Thursday, March 28, 2024
HomeKeralaപ്രളയബാധിത പ്രദേശങ്ങളിലെ 98 ശതമാനം മൊബൈല്‍ ടവറുകളും പ്രവർത്തിക്കുന്നു

പ്രളയബാധിത പ്രദേശങ്ങളിലെ 98 ശതമാനം മൊബൈല്‍ ടവറുകളും പ്രവർത്തിക്കുന്നു

സംസ്ഥാനത്തെ പ്രളയബാധിത മേഖലകളിലെ 98 ശതമാനം മൊബൈല്‍ ടവറുകളും പ്രവര്‍ത്തനസജ്ജമായി. തിരുവനന്തപുരത്തു നടന്ന ടെലികോം ഉന്നതതല യോഗത്തില്‍ പ്രളയാനന്തരമുള്ള ടെലികോം സേവനലഭ്യത അവലോകനം ചെയ്തു. ടെലികോം സെക്രട്ടറി അരുണാ സുന്ദരരാജന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. ബാക്കിയുള്ള രണ്ട് ശതമാനം മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനം പ്രളയജലം ഇറങ്ങിയ ശേഷം (കുട്ടനാട് മേഖലയില്‍) പൂര്‍വ്വസ്ഥിതിയിലാക്കും. 190 ഇടങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഛേദിക്കപ്പെട്ടതില്‍ 168 ഇടങ്ങളിലും പുനഃസ്ഥാപിച്ചു. ബാക്കിയുള്ള 22 ഇടങ്ങളില്‍ ഉടന്‍ പുനഃസ്ഥാപിക്കും. സംസ്ഥാനത്ത് ആകെയുള്ള 85900 മൊബൈല്‍ ബിടിഎസുകളില്‍ ( – Base Transceiver Station) 23552 എണ്ണത്തിന്റെ പ്രവര്‍ത്തനത്തെ പ്രളയം ബാധിച്ചിരുന്നു.24 ഓടെ ഇതില്‍ 22217 ബിടിഎസുകളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു. പ്രളയം പ്രവര്‍ത്തനത്തെ ബാധിച്ച 153 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ 131 എണ്ണം പൂര്‍വ്വസ്ഥിതിയിലാക്കി. വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ പ്രളയബാധിത മേഖലകളിലെ നാനൂറിലധികം മൊബൈല്‍ ടവറുകള്‍ ഡീസല്‍ ജനറേറ്ററിലാണ് പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഏകദേശം 350 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് ടെലികോം സേവനദാതാക്കള്‍ക്കും ടെലികോം അടിസ്ഥാനസൗകര്യദാതാക്കള്‍ക്കും ഇതുമൂലം കണക്കാക്കുന്നത്.  ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ തിരിച്ചു വീടുകളില്‍ എത്തും മുന്‍പ് തന്നെ ടെലികോം സേവനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നു എല്ലാ ടെലികോം സേവനദാതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സഹായവും പിന്തുണയും മൂലമാണ് പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചതെന്ന് യോഗം വിലയിരുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments