Friday, April 19, 2024
HomeKeralaശബരിമലയിലെ കൊടിമരം കേടുപാടുകള്‍ തീര്‍ത്ത് പൂര്‍വ്വസ്ഥിതിയിലാക്കി

ശബരിമലയിലെ കൊടിമരം കേടുപാടുകള്‍ തീര്‍ത്ത് പൂര്‍വ്വസ്ഥിതിയിലാക്കി

ശബരിമലയിലെ അയ്യപ്പസന്നിധിയില്‍ പ്രതിഷ്ഠിച്ച പുതിയ കൊടിമരം പൂര്‍വസ്ഥിതിയിലാക്കി. ശില്‍പ്പി അനന്തന്‍ ആചാരിയുടെ നേതൃത്വത്തിലാണ് കേടുപാടുകള്‍ തീര്‍ത്തത്. കൊടിമരത്തില്‍ വീണ്ടും സ്വര്‍ണം പൂശിയിട്ടുണ്ട്. ഇന്നലെയാണ് ആന്ധ്രസ്വദേശികളായ അഞ്ചുപേര്‍ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആന്ധ്ര വിയ്യൂര്‍ സ്വദേശികളായ വെങ്കിട്ട റാവു, സഹോദരന്‍ ഇ എന്‍ എല്‍ ചൗധരി, സത്യനാരായണ റെഡ്ഡി, ഉമാമഹേശ്വര റെഡ്ഡി, സുധാകര റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്. അതേസമയം കൊടിമരത്തിനു കേടു വരുത്തിയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള വിജയവാഡ സ്വദേശികളായ മൂന്നു പേരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനായി ആന്ധ്രാ പൊലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ഫോറന്‍സിക് വിദഗ്ധരെത്തി കൊടിമരത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. കസ്റ്റഡിയിലുള്ള സത്യനാരായണ റെഡ്ഡിയേയും സംഘത്തേയും പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. അട്ടിമറി സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശവും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. ആചാരപരമായാണ് നവധാന്യങ്ങള്‍ക്കൊപ്പം രസം കൊടിമരത്തില്‍ തളിച്ചതാണെന്ന മൊഴിയാണ് സത്യനാരായണ റെഡ്ഡി നല്കിയിരിക്കുന്നത്. സത്യനാരായണ റെഡ്ഡിയും സംഘവും കഴിഞ്ഞ മൂന്നു ദിവസമായി സന്നിധാനത്ത് ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ആന്ധ്ര പൊലീസിന്റെ പ്രത്യേക സംഘവും കേരളത്തിലെത്തും. കൊടിമരത്തിന്റെ കേടുപാട് സംഭവിച്ച ഭാഗത്തു നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഞായറാഴ്ച ഉച്ചപൂജയ്ക്ക് ശേഷം 1.27നാണ് പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ ഇവര്‍ ദ്രാവകമൊഴിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പമ്പ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് സന്ധ്യയോടെ ഇവരെ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കൊടിമരത്തിന് ചെലവായ മൂന്നുകോടി 20 ലക്ഷം രൂപ ഹൈദരാബാദിലെ ഫീനിക്സ് ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വഴിപാടായി നല്കിയത്. പിടിയിലായവര്‍ ആന്ധ്രപ്രദേശുകാരായതിനാല്‍ ഈ സ്ഥാപനവുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉച്ചപൂജയ്ക്ക് ശേഷം പഞ്ചവര്‍ഗത്തറയിലെ നിറം മാറിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോളാണ് ഏതോ ദ്രാവകം ഒഴിച്ചതായി മനസിലായത്. ഞായറാഴ്ച രാവിലെ 11.50നും 12.30നും മധ്യേയാണ് കൊടിമരത്തില്‍ വാജിവാഹനപ്രതിഷ്ഠ നടത്തിയത്. അതിനുശേഷം അഷ്ടദിക്പാലകന്മാരെ പ്രതിഷ്ഠിച്ച് അഭിഷേകം നടത്തുകയും ചെയ്തിരുന്നു. കൊടിമരത്തിന്റെ പറകള്‍ തേക്കുമരത്തില്‍ സ്ഥാപിക്കുന്ന ചടങ്ങ് ശനിയാഴ്ച പുലര്‍ച്ചെ പൂര്‍ത്തിയായിരുന്നു. പുലര്‍ച്ചെ 4.25നായിരുന്നു പണികഴിഞ്ഞത്. അഞ്ച് സ്വര്‍ണ പറകളാണ് കൊടിമരത്തിനുള്ളത്. മൂന്നുകോടി 20 ലക്ഷം രൂപയാണ് സ്വര്‍ണക്കൊടിമരത്തിന് ചെലവായത്. ഹൈദരാബാദിലെ ഫീനിക്സ് ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇതിനുള്ള പണം വഴിപാടായി നല്‍കിയത്.10 കിലോ സ്വര്‍ണം, 17 കിലോ വെള്ളി, 250 കിലോ ചെമ്പ് എന്നിവയാണ് കൊടിമരത്തിന് ഉപയോഗിച്ചത്. 1957-58 കാലഘട്ടത്തില്‍ നിര്‍മിച്ചതാണ് ശബരിമലയിലെ കൊടിമരം. ദേവപ്രശ്നത്തില്‍ കേടുപാടുകളുണ്ടെന്നു കണ്ടതിനെത്തുടര്‍ന്നാണ്, തടിയില്‍ കൊടിമരം നിര്‍മിച്ചു സ്വര്‍ണം പൊതിയാന്‍ തീരുമാനിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments