ഇന്ത്യൻ വംശജ കാനഡ സുപ്രീംകോടതി ജഡ്ജായി

ഇന്ത്യക്കാർക്കും കുടിയേറ്റക്കാർക്കും അഭിമാനിക്കാം .കാനഡ സുപ്രീംകോടതി ജഡ്ജായി സിഖ്വനിതയെ നിയമിച്ചു. നാലാം വയസ്സിൽ പഞ്ചാബിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ പൽബീന്ദർ കൗർ ആണ് രാജ്യത്തെ കുടിയേറ്റ ജനങ്ങളുടെ അഭിമാനമായത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ വളർന്ന പൽബീന്ദർ സസ്കാചവൻ സർവകലാശാലയിൽനിന്ന് നിയമബിരുദമെടുത്തു. ശേഷം വിവിധ സ്ഥാപനങ്ങളിൽ അധ്യാപികയായും മനുഷ്യാവകാശസംഘടനകളുടെ അഭിഭാഷകയായും പ്രവർത്തിച്ചു.

സിഖുകാർക്ക് മതവിശ്വാസം എന്നനിലയിൽ കൃപാൺ (ചെറിയ വാൾ) ധരിക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ നിയമപോരാട്ടത്തിലൂടെ ശ്രദ്ധേയയായി. 2012 മുതൽ ക്വീൻസ് കൗൺസൽ എന്ന നിലയിൽ പ്രവർത്തിച്ചുവരുകയായിരുന്നു.