യൂണിഫോം ധരിച്ച്‌ ‘മീന്‍കാരി’ ഇനി സിനിമക്കാരി

hanan

കൊച്ചി പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ യൂണിഫോം ധരിച്ച്‌ മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് സിനിമയില്‍ അവസരം നല്‍കി സംവിധായകന്‍ അരുണ്‍ ഗോപി. ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം മാധ്യമങ്ങളിലൂടെയാണ് സംവിധായകന്‍ അറിഞ്ഞത്. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ നല്ലൊരു വേഷം നല്‍കാമെന്നാണ് അരുണ്‍ ഗോപിയുടെ വാഗ്ദാനം. ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ്. കളരിയും പ്രാവീണ്യമുണ്ട്. കലാഭവന്‍ മണി പല പരിപാടികളിലും ഹനാനെ പങ്കെടുപ്പിച്ചിരുന്നു. അങ്ങനെയുള്ള ഹനാന്റെ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമേകാന്‍ നല്ലൊരു വേതനവും ഉറപ്പുവരുത്തുമെന്നും അരുണ്‍ ഗോപി പറഞ്ഞു.തൃശൂര്‍ സ്വദേശിയാണ് ഹനാന്‍. അച്ഛനും അമ്മയും പണ്ടേ വേര്‍പിരിഞ്ഞു. അതോടെ അമ്മ മാനസികമായി തളര്‍ന്നു. പ്ലസ്ടുവിന് അനിയനെ വളര്‍ത്താനും സ്വന്തം പഠനത്തിനും വീട്ടുചെലവിനുമായാണ് ഹനാന്‍ മീന്‍ വില്‍ക്കാന്‍ ഇറങ്ങിയത്. പ്ലസ്ടുവരെ മുത്തുമാലകള്‍ ഉണ്ടാക്കി വിറ്റും കുട്ടികള്‍ക്ക് ട്യൂഷനെടുത്തുമാണ് ഹനാന്‍ വീടുപോറ്റിയത്. അങ്ങനെയാണ് കോളജില്‍ ചേരാനുള്ള പണം കണ്ടെത്തിയത്. തുടര്‍പഠനത്തിനും മറ്റുമായി കുടുംബം തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി.