Friday, March 29, 2024
HomeNationalകലാപം നിയന്ത്രിക്കാൻ കഴിഞ്ഞില്ല ; മുഖ്യമന്ത്രി കുറ്റ സമ്മതം നടത്തി

കലാപം നിയന്ത്രിക്കാൻ കഴിഞ്ഞില്ല ; മുഖ്യമന്ത്രി കുറ്റ സമ്മതം നടത്തി

സ്വയം പ്രഖ്യാപിത ആള്‍ദൈവം റാം റഹിം ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ ഹരിയാനയിലും പഞ്ചാബിലും കലാപം പൊട്ടിപ്പുറപ്പെട്ടു. ദേര സച്ച സൌദ തലവന്‍ ഗുര്‍മീത് റാം റഹിം സിങിന് അനുയായികള്‍ സുരക്ഷാസന്നാഹങ്ങളെ അട്ടിമറിച്ച് അഴിഞ്ഞാടിയതോടെ ഹരിയാനയിലെ ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്നു. വലിയ അക്രമങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും കലാപം തടയാന്‍ മനോഹര്‍ലാല്‍ ഖട്ടാറിന്റെ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നത് ഗുരുതര വീഴ്ചയായി. ആക്രമണം രാജ്യതലസ്ഥാനമായ ഡല്‍ഹിലേക്കും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു.

റാം റഹീം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതോടെ പഞ്ച്കുലയില്‍ അനുയായികള്‍ ആക്രമണം ആരംഭിച്ചു. മാധ്യമപ്രവര്‍ത്തകരെയും പൊലീസിനെയും ആക്രമിച്ചു. മാധ്യമങ്ങളുടെ വാഹനങ്ങള്‍ തീയിട്ടു. സര്‍ക്കാര്‍ വാഹനങ്ങളും ഓഫീസുകളും വ്യാപകമായി തല്ലിത്തകര്‍ക്കുകയും തീയിടുകയും ചെയ്തു. അക്രമികളെ നിയന്ത്രിക്കുന്നതിന് പൊലീസ് നിരവധി തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. പലയിടത്തും പൊലീസ് ആകാശത്തേക്ക് വെടിവച്ചു. പൊലീസിനും അര്‍ധ സൈനികര്‍ക്കുമൊപ്പം ആറ് യൂണിറ്റ് സൈന്യത്തെയും പഞ്ച്കുലയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ഹെലികോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ച് ഇവിടെ സുരക്ഷാസേന നിരീക്ഷണം നടത്തുന്നുണ്ട്.

കോടതിവിധി പുറത്തുവന്ന് 45 മിനിറ്റിനിടെ 15 ആക്രമണസംഭവങ്ങളാണ് ഹരിയാനയിലും പഞ്ചാബിലുമായി റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബിലെ മാലൌട്ടില്‍ അക്രമികള്‍ ഒരു പെട്രോള്‍ ബങ്കും രണ്ട് റെയില്‍വേ സ്റ്റേഷനും തീയിട്ടു. ഹരിയാനയിലെ സിര്‍സയിലേക്കും തുടര്‍ന്ന് പഞ്ചാബിലെ ഭട്ടിന്‍ഡയിലേക്കും ആക്രമണം വ്യാപിച്ചു. ഇവിടെ ഒരു പവര്‍ സബ്സ്റ്റേഷനും പേപ്പര്‍ മില്ലും അക്രമികള്‍ തീയിട്ടു. സിര്‍സയിലെ സ്ഥിതി അപകടകരമായി തുടരുകയാണ്. ഇവിടെയാണ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തി.

ഡല്‍ഹിയില്‍ ഒമ്പതിടത്താണ് ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആനന്ദ്വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട റേവ എക്സ്പ്രസിന്റെ രണ്ട് ബോഗിക്ക്കത്തിച്ചു. ഡല്‍ഹി അതിര്‍ത്തിയിലെ ലോണി മേഖലയില്‍ ഒരുകൂട്ടം അക്രമികള്‍ ചേര്‍ന്ന് ഒരു ബസിന് തീയിട്ടു. അക്രമികളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷനുകളിലും അതിര്‍ത്തിയിലും പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. പഞ്ചാബില്‍ ദേര സച്ച സൌദയുടെ ശക്തികേന്ദ്രങ്ങളായ മാന്‍സ, ഭട്ടിന്‍ഡ, ഫെറോസ്പുര്‍, പാട്യാല, സന്‍ഗ്രൂര്‍, ബാര്‍നാല, ഫരീദ്കോട്ട് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലും ഭഗ്പാട്ടിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെയുള്ള ഇരുനൂറിലേറെ ട്രെയിനുകളും പൊതുഗതാഗത സംവിധാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments