Thursday, March 28, 2024
HomeCrimeസ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ ഞെട്ടിപ്പിക്കുന്ന കഥ

സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ ഞെട്ടിപ്പിക്കുന്ന കഥ

സെപ്റ്റംബര്‍ 2013വരെ നിലവിലെ ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ മിക്ക രാഷ്ട്രീയ നേതാക്കളുടേയും അടുപ്പക്കാരനെന്ന നിലയില്‍ വിലസിയിരുന്ന ആസാറാം ബാപ്പു എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന് നല്ലകാലമായിരുന്നു. മോശം കാരണങ്ങള്‍ക്കാണ് പിന്നീടത്രയും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ആസാറാമിനെതിരായ ക്രിമിനല്‍ കേസുകളില്‍ മൂന്നാം സാക്ഷിയായ കൃപാല്‍ സിംഗിനെ വെടിവെച്ച കേസാണ് ഇതില്‍ ഏറ്റവും അടുത്തിടെയുണ്ടായ സംഭവം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ ജില്ലയിലാണ് ബൈക്കില്‍ വന്ന രണ്ട് പേര്‍ കൃപാല്‍ സിംഗിനെ വെടിവെച്ചത്. വേറിട്ടതും ഞെട്ടിപ്പിക്കുന്നതുമായ ആരോപണങ്ങളാണ് ആസാറാമിനെതിരെയുള്ളത്. മന്ത്രവാദവും മനുഷ്യകുരുതിയും നടത്താറുള്ള ഇയാളുടെ ആശ്രമത്തിനുള്ളില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതാകട്ടെ വളരെ വികൃതമായ രീതിയിലാണ്. ആന്തരികാവയവങ്ങളില്ലാതെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ദുര്‍മന്ത്രവാദത്തിന്റ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. സ്വന്തം സഹോദരിമാരെ അന്യായമായി തടങ്കലില്‍ വെച്ച ആരോപണവും ആള്‍ദൈവത്തിനെതിരെയുണ്ട്. നാല് സംസ്ഥാനങ്ങളിലായി ആസാറാം ബാപ്പുവിനെതിരായ കേസുകളില്‍ ഒമ്പതോളം സാക്ഷികളാണ് ഉള്ളത്. ഈ സാക്ഷികളില്‍ മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ഒരാള്‍ ആസാറാമിന്റെ സന്തത സഹചാരിയായി മാറുകയും മറ്റൊരാളെ പാചകക്കാരനായി കൂടെ കൂട്ടുകയും ചെയ്തു. ഇതു കൂടാതെ ആസാറാമിന്റെ ആശ്രമത്തിലെ രണ്ട് ജീവനക്കാരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സ്ത്രീ വിശ്വാസികളുമായി ആസാറാം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന കാര്യം പുറത്ത് പ്രചരിപ്പിച്ച ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അസുമല്‍ സിരുമലാനി എന്ന പേരില്‍ 1941ലാണ് ആസാറാം ബാപ്പു ജനിച്ചത്. വിഭജനത്തോടെ ആസാറാം കുടുംബത്തോടൊപ്പം അഹമ്മദാബാദിലേക്ക് ചേക്കേറി. കുതിരക്കാരനായിരുന്ന ആസാറാം പിന്നീടാണ് ആത്മീയവഴിയിലേക്ക് നീങ്ങുന്നത്. പിതാവ് വളരെ നേരത്തെ മരിച്ചതിനാല്‍, ചായക്കച്ചവടക്കാരനായും, മദ്യക്കച്ചവടക്കാരനായും ജോലി ചെയ്തിട്ടുണ്ട്. പിന്നീട് അമ്മയില്‍ നിന്ന് ധ്യാനവും, ആത്മീയതയും പഠിച്ച് യോഗ ഗുരുവും, ധ്യാന ഗുരുവുമായി. ആത്മീയതയോടുള്ള ഇഷ്ടം കൂടി 1964ലാണ് ആസാറാം ബാപ്പുവെന്ന പേരിലേക്ക് മാറിയത്. സബര്‍മതി തീരത്ത് 1970കളുടെ തുടക്കത്തില്‍ ഒരു കുടില്‍ പോലെ തുടങ്ങിയ ആസാറാമിന്റെ ആശ്രമം രാജ്യത്തെ വലിയ തീര്‍ത്ഥാടന കേന്ദ്രമായി പിന്നീട് മാറുകയായിരുന്നു. ഇന്ന് 400ഓളം ചെറുതും വലുതുമായ ആശ്രമങ്ങളാണ് സ്വന്തം പേരില്‍ രാജ്യത്തിനകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ളത്. 