എട്ടു പേരുടെ മരണത്തിനിടയാക്കിയത് മലയാളിയുടെ വാൻ

britain accident

മലയാളി ഓടിച്ച മിനിവാൻ എട്ടു പേരുടെ മരണത്തിനിടയാക്കി. ബ്രിട്ടണിലെ നോട്ടിങ്ഹാമിലാണ് വാഹനാപകടമുണ്ടായത്. ഇപ്പോൾ നോട്ടിങ്ഹാമിൽ താമസിക്കുന്ന ചേർപ്പുങ്കൽ സ്വദേശി ബെന്നിയുടെ വാനാണ് അപകടമുണ്ടാക്കിയത്. ബെന്നിയാണ് അപകടസമയത്ത് വാൻ ഓടിച്ചിരുന്നത്. മിൽട്ടൻ കെയ്ൻസിനു സമീപത്ത് ഇന്ത്യൻ സമയം ഇന്നു രാവിലെ എട്ടോടെ എം 1 മോട്ടോർവേയുടെ സൗത്ത്ബൗണ്ട് കാര്യേജ്‌വേയിൽ രണ്ട് ട്രക്കുകളുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 13 പേരാണ് വാനിലുണ്ടായിരുന്നത്. ഇവരിലേറെയും വിപ്രോ ഐടി കമ്പനിയിലെ ജീവനക്കാരായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ ഒരു കുട്ടിയുമുണ്ട്. രണ്ട് ട്രക്കുകളുടെയും ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ ഒരാൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും സ്കോട്‌ലൻഡ് യാർഡ് പൊലീസ് അറിയിച്ചു.