പള്‍സര്‍ സുനി ദൈവമായി മാറി: നടൻ ദിലീപ്

പള്‍സര്‍ സുനി പൊലീസിന് ദൈവമായി മാറിയെന്ന് ദിലീപ് ഹൈക്കോടതിയില്‍. പൊലീസ് വിവരങ്ങള്‍ മറച്ചു വയ്ക്കുകയാണെന്നും നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദത്തിനിടെ പ്രതിഭാഗം ആരോപിച്ചു. ഹര്‍ജിയില്‍ ദിലീപിന്റെ വാദം പൂര്‍ത്തിയായി. നാളെ പ്രോസിക്യൂഷന്റെ വാദം നടക്കും. രണ്ടാമത്തെ ജാമ്യാപേക്ഷ തള്ളിയ ശേഷം സാഹചര്യങ്ങളില്‍ മാറ്റം ഉണ്ടോ എന്നാണ് ഇനി പരിശോധിക്കാന്‍ ഉള്ളതെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കേസിന്റെ അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ പ്രോസിക്യൂഷന്‍ ദിലീപിനെ അറിയിക്കുന്നില്ലെന്ന് പ്രതിഭാഗം കോടതിയില്‍ പരാതിപ്പെട്ടു. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പോലും അന്വേഷണ സംഘം പ്രതിഭാഗത്തിന് കൈമാറുന്നില്ല. ദിലീപിന്റെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എന്താണെന്ന് പോലും പ്രോസിക്യൂഷന്‍ വ്യക്തമായി പറയുന്നില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. സുനിലിന്റെ മൊഴിയെ മാത്രം വിശ്വസിച്ചാണ് അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്. ഇങ്ങനെ പോയാല്‍ സുനിലിനെ അന്വേഷണ സംഘം മാപ്പുസാക്ഷിയാക്കുമെന്നും പ്രതിഭാഗം പറഞ്ഞു. ദിലീപിനെ വിചാരണ തടവുകാരനാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ദിലീപന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാമന്‍ പിള്ള കോടതിയെ അറിയിച്ചു. നഗ്‌ന ചിത്രം പകര്‍ത്തിയെന്ന് പറയപ്പെടുന്ന ഫോണ്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണ്. അതില്‍ ദിലീപിന് പങ്കിലെന്ന് അദ്ദേഹം വാദിച്ചു. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന മൊഴിയില്‍ പോലും കൃത്യമായി അന്വേഷണം നടത്താന്‍ പോലീസിനായില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസ് ഡയറി മുദ്രവച്ച കവറില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഒന്നരമണിക്കൂര്‍ നീണ്ട വാദത്തിനിടെ പ്രോസിക്യൂഷനെതിരെ ശക്തമായ ആരോപണങ്ങളാണ് ദിലീപിന്റെ അഭിഭാഷകന്‍ ഉന്നയിച്ചത്. ദിലീപിനെതിരെ കൃത്രിമമായ തെളിവുണ്ടാക്കാനാണ് പൊലീസിന്റെ ശ്രമം. ഇതിന് കൊടും ക്രിമിനലായ പള്‍സര്‍ സുനിയുടെ മൊഴിയെ ആശ്രയിക്കുകയാണ് പൊലീസ്. പള്‍സര്‍ സുനി പൊലീസിന് ദൈവമായി മാറിയിരിക്കുന്നുവെന്നും പ്രതിഭാഗം ആരോപിച്ചു. ഇത് മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്.