നിപ്പ വൈറസ് ബാധ; ഓസ്ട്രേലിയയില്‍ വികസിപ്പിച്ച മരുന്ന് ഇന്ത്യയിൽ എത്തി

nipha virus

നിപ്പ വൈറസ് ബാധയെക്കുറിച്ച്‌ അനാവശ്യമായ ഭീതി വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അതേസമയം രോഗം നിസാരവത്ക്കരിക്കരുതെന്നും മന്ത്രി പറഞ്ഞു. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. നിപ്പ വൈറസ് ബാധ മൂലമുള്ള മരണങ്ങളെ തുടര്‍ന്ന് കോഴിക്കോട്ട് നടത്തിയ സര്‍വ കക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.രോഗം വ്യാപകമായി പടരുന്നില്ല. നിയന്ത്രണ വിധേയമാണ്. 15 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര്‍ മരിച്ചു. മൂന്നു പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇന്നലെയും ഇന്നും പരിശോധനയക്കയച്ച എല്ലാ സാമ്ബിളുകളും നെഗറ്റീവാണ്. ഇന്നലെ മാത്രം 21 സാമ്ബിളുകളാണ് അയച്ചത്. രോഗം കൂടുതല്‍ പകരുന്നില്ല എന്നതിന് തെളിവാണ് ഇതെന്നും മന്ത്രി പറഞ്ഞു.നിപ്പ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതുന്ന ഓസ്ട്രേലിയയില്‍ വികസിപ്പിച്ച ഒരു മരുന്ന് ഇന്ത്യയുടെ ആവശ്യപ്രകാരം എത്തിയിട്ടുണ്ടെന്നും ഇതുടന്‍ രോഗികള്‍ക്ക് കൊടുത്തു തുടങ്ങുമെന്നും അവര്‍ അറിയിച്ചു. ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡീസ് എന്ന ഈ മരുന്ന് 50 ഡോസ് എത്തിയിട്ടുണ്ട്. ഈ മരുന്ന് ഇതുവരെ പൂര്‍ണമായും പരീക്ഷിച്ചിട്ടില്ല. അതിനാല്‍ ഇതിന് പേറ്റന്റും ലഭിച്ചിട്ടില്ല. ഓസ്‌ട്രേലിയയില്‍ 15 പേരില്‍ പരീക്ഷച്ചപ്പോള്‍ ഫലപ്രദമായിരുന്നു. അതിനാലാണ് മരുന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. ഈ മരുന്നിന്റെ കൂടുതല്‍ പരീക്ഷണത്തിന് ലോകാരോഗ്യ സംഘടന അടക്കം അനുമതി നല്‍കിയിട്ടുണ്ട്. ഈ സഹാചര്യത്തില്‍ പുതിയ മരുന്ന് വികസിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ ലോകമെമ്ബാടുമുള്ള വിദഗ്ധരെ അണിനിരത്തിയായിരിക്കും ഗവേഷണം.വവ്വാലാണോ നിപ്പ വൈറസിന് പിന്നിലെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ ഈ രോഗം പകര്‍ന്ന എല്ലായിടത്തും വവ്വാലാണ് ഇത് പരത്തിയിട്ടുള്ളത്. അതു കൊണ്ടാണ് ഇവിടേയും അത് സംശയിച്ചത്. രോഗബാധ ആദ്യമുണ്ടായെന്നു സംശയിക്കുന്നയാളുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുണ്ടായിരുന്നു. അവയെ പിടിച്ച്‌ പരിശോധനകള്‍ക്കയച്ചിട്ടുണ്ട്. ചിലപ്പോള്‍ അവയില്‍ രോഗബാധ ഉണ്ടായിരിക്കണമെന്നില്ല. കൂടുതല്‍ പരിശോധനകള്‍ക്കായി ഐസിഎംആറിന്റെ വിദഗ്ധ ടീം എത്തിയിട്ടുണ്ട്. അവര്‍ കൂടുതല്‍ വവ്വാലുകളില്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.നിപ്പ വൈറസിന്റെ ആദ്യരോഗിയാണെന്നു കരുതുന്ന സാബിത്ത് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ സഞ്ചാരപഥത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. രോഗികളുമായി ബന്ധപ്പെട്ടവരെയെല്ലാം കണ്ടെത്തി നിരീക്ഷണത്തില്‍ വെച്ചിട്ടുണ്ട്. വിദൂരബന്ധം പുലര്‍ത്തിയിരുന്നവരെക്കൂടി തേടിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ അറിയിച്ചു. രണ്ടാമത്തെ മരണത്തോടെ തന്നെ രോഗം തിരിച്ചറിയാന്‍ സാധിച്ചത് നേട്ടമായെന്നും ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടന അഭിനന്ദനം അറിയിച്ചതായും മന്ത്രി അറിയിച്ചു.