നിപ്പാ വൈറസ് ബാധ;ഒരാൾ കൂടി മരിച്ചു

unburried dead

കോഴിക്കോട് നിപ്പാ വൈറസ് ബാധിച്ച്‌ ഒരു മരണംകൂടി സ്ഥിരീകരിച്ചു. ഈ മാസം 16 മുതല്‍ ചികിത്സയിലായിരുന്ന നരിപ്പറ്റ സ്വദേശി കല്യാണിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു മരണം. ഇതോടെ നിപ്പാ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിമൂന്നായി. നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച്‌ കല്യണിയടക്കം മൂന്ന് പേരാണ് വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയത്. പുതുതായി ആര്‍ക്കും തന്നെ നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് നിപ്പാ നിയന്ത്രണ വിധേയമായെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം നിപ്പ വൈറസ് ബാധയുടെ ഉറവിടം പന്തിരിക്കരയിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയ വവ്വാലല്ല എന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആരംഭിച്ചു. പഴം തീനി വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിക്കാനാണ് നീക്കം. കിണറ്റില്‍ കണ്ടെത്തിയ വവ്വാലല്ല നിപ്പ വൈറസ് ബാധയുടെ ഉറവിടമെന്ന് പ്രാഥമിക പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് മൃഗസംരക്ഷണവകുപ്പ് കൂടുതല്‍ പരിശോധന നടത്തുന്നത്. സമീപത്തെ പഴം തീനി വവ്വാലുകളുടെ സാമ്പിളുകൾ പരിശോധിക്കാനാണ് തീരുമാനം. വവ്വാലിനെ പിടിക്കുക എളുപ്പമല്ലെന്നതിനാല്‍ അവയുടെ കാഷ്ഠം ശേഖരിച്ച്‌ പരിശോധനക്ക് അയയ്ക്കും.