പീഡന കേസിൽ അറസ്റ്റിലായ യുവനടന് വാര്‍ത്ത കണ്ടപ്പോള്‍ ദേഹാസ്വാസ്ഥ്യം

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചക്കേസില്‍ അറസ്റ്റിലായ യുവനടന് വാര്‍ത്തകണ്ടപ്പോള്‍ ദേഹാസ്വാസ്ഥ്യം. ഇയാള്‍ക്കെതിരെ പോക്‌സോ നിയപ്രകാരമാണ് പോലീസ് കേസെടുത്തത്. സംഭവം പത്രങ്ങളില്‍ വാര്‍ത്തയായതോടെ പ്രതിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. ചെറുപുഴ പോലീസ്‌റ്റേഷന്‍ പരിധിയിലെ പതിനേഴുകാരിയെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പീഡിപ്പിച്ചക്കേസിലാണ് ചെറുപുഴ വയക്കര മഞ്ഞക്കാട്ടെ പിഎം അഖിലേഷ് മോന്‍ (19) എന്ന വൈശാഖിനെ പയ്യന്നൂര്‍ സി.ഐ എം.പി ആസാദ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. പ്രതിയെ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ലോക്കപ്പില്‍ കിടക്കുന്ന പ്രതിയ്ക്ക് പത്രം വായിക്കാന്‍ നല്‍കിയിരുന്നു. ഈ സമയം പ്രതി തന്റെ പീഡനവാര്‍ത്ത പത്രത്തില്‍ കണ്ടു. ഇതോടെയാണ് സംഭവം വാര്‍ത്തയായി എന്ന സത്യം പ്രതിയ്ക്ക് മനസിലായത്. തുടര്‍ന്ന് പ്രതി ലോക്കപ്പിനകത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളര്‍ന്ന് വീഴുകയായിരുന്നു. ഇത് കണ്ട് പരിഭ്രാന്തരായ പോലീസ് പ്രതിയെ ഉടന്‍തന്നെ വാഹനത്തില്‍ കയറ്റി പയ്യന്നൂര്‍ ഗവ: താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പ്രതിയുടെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെ പ്രതിയെ തിരികെ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത പ്രതി പെണ്‍കുട്ടിയെ തൃശൂരിലേയ്ക്കാണ് കൂട്ടിക്കൊണ്ടു പോയത്. പോകുന്നവഴി ട്രെയിനിലും ലോഡ്ജിലുമായിട്ടാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.