യുവതി ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍; പ്രതിയെ റിമാന്‍ഡ് ചെയ്തു

blood (1)

യുവതി ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതി വടകര മടപ്പള്ളി കോളേജിന് സമീപം മാളിയേക്കല്‍ അബ്ദുള്‍ ബഷീറി(46)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഭിന്നശേഷിക്കാരനായ ഇയാളെ പാലക്കാട്ടുനിന്നാണ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മകള്‍ ഖദീജത്തുല്‍ മിസ്രിയയുടെ മൃതദേഹം ബാഗിലാക്കി വലിച്ചെറിഞ്ഞ നിലയില്‍ കോഴിക്കോട് അരയിടത്തുപാലം സ്വകാര്യ ആശുപത്രിക്ക് പിറകുവശം കനോലികനാലില്‍നിന്ന് പൊലീസ് കണ്ടെടുത്തു. മൃതദേഹം കുന്നമംഗലത്തെ ഒരു ജ്വല്ലറിയുടെ ബാഗിലാക്കിയ നിലയില്‍ കനാലില്‍ പൊങ്ങിക്കിടക്കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കളരിക്കണ്ടി ആലിന്‍തോട്ടത്തില്‍ ഷാഹിദ(36)യെ ഒറ്റമുറിയുള്ള വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ അയല്‍വാസികള്‍ വാതിലിന്റെ താക്കോല്‍ പഴുതിലൂടെ നോക്കിയപ്പോഴാണ് ഷാഹിദയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം അബ്ദുള്‍ ബഷീറിനെയും ഒന്നര വയസ്സുള്ള മകള്‍ ഖദീജത്തുല്‍ മിസ്രിയയെയും കാണാനില്ലായിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷമാണ് ഷാഹിദ അബ്ദുള്‍ ബഷീറിനോടൊപ്പം താമസമാക്കിയത്. അബ്ദുള്‍ ബഷീര്‍ കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കരയില്‍നിന്ന് ഒരു വിവാഹം കഴിച്ചിട്ടുണ്ട്. കുട്ടി തന്റേതല്ലെന്നും ഷാഹിദക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്നുമുള്ള സംശയവുമാണ് കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ഇയാള്‍ പൊലീസില്‍ നല്‍കിയ മൊഴി.

സംഭവശേഷം ഹാന്‍ഡ് ബ്രേക്ക് ഘടിപ്പിച്ച നാനോ കാറിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. പുലര്‍ച്ചെയാണ് പ്രതി രണ്ടുപേരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മിസ്രിയയയെ ബാഗിലാക്കി കാറില്‍വച്ചു. തുടര്‍ന്ന് പാലക്കല്‍ പമ്പില്‍നിന്ന് പെട്രോള്‍ അടിച്ച് കോഴിക്കോട് അരയിടത്തുപാലത്തിനടുത്ത് കനോലികനാലില്‍ കുട്ടിയുടെ മൃതദേഹമടങ്ങിയ കവര്‍ വലിച്ചെറിയുകയായിരുന്നു. പിന്നീട് കോഴിക്കോട് മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിലുള്ള തന്റെ കടയില്‍ വിശ്രമിച്ചശേഷം ചായകുടിച്ച് കാറില്‍ പാലക്കാട്ടേക്ക് പോയി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കിയാണ് പൊലീസ് ഇയാളെ പാലക്കാട് കല്ലടിക്കോടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ചേവായൂര്‍ സിഐ കെ കെ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്