ഐ.വി. ശശിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ചുകൊണ്ട് പ്രമുഖർ  

പ്രമുഖർ അനുശോചനമറിയിച്ചു

സംവിധായകന്‍ ഐ.വി. ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ ഐ.വി. ശശി അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത നല്‍കിയ സംവിധായകനായിരുന്നുവെന്ന് വാർത്താകുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.വേര്‍പാടില്‍ കുടുംബാഗങ്ങളോടൊപ്പം ദുഖം പങ്കിടുന്നുവെന്നും പിണറായി വ്യക്തമാക്കി.

ഐ വി ശശിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. ലോകത്ത് ഏറ്റവുമധികം സിനിമ സംവിധാനം ചെയ്ത സംവിധായകരില്‍ ഒരാളായിരുന്നു ഐ.വി. ശശി. സാങ്കേതിക തികവോടെയും നിരവധി അഭിനേതാക്കളെ ഒരുമിച്ചണിനിരത്തിയും അദ്ദേഹം ചെയ്ത സിനിമകൾ മലയാള ചലച്ചിത്ര ലോകത്തിലെ നാഴികക്കല്ലുകളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിനും സാംസ്‌കാരിക ലോകത്തിനും കനത്ത നഷ്ടമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രങ്ങളുടെ സംവിധായകനായിരുന്നു ഐ.വി.ശശിയെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ജനകീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ സിനിമയെ രാഷ്ട്രീയമായി സമീപിക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണെന്നും സ്പീക്കർ പറഞ്ഞു.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകൾ ഒരുക്കുകയും ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത ഐ.വി.ശശിയുടെ വേർപാട് മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനായി അദ്ദേഹം മാറി. എല്ലാ തലമുറയെയും ആകർഷിക്കുന്ന ഒരുപിടി നല്ല സിനിമകൾ അദ്ദേഹം സൃഷ്ടിച്ചു. കഴിഞ്ഞ സെപ്‌തംബറിൽ തലശേരിയിൽ നടന്ന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ ഈ സർക്കാരിന്റെ ആദരം ഏറ്റുവാങ്ങാൻ അദ്ദേഹം എത്തിയിരുന്നു. അന്ന് അദ്ദേഹവുമായി സൗഹൃദം പുതുക്കുകയും ഏറെ നേരം സംസാരിക്കുകയും ചെയ്തു. രോഗവിവരത്തെ കുറിച്ചും സംസാരിച്ചിരുന്നു.

സംവിധായകൻ എന്നാൽ അത് ഐ വി ശശി ആണെന്ന് നടനും എം പിയുമായ ഇന്നസെന്റ്. വലിയ നഷ്ടം തന്നെയാണ് മലയാള സിനിമയ്ക്ക് ഉണ്ടായിരിക്കുന്നതെന്ന് ഇന്നസെന്റ് വ്യക്തമാക്കി. ‘ഏത് സമയത്തും സിനിമ തന്നെയായിരുന്നു അദ്ദേഹത്തിനുള്ളിൽ. വലിയൊരു കലാകാരൻ ആയിരുന്നു. അദ്ദേഹത്തിനു കാൻസർ ഉണ്ടായിരുന്നു, എന്നാൽ മരണകാരണം എന്താണെന്ന് അറിയില്ല’ എന്നും ഇന്നസെന്റ് പറഞ്ഞു.

മലയാള സിനിമയുടെ തീരാനഷ്ടമാണ് ഐ വി ശശിയെന്ന് നടൻ ജഗദീഷും വ്യക്തമാക്കിയിരുന്നു. എടുക്കുന്ന ഓരോ ചിത്രങ്ങളും തന്റെ ആദ്യ ചിത്രമാകണമെന്ന രീതിയിലായിരുന്നു അദ്ദേഹം എടുത്തിരുന്നതെന്ന് ജഗദീഷ് പ്രതികരിച്ചു.

‘മലയാള സിനിമയ്ക്ക് നഷ്ടമായിരിക്കുന്നത് ഒരു ലെജൻഡിനെയാണ്. രാവും പകലും സിനിമ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ഉടനെ ഒരു ചിത്രം വരുമെന്ന് അടുത്തകാലത്ത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു’ – മണിയൻപിള്ള രാജു പറഞ്ഞു. സിനിമാ സെറ്റിൽ വെച്ചായിരുന്നു മണിയൻപിള്ളയുടെ പ്രതികരണം.