട്രംപിന്‍റെ ബജറ്റ്

വിദേശരാജ്യങ്ങള്‍ക്കു നല്‍കിയിരുന്ന സാമ്പത്തിക സഹായം വായ്‌പയാക്കി മാറ്റി; ട്രംപിന്‍റെ ബജറ്റ്

പാക്കിസ്‌താന്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ക്കു നല്‍കിയിരുന്ന സാമ്പത്തിക സഹായം വായ്‌പയാക്കി മാറ്റി യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ ആദ്യ ബജറ്റ്‌. സൈനികോപകരണങ്ങള്‍ വാങ്ങാനായി നല്‍കിയിരുന്ന സാമ്പത്തിക സഹായങ്ങള്‍ വായ്‌പയാക്കി മാറ്റാന്‍ ബജറ്റില്‍ ട്രംപ്‌ നിര്‍ദേശിക്കുന്നു. അടുത്ത പത്തു വർഷത്തിനുള്ളിൽ സർക്കാർ ചെലവിനത്തി‍ൽ 3.6 ലക്ഷം കോടി ഡോളർ (234 ലക്ഷം കോടി ഇന്ത്യൻ രൂപ) വെട്ടിക്കുറയ്ക്കാനുള്ള നിർദേശങ്ങളാണു ബജറ്റിലുള്ളത്.ഇതുസംബന്ധിച്ച്‌ അന്തിമതീരുമാനമെടുക്കാന്‍ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

പാക്കിസ്‌താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു സൈനിക സഹായം നല്‍കുന്ന ഫോറിന്‍ മിലിട്ടറി ഫണ്ടിങ്‌(എഫ്‌.എം.എഫ്‌) പരിപാടി സാമ്പത്തിക വായ്‌പയാക്കി മാറ്റാനാണു ട്രംപിന്റെ നിര്‍ദേശമെന്നു വൈറ്റ്‌ഹൗസിലെ ബജറ്റ്‌ മാനേജ്‌മെന്റ്‌ ഓഫീസ്‌ ഡയറക്‌ടര്‍ മിക്‌ മല്‍വാനേ പറഞ്ഞു. സാമ്പത്തിക സഹായം നല്‍കുന്നത്‌ ഏതു രീതിയില്‍ വേണമെന്ന കാര്യത്തില്‍ രാജ്യതാല്‍പര്യം പരിഗണിച്ച്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസിന്റെ സ്വന്തം സൈനികാവശ്യങ്ങൾക്കു കൂടുതൽ പണം ചെലവഴിക്കുകയാണു ലക്ഷ്യം.

ഇസ്രയേല്‍, ഈജിപ്‌ത്‌ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള സൈനിക സഹായം ഗ്രാന്റ്‌ എന്ന രൂപത്തില്‍ തുടരാനാണു തീരുമാനം. ആണവായുധപദ്ധതികൾക്കുൾപ്പെടെ 60300 കോടി ഡോളറാണ് (39.19 ലക്ഷം കോടി ഇന്ത്യൻ രൂപ) പ്രതിരോധച്ചെലവിനത്തിൽ ബജറ്റി‍ൽ വകയിരുത്തിയിട്ടുള്ളത്. അതേസമയം, കാർഷികോൽപാദന രംഗത്ത് 4654 കോടി ഡോളർ വെട്ടിക്കുറച്ചിട്ടുമുണ്ട്.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെപ്പോലെ ധനമന്ത്രിമാര്‍ ബജറ്റ്‌ അവതരിപ്പിക്കുന്ന സമ്പ്രദായമല്ല അമേരിക്കയിലുള്ളത്‌. ബജറ്റ്‌ സംബന്ധിച്ച പ്രസിഡന്റിന്‍റെ നിര്‍ദേശങ്ങളുടെ പകര്‍പ്പ്‌ വൈറ്റ്‌ഹൗസ്‌ നല്‍കുകയാണു ചെയ്യുന്നത്‌. പ്രസിഡന്റിന്‍റെ ബജറ്റ്‌ നിര്‍ദേശങ്ങള്‍ ഇന്നലെ യു.എസ്‌. കോണ്‍ഗ്രസിനു മുമ്പാകെ സമര്‍പ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments