ഉനൈസിന്റെ മരണ കാരണം അമിത മയക്കുമരുന്ന് ഉപയോഗം;രാസ പരിശോധന റിപ്പോര്‍ട്ട്

drugs

കണ്ണൂര്‍ എടക്കാട് ഓട്ടോ ഡ്രൈവര്‍ ഉനൈസ് മരിച്ചത് അമിതമായ മയക്കുമരുന്നിന്റെ ഉപയോഗം മൂലമെന്ന് രാസ പരിശോധന റിപ്പോര്‍ട്ട്.ഉനൈസിന്റെ ആന്തരിക അവയവങ്ങളില്‍ അമിതമായ അളവില്‍ ഹൈറോയിന്റെ സാനിധ്യം കണ്ടെത്തി.പോലീസ് മര്‍ദ്ദനം മൂലമാണ് ഉനൈസ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഈ മാസം രണ്ടാം തീയതിയാണ് കണ്ണൂര്‍ എടക്കാട് സ്വദേശിയായ എ ഉനൈസ് മരിച്ചത്.മരണത്തിനു രണ്ടു മാസം മുന്‍പ് ഭാര്യ പിതാവിന്റെ സ്കൂട്ടര്‍ കത്തിച്ചതിന് ഉനൈസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അന്ന് പോലീസില്‍ നിന്നും ഏറ്റ മര്‍ദ്ദനമാണ് മരണ കാരണം എന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.എന്നാല്‍ ഈ ആരോപണം തെറ്റാണെന്നു തെളിയിക്കുന്നതാണ് പുറത്തു വന്ന രാസ പരിശോധന റിപ്പോര്‍ട്ട്. ഉനൈസിന്റെ ശരീരത്തില്‍ അമിതമായ അളവില്‍ മയക്കു മരുന്നിന്റെ സാന്നിധ്യം പരിശോധനായില്‍ കണ്ടെത്തി.ഹൈറോയിന്‍ എന്ന മയക്കു മരുന്നിന്റെ അമിതമായ ഉപയോഗമാണ് മരണകാരണം എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഉനൈസിനു മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.12 മയക്ക് മരുന്ന് കേസുകളില്‍ പ്രതിയായ ആളുമായി ഉനൈസ് ഫോണില്‍ ബന്ധപ്പെടുന്നതിന്റെ രേഖകളും ലഭിച്ചിരുന്നു. ഉനൈസ്സിന്റേത് കസ്റ്റഡി മരണമാണെന്ന ആരോപണത്തെ തുടര്‍ന്ന് പ്രതിപക്ഷവും സര്‍ക്കാരിനെതിരെ ഇത് ആയുധമാക്കിയിരുന്നു.ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തൃശൂര്‍ റേഞ്ച് ഐ ജി എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചിരുന്നു. അതിനിടെയാണ് മരണ കാരണം മര്‍ദ്ദനമല്ല മയക്കു മരുന്ന് ആണെന്ന് വ്യക്തമാക്കി രാസ പരിശോധന ഫലം പുറത്തു വന്നത്.