ഇരവിപേരൂരിൽ ആശാഭവനിലെ സ്ത്രീയുടെ മൃതദേഹം സമീപത്തെ തോട്ടത്തില്‍ അഴുകിയ നിലയിൽ

deadbody

ഇരവിപേരൂരിൽ കോഴിമല ആശാഭവനിലെ അന്തേവാസിയായ സ്ത്രീയുടെ മൃതദേഹം സമീപത്തെ കൈത തോട്ടത്തില്‍ ദുർഗന്ധം വമിച്ച നിലയില്‍ കണ്ടെത്തി. ആമല്ലൂര്‍ സ്വദേശി സാറാമ്മയുടെ (60) മൃതദേഹമാണ് അഴുകി ദുർഗന്ധം വമിച്ച നിലയിൽ കണ്ടെത്തിയത് . സെപ്റ്റംബര്‍ 1 മുതല്‍ ഇവരെ കാണ്മാനില്ലായിരുന്നു. ഇത് സംബന്ധിച്ച പരാതി പോലീസിൽ നൽകിയിരുന്നു. ആശാഭവന് 50 മീറ്റര്‍ പിന്നിലായുള്ള 10 ഏക്കറോളം വരുന്ന കൈതത്തോട്ടത്തില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് വിളവെടുക്കാന്‍ വന്ന ബംഗാളി തൊഴിലാളി മൃതദേഹം കണ്ടത്. അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഏറെക്കുറെ പൂര്‍ണമായി ജീര്‍ണിച്ച മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്. ഇവരെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളും ആശാഭവന്‍ അധികൃതരും പരാതി നല്‍കിയിരുന്നു. പതിവായി അപസ്മാരം വരാറുണ്ടായിരുന്നു ഇവര്‍ക്ക്. പരാതിയെ തുടര്‍ന്ന് നാലു എസ്‌ഐമാരും നാട്ടുകാരും ആശാഭവന്‍ അന്തേവാസികളുമടക്കം രണ്ടു തവണ കൈതത്തോട്ടം അരിച്ചു പെറുക്കിയിരുന്നു. അന്നൊന്നും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അപസ്മാരം വരാറുള്ള സാറാമ്മ കാണാതായ ദിവസം തന്നെ മരിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. തോട്ടത്തില്‍ വച്ച്‌ അപസ്മാരം വരികയും ഇവിടെ തന്നെ വീണു മരിക്കുകയുമായിരുന്നുവെന്ന് കരുതുന്നതായി തിരുവല്ല ഇന്‍സ്പെക്ടര്‍ പറഞ്ഞു. കൊലപാതക സാധ്യത തീര്‍ത്തും തള്ളിയിരിക്കുകയാണ് പൊലീസ്. മൃതദേഹം നാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.