Friday, March 29, 2024
HomeKeralaജീവിക്കാന്‍ നിവൃത്തിയില്ലാതെ തെരുവുകള്‍ തോറും നടക്കുന്ന സുശീല

ജീവിക്കാന്‍ നിവൃത്തിയില്ലാതെ തെരുവുകള്‍ തോറും നടക്കുന്ന സുശീല

ആലപ്പുഴ കായംകുളം കൃഷ്ണപുരത്താണ് ജീവിക്കാന്‍ നിവൃത്തിയില്ലാതെ ഒരമ്മ മകന്റെ ചികിത്സക്കായി തെരുവുകള്‍ തോറും സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള കാര്‍‌ഡുമേന്തി നടക്കുന്നത്. കൃഷ്ണപുരം സ്വദേശിയായ സുശീലയാണ് നോവുന്ന കാഴ്ച്ചയായി മാറുന്നത്. മഴയും വെയിലും വകവയ്ക്കാതെ സുശീലയെന്ന അമ്മ തെരുവുകള്‍ നടന്നു തീര്‍ക്കുന്നത് തനിക്കും കുടുംബത്തിനും ഒരു നേരത്തെ അന്നത്തിനും ജീവിക്കാനുമായാണ്. സുശീലയുടെ ഭര്‍ത്താവ് 10 വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇരു വൃക്കകളും തകരാറിലായി മരണപ്പെട്ടിരുന്നു. കൂലിപ്പണിക്കാരനായിരുന്ന ഭര്‍ത്താവ് മരണപ്പെട്ടതോടെ അയല്‍ വീടുകളില്‍ പണിക്ക് പോയും മറ്റുമാണ് സുശീല തന്റെ തന്റെ മക്കളായ സുഭാഷിനെയും, വിഷ്ണുവിനെയും വളര്‍ത്തിയത്. ജീവിതത്തില്‍ സുശീല ഏറ്റെടുക്കാത്ത ജോലികളില്ല, ജീവിക്കാന്‍ അയല്‍ വീടുകളില്‍ പാത്രം കഴുകിയും, തൊഴിലുറപ്പ് പണിക്ക് പോയും ചുമടെടുത്തും പല ജോലികള്‍ സുശീല വര്‍ഷങ്ങളായി ചെയ്തു വരുന്നു. അച്ഛന്റെ ചികിത്സക്ക് മേടിച്ച പണം തിരിച്ചടക്കാനും മറ്റ് ബാധ്യതകള്‍ തീര്‍ക്കാനുമായി പഠനം ഉപേക്ഷിച്ച്‌ കൂലിപ്പണിക്ക് പോയിരുന്നവരാണ് മക്കളായ സുഭാഷും വിഷ്ണുവും .

അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്ന മഴനനയാതെ, സുരക്ഷിതമായി കഴിയാന്‍ ഒരു വീടെന്ന സ്വപ്നം കൃഷ്ണപുരത്ത് സ്വന്തമായുള്ള 2 സെന്റ് പുറമ്ബോക്കില്‍ വിഷ്ണുവും, സുഭാഷും സ്വരുക്കൂട്ടവെയാണ് വിധി വീണ്ടും ഇവരെ രോ​ഗത്തിന്റെ രൂപത്തില്‍ പരീക്ഷിക്കാനെത്തിയത്. 2017ലാണ് വിഷ്ണു വിവാഹിതനായത്. പ്ലസ്ടു വിദ്ധ്യാഭ്യാസമുള്ള ഭാര്യക്കും ജോലിയില്ല. വിവാഹം കഴിഞ്ഞ് 3 മാസങ്ങള്‍ക്കുശേഷമാണ് രോ​ഗം കണ്ടെത്തുന്നത്. ഇടക്കിടെ വരുന്ന വയറുവേദനയും, ഛര്‍ദ്ദിയും അസഹനീയമായപ്പോള്‍ നടത്തിയ ചികിത്സയിലാണ് വിഷ്ണുവിന്റെ രണ്ട് വൃക്കകളും തകരാറിലായതായ് കണ്ടെത്തിയത്. പിതാവിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയ അതേ രോ​ഗം തന്നെയാണ് ഈ മകനും വന്നിരിക്കുന്നത്. ജീവന്‍ നിലനിര്‍ത്താന്‍ ശസ്ത്രക്രിയ നടത്തുക മാത്രമായിരുന്നു മുന്നിലുള്ള ഏക പോംവഴി. പണമില്ലാത്തതിന്റെ പേരില്‍ ഏറെ നാള്‍ മുടങ്ങിയ ശസ്ത്രക്രിയ നാട്ടുകാര്‍ പിരിവെടുത്തും , നല്ലവരായ ആളുകള്‍ പണം കൊടുത്തും നടത്തിയത് 2018 ലാണ്. സഹോദരനായ സുഭാഷാണ് വൃക്ക ദാനം നല്‍കിയത്.വിഷ്ണു വൃക്ക മാറ്റിവച്ചും , സഹോദരന്‍ വൃക്ക നല്‍കിയതിനെ തുടര്‍ന്നും വിശ്രമത്തിലാണ് ഇപ്പോഴുള്ളത്. രണ്ട് മക്കളെയും നോക്കേണ്ടതിനാല്‍ കൂലിപ്പണിക്ക് പോകാനും ഇപ്പോള്‍ സുശീലക്ക് നിര്‍വാഹമില്ല. ഭക്ഷണത്തിനും , വിഷ്ണുവിന്റെ തുടര്‍ ചികിത്സക്കുമായി സുശീല മുട്ടാത്ത വാതിലുകളില്ല. 35000 ലേറെ വിലവരുന്ന മരുന്നുകളാണ് വിഷ്ണുവിന് ഒരു മാസം വേണ്ടത് . മറ്റു ചിലവുകള്‍ വേറെയും. ആഹാരത്തിന് പോലും നിര്‍വ്വാഹമില്ലാതെ വന്നപ്പോഴാണ് ഈ അമ്മ തന്റെ ദയനീയാവസ്ഥ വിവരിച്ചുകൊണ്ട് തെരുവുകളില്‍ പിരിവിനിറങ്ങിയത്.എന്റെ മുന്നില്‍ യാചിക്കുകയല്ലാതെ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ലെന്ന് സുശീല വേദനയോടെ പറയുന്നു. അണുബാധ വരാതിരിക്കാനായി അമൃത ആശുപത്രിക്ക് സമീപം 18000 രൂപ വാടക നല്‍കി മെച്ചപ്പെട്ട വീടെടുത്താണ് നിലവില്‍ ഇവര്‍ താമസിക്കുന്നത്. വാര്‍ധക്യസഹജമായ രോ​ഗങ്ങളുള്ള സുശീലക്ക് രണ്ടു മക്കളെയും മരുമകളെയും നോക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ആഹാരത്തിനും, വാടകക്കും, മരുന്നിനും മറ്റ് ചിലവുകള്‍ക്കുമായി മാസാമാസം കണ്ടെത്തേണ്ടി വരുന്ന ഭീമമായ തുകക്ക് മുന്‍പില്‍ പകച്ച്‌ നില്‍ക്കുകയാണ് ഈ കുടുംബം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments