മേല്‍ജാതിക്കാരൻ പശുവിനെ കൊന്നു; ശിക്ഷ ഗംഗയില്‍ മുങ്ങിക്കുളി

cow slaughter

പശുവിനെ കൊന്ന മേല്‍ജാതിക്കാരന് ശിക്ഷ ഗംഗയില്‍ മുങ്ങിക്കുളി. മോഹന്‍ തിവാരി എന്നയാള്‍ക്കാണ് പഞ്ചായത്ത് കുറഞ്ഞ ശിക്ഷ വിധിച്ചത്. ഗോസംരക്ഷണത്തിന്റെ പേരില്‍ ദളിതരും മുസ്ലീങ്ങളും ക്രൂരമായ കൊലപാതകത്തിനും മര്‍ദ്ദനത്തിനും ഇരയാകുമ്പോഴാണ് മേല്‍ജാതിക്കാരന് കുറഞ്ഞ ശിക്ഷ നല്‍കിയത്. ഇതിനെതിരെ നിയമനടപടിക്ക് തയ്യാറെടുക്കുകയാണ് ശങ്കര്‍ അഹിര്‍വാര്‍ എന്ന യുവാവ്. പ്രാദേശിക പഞ്ചായത്താണ് ശിക്ഷ വിധിച്ചത്.

തിവാരി മേല്‍ജാതിക്കാരനായതിനാലാണ് കുറഞ്ഞ ശിക്ഷ നല്‍കിയതെന്ന് അഹിര്‍വാന്‍ ആരോപിച്ചു. തുടര്‍ന്ന് ഇയാള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. മധ്യപ്രദേശിലെ തികാംഗര്‍ ജില്ലയിലാണ് സംഭവം. ശങ്കറിന്റെ പശു തിവാരിയുടെ വയലില്‍ മേയാന്‍ പോകാറുണ്ടായിരുന്നു. ഇതില്‍ പ്രകോപിതനായ ഇയാള്‍ പശുവിനെ തല്ലിക്കൊല്ലുകയായിരുന്നു. പശുവിനെ കൊന്ന വാര്‍ത്ത ഗ്രാമത്തില്‍ പരന്നതോടെയാണ് താരതമ്യേന കുറഞ്ഞ ശിക്ഷ നല്‍കി പഞ്ചായത്ത് ഒത്തുതീര്‍പ്പുണ്ടാക്കിയത്.

തിവാരി പാപം ചെയ്തുവെന്ന് വിധിച്ച പഞ്ചായത്ത് ഇയാള്‍ ഗംഗയില്‍ മുങ്ങിക്കുളിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഗ്രാമവാസികള്‍ക്ക് സദ്യ നല്‍കണമെന്നും ശിക്ഷാ വിധിയില്‍ പറയുന്നുണ്ട്. തിവാരി പശുവിനെ കൊന്നതോടെ തന്റെ ഉപജീവനമാര്‍ഗം ഇല്ലാതായെന്നും ഇയാള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അഹിര്‍വാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.