പത്തനംതിട്ട വിശപ്പ് രഹിത നഗരമായി മാറുന്നു

പത്തനംതിട്ട യാചകരില്ലാത്ത വിശപ്പ് രഹിത നഗരമായി മാറുന്നു. നഗരസഭയുടെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പോലീസ് വകുപ്പിന്റെയും കെന്നഡി ചാക്കോ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നഗരസഭ പ്രദേശത്തെ യാചകനിരോധിത മേഖലയായും വിശപ്പില്ലാ നഗരമായും മാറ്റുന്നു.
ജനുവരി 29ന് വൈകിട്ട് നാലിന് പത്തനംതിട്ട പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന് സമീപം വിശപ്പുരഹിത നഗരപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചേരുന്ന യോഗം ജില്ലാ ജഡ്ജി കെ.സത്യന്‍ ഉദ്ഘാടനം ചെയ്യും. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആര്‍.ജയകൃഷ്ണന്റെ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ വിശപ്പില്ലാനഗര പ്രഖ്യാപനം നടത്തും. ജില്ലാ പോലീസ് മേധാവി ജേക്കബ് ജോബ് മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ വൈസ്‌ചെയര്‍ മാന്‍ പി.കെ ജേക്കബ്, സ്ഥിരംസമിതി അധ്യക്ഷരായ റജീന ഷെറീഫ്, കെ.ആര്‍.അരവിന്ദാക്ഷന്‍ നായര്‍, സിന്ധു അനില്‍, ഏബല്‍ മാത്യു, ബീന ഷെറീഫ്, പ്രതിപക്ഷ നേതാവ് ബി.മുരളീ ധരന്‍, കൗണ്‍സിലര്‍മാരായ വത്സന്‍ ടി.കോശി, വത്സല, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ പ്രസാദ് ജോണ്‍ മാമ്പ്ര, എന്‍.എന്‍.ഷാജഹാന്‍, വ്യാപാരി വ്യവസായി സമിതി ഭാരവാഹി അബ്ദുള്‍ റഹിം മാ ക്കാര്‍, കെന്നഡി ചാക്കോ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് കെന്നഡി ചാക്കോ, നഗരസഭാ സെക്രട്ടറി എ.എം.മുംതാസ് തുടങ്ങിയവര്‍ സംസാരിക്കും.
കിടപ്പാടമില്ലാത്ത നിരാലംബരായ ആളുകളെ പുനരധിവസിപ്പിച്ചും ആഹാരത്തിന് വകയില്ലാത്തവര്‍ക്ക് ആഹാരം നല്‍കിയും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകാവുന്ന തരത്തിലുള്ള ഒരു പരിപാടിയാണ് പത്തനംതിട്ട നഗരസഭ ഏറ്റെടുത്തിട്ടുള്ളത്. യാചക നിരോധിത മേഖലയായി പ്രഖ്യാപിക്കപ്പെടുന്നതോടെ നഗരസഭ പ്രദേശത്ത് ഭിക്ഷാടനം അനുവദിക്കില്ല. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നിന്നോ ജില്ലാ ലീഗ ല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നിന്നോ കൂപ്പണ്‍ വാങ്ങി കെന്നഡി ചാക്കോ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നും ഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.