10,000 കോടി രൂപയിലധികമാണ് ആസാറാം ആശ്രമങ്ങളുടെ മറവില്‍ സ്വരൂപിച്ചിട്ടുള്ളത്. ഈ കാലയളവില്‍ തന്റെ വിശ്വാസികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വര്‍ധന ഉണ്ടാക്കാന്‍ ആസാറാമിന് കഴിഞ്ഞു. ലക്ഷക്കണക്കിന് വിശ്വാസികളാണ് ആസാറാമിനുള്ളത്. ആസാറാമിന്റെ അനുഗ്രഹത്തിനായി പാര്‍ട്ടി ഭേദമന്യേ നിരവധി രാഷ്ട്രീയപ്രവര്‍ത്തകരും എത്താറുണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ അധ്വാനി, നിഥിന്‍ ഗഡ്കരി, മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാന്‍, രമണ്‍ സിങ്, പ്രേംകുമാര്‍ ദുമാല്‍ എന്നീ ബിജെപി നേതാക്കളും ദ്വിഗ് വിജയ് സിങ്്, കമല്‍ നാഥ്, മോത്തിലാല്‍ വോറ എന്നീ കോണ്‍ഗ്രസ് നേതാക്കളും ആസാറാമിന്റെ സന്ദര്‍ശകരായിട്ടുള്ളവരാണ്. ഗുജറാത്തില്‍ വെച്ച് നിരവധി സന്ദര്‍ഭങ്ങളില്‍ ആസാറാമിനൊപ്പം വേദി പങ്കിട്ടയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഗുജറാത്ത് പൊലീസിന്റെ ഏറ്റുമുട്ടല്‍ വിദഗ്ധനായ ഡി.ജി വന്‍സാര ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ നിന്നെത്തിക്കുന്ന പാല്‍ മാത്രമേ കുടിക്കൂ എന്നാണ് പറയപ്പെടുന്നത്. ഇദ്ദേഹം ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. ഈ കാലയളവില്‍ ആസാറാമിന്റെ സുരക്ഷക്കായി മാത്രം രാജസ്ഥാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 7.25 കോടിയാണ്. ബലാത്സംഗ കേസില്‍ ജോധ്പൂര്‍ കോടതി ശിക്ഷിച്ച ആസാറാമിനെതിരെ ഐ.പി.സി 370 (4) മനുഷ്യക്കടത്തിന് 10 വര്‍ഷത്തെ തടവും ഒരു ലക്ഷം പിഴയും, ഐ.പി.സി 342 അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍. ഒരു വര്‍ഷത്തെ തടവും ആയിരം രൂപ പിഴയും, സെക്ഷന്‍ 506 ഒരു വര്‍ഷം തടവ് ആയിരം രൂപ പിഴ, ഐ.പി.സി 376 (2) (എഫ്) പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യല്‍-മരണം വരെ ജീവപര്യന്തം, ഒരു ലക്ഷം പിഴ, ഐ.പി.സി 376 ഡി മരണം വരെ ജീവപര്യന്തം ഒരു ലക്ഷം പിഴ, കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ 23-ാം വകുപ്പ് അനുസരിച്ച് ആറു മാസം തടവ് എന്നീ ശിക്ഷകളാണ് വിധിച്ചിട്ടുള്ളത്. കേസില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ച ആസാറാമിന്റെ സഹായി ശില്‍പി എന്ന സ്ത്രീയാണ് 16കാരിയുടെ മാതാപിതാക്കളെ വിളിച്ച് കുട്ടിക്ക് പ്രേത ബാധയുണ്ടെന്ന് പറഞ്ഞ് ജോധ്പൂരിലെ ആശ്രമത്തിലേക്ക് അയക്കാന്‍ നിര്‍ബന്ധിച്ചത്. ആസാറാമിന്റെ മധ്യപ്രദേശിലെ ചിന്ദ്‌വാരയിലുള്ള ആശ്രമത്തിലെ വാര്‍ഡനായിരുന്നു ശില്‍പി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ശില്‍പി ആസാറാമിന്റെ ആശ്രമത്തിലെത്തിക്കുന്നതായി പീഡനത്തിനിരയായ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. മനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ ശില്‍പി 2005ലാണ് ആസാറാമിനൊപ്പം ചേരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments