എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

sslc

പത്തനംതിട്ട ജില്ലയിൽ എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. മാർച്ച് എഴിനാണ് പരീക്ഷ ആരംഭിക്കുന്നത്. രണ്ട് വിദ്യാഭ്യാസ ജില്ലകളിലായി 11,398 പേരാണ് ജില്ലയിൽ പരീക്ഷ എഴുതുക. ഇതിൽ 7,281 പേർ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലും 4,117 പേർ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലുമാണ്. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 2,006 പെൺകുട്ടികളും 2,111 ആൺകുട്ടികളുമാണ് പരീക്ഷയ്ക്ക് ഇരിക്കുക. തിരുവല്ല എംജിഎം ഹയർസെക്കൻഡറി സ്കൂളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്. 384 പേർ. 345 കുട്ടികളെ പരീക്ഷയ്ക്കിരുത്തി കോന്നി ആർവി എച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത് പെരിങ്ങര ജിഎച്ച്എസിലാണ്; രണ്ടുപേർ. ജില്ലയിൽ 169 പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാർഥികൾ പരീക്ഷ എഴുതുക. പത്തനംതിട്ടയിൽ 105ഉം തിരുവല്ലയിൽ 64 ഉം കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ചോദ്യപേപ്പറും ഉത്തരക്കടലാസും 27 ന് പരീക്ഷാഭവനിൽനിന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കും. 28, മാർച്ച് ഒന്ന്, തീയതികളിലായി ചോദ്യപേപ്പറുകൾ തരംതിരിക്കും. തുടർന്ന് 12 ക്ലസ്റ്ററിന്റെയും കീഴിലുള്ള ട്രഷറിയിലും ബാങ്കുകളിലുമായി ഇവ സൂക്ഷിക്കും. പരീക്ഷാ ദിവസങ്ങളിൽ രാവിലെ അതത് സ്കൂളുകളിൽ ഇവിടെനിന്ന് ചോദ്യപേപ്പർ എത്തിക്കും. പരീക്ഷയ്ക്ക് ശേഷം ഉത്തരകടലാസുകൾ സീൽ ചെയ്ത് സമീപത്തെ പോസ്റ്റോഫീസ് വഴി മൂല്യനിർണയ ക്യാമ്പിലേക്ക് അയച്ചുനൽകും. എല്ലാ ദിവസവും പകൽ 1.45 മുതൽ 3. 30 വരെയാണ് പരീക്ഷ. 12 ന് നടത്താനിരുന്ന ഇംഗ്ലിഷ് പരീക്ഷ 28 ലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു പരീക്ഷകളിൽ മാറ്റമില്ല. ഏഴിന് ഒന്നാം ഭാഷ പാർട്ട് ഒന്ന്, എട്ടിന് ഒന്നാം ഭാഷ പാർട്ട് രണ്ട്, 13 നു മൂന്നാം ഭാഷ, 15 നു ഫിസിക്സ്, 19 നു കണക്ക്, 21 നു കെമിസ്ട്രി, 22 നു ബയോളജി, 26 നു സോഷ്യൽ സയൻസ് എന്നിങ്ങനെയാണു മറ്റു പരീക്ഷകൾ. ഐടി പ്രാക്ടിക്കൽ പരീക്ഷ 22 ന് ആരംഭിച്ചു. മാർച്ച് രണ്ടു വരെ ഇത് നടക്കും.