പഴവങ്ങാടി പഞ്ചായത്ത്ത്തിൽ രാഷ്‌ട്രീയ മലക്കംമറിച്ചില്‍ ;ജോസഫ്‌ കുറിയാക്കോസ്‌ പഞ്ചായത്ത്‌ പ്രസിഡന്റായി

pazhavangadi

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രാഷ്‌ട്രീയ മലക്കംമറിച്ചില്‍ ഒരുപാട്‌ കണ്ട പഴവങ്ങാടി പഞ്ചായത്തില്‍ വീണ്ടും നാടകീയത. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയില്‍ ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റു കൂടിയായ ജോസഫ്‌ കുറിയാക്കോസ്‌ പഞ്ചായത്ത്‌ പ്രസിഡന്റായി. ഗ്രാമപഞ്ചായത്ത്‌ ആറാം വാര്‍ഡായ നീരാട്ടുകാവില്‍നിന്നു സ്വതന്ത്രനായി മത്സരിച്ചു ജയിച്ചയാളാണ്‌ ജോസഫ്‌ കുറിയാക്കോസ്‌. നീണ്ട ഇടവേളക്കു ശേഷം ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ പഴവങ്ങാടിയില്‍ ഇപ്പോഴത്തെ സമിതിയിലെ നാലാമത്തെ പ്രസിഡന്റാണ്‌ ജോസഫ്‌ കുറിയാക്കോസ്‌. വൈസ്‌പ്രസിഡന്റായി സി.പി.ഐയിലെ അനി സുരേഷ്‌ തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴത്തെ സമിതിയില്‍ ആദ്യ രണ്ടു പ്രസിഡന്റുമാരോടൊപ്പം വൈസ്‌പ്രസിഡന്റായിരുന്നു അനി സുരേഷ്‌. എല്‍.ഡി.എഫ്‌. വിമതനായി മാറിയ ബോബി ഏബ്രഹാമിന്റെ നേതൃത്വത്തില്‍ അവിശ്വാസത്തിലൂടെ അന്നത്തെ പ്രസിഡന്റ്‌ അനില്‍തുണ്ടിയിലിനേയും വൈസ്‌പ്രസിഡന്റ്‌ അനി സുരേഷിനേയും പുറത്താക്കിയിരുന്നു. ഇതോടെ കഴിഞ്ഞ ആറു മാസം പഞ്ചായത്ത്‌ യു.ഡി.എഫ്‌. ഭരണത്തിലായിരുന്നു. കോളജുതടം വാര്‍ഡംഗമായ അനി സുരേഷ്‌ മഹിളാസംഘം താലൂക്കുകമ്മറ്റിയംഗവും സി.പി.ഐ. ഐത്തല ബ്രാഞ്ചംഗവുമാണ്‌. ഹൈടെക്ക്‌ കര്‍ഷകനുള്ള അവാര്‍ഡ്‌ നേടിയിട്ടുള്ള ജോസഫ്‌ കുറിയാക്കാസ്‌ കേരള യൂണിവേഴ്‌സിറ്റി വോളിബോള്‍ ടീം അഗമായിരുന്നു. എം.പി. വീരേന്ദ്രകുമാര്‍ പാര്‍ലമെന്റ്‌ അംഗത്വം രാജിവച്ച്‌ ഇടതുപക്ഷത്തേക്കു ചേക്കേറുന്ന സാഹചര്യം ഉണ്ടായപ്പോള്‍തന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ജില്ലാ പ്രസിഡന്റിന്റെ നിലപാടും ഇടതുപക്ഷത്തിന്‌ അനുകൂലമാകുമെന്ന്‌ വ്യക്‌തമായിരുന്നു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അംഗം ടി.ജി. തങ്കപ്പന്‍പിള്ള വിട്ടുനിന്നു. 17 അംഗ പഞ്ചായത്തു സമിതിയില്‍ വിജയിച്ച പ്രസിഡന്റിനും വൈസ്‌പ്രസിഡന്റിനും ഒമ്പതു വോട്ടുകള്‍ വീതം ലഭിച്ചപ്പോള്‍ എതിര്‍ത്ത മുന്‍ പ്രസിഡന്റ്‌ ബോബി ഏബ്രഹാം, വൈസ്‌പ്രസിഡന്റ്‌ ലിജിചാക്കോ എന്നിവര്‍ക്ക്‌ ഏഴു വീതം വോട്ടുകളും കിട്ടി.