കെന്നഡിയെ കൊലപ്പെടുത്തിയത് ആരാണ്? രഹസ്യ ചുരുളഴിയുകയാണ്

kennedy

മുൻ അമേരിക്കന്‍ പ്രസിഡന്റ് ജോൺ.എഫ്.കെന്നഡിയെ കൊലപ്പെടുത്തിയത് ആരാണ്? കൊലപാതക രഹസ്യ രേഖകളുടെ അവസാന ഭാഗം ഇന്നു പുറത്തുവിടുമോ? ഡോണൾഡ് ട്രംപിന്റെ നീക്കമെന്തായിരിക്കും? ഇതെല്ലാം ലോകം ഉത്കണ്ഠയോടെ ഉറ്റു നോക്കുകയാണ്. അരനൂറ്റാണ്ടിലേറെപഴക്കമുള്ള നിഗൂഢതകളുടെ ചുരുൾ അഴിയുകയാണ്. രഹസ്യ രേഖകളെല്ലാം ഒക്ടോബർ 26നു പുറത്തുവിടുമെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അവസാന നിമിഷത്തിൽ പിന്മാറാനും പ്രസിഡന്റിന് അവകാശമുണ്ട്. നാഷനൽ ആർക്കൈവ്സിൽ സൂക്ഷിച്ചിരിക്കുന്ന മൊത്തം രേഖകൾ ഏകദേശം അഞ്ചു ലക്ഷത്തിലേറെ പേജുണ്ട്.

1963 നവംബർ 22ന് ഉച്ചയ്‌ക്കു 12.30നാണ് ടെക്‌സസിലെ ഡാലസിൽ ലീ ഹാർവി ഓസ്വാൾഡ് എന്നയാളുടെ വെടിയേറ്റ് കെന്നഡി കൊല്ലപ്പെടുന്നത്. ഇരുപത്തിനാലുകാരനായ ഓസ്വാൾഡ് സംഭവസ്‌ഥലത്തിനു സമീപമുള്ള ഒരു കെട്ടിടത്തിലെ ആറാം നിലയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ബുക്ക് ഡിപ്പോയിലെ ജോലിക്കാരനായിരുന്നു. ആ കെട്ടിടത്തിൽ നിന്നാണു കെന്നഡിയുടെ നേരെ വെടിവച്ചതും. ഓസ്വാൾഡാകട്ടെ മണിക്കൂറുകൾക്കകം ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമയുടെ വെടിയേറ്റു മരിച്ചു. പൊലീസ് അറസ്റ്റു ചെയ്ത് കൈയാമം വച്ചു കൊണ്ടുപോകുമ്പോൾ, എല്ലാവരും നോക്കിനിൽക്കെയായിരുന്നു കൊലപാതകം. സാധാരണക്കാരനായ ഓസ്വാൾഡ് എന്തിനാണ് കെന്നഡിയെ കൊലപ്പെടുത്തുന്നത് എന്നതായിരുന്നു അന്നുയർന്ന പ്രധാന ചോദ്യം. സംഭവത്തിനു തൊട്ടുപിന്നാലെ ഓസ്വോൾഡ് കൊല്ലപ്പെട്ടതും സംഭവത്തിലെ നിഗൂഢത ശക്തമാകാൻ കാരണമായി. ജാക്ക്റൂബി പിന്നീട് ജയിലിൽ വച്ചു കാൻസർ ബാധിച്ചു മരിച്ചു.

മെക്സിക്കോയിലേക്ക് ഓസ്വാൾഡ് കൊലപാതകത്തിനു തൊട്ടു മുൻപ് യാത്ര നടത്തിയെന്ന റിപ്പോർട്ടും അതിനിടെ ലഭിച്ചു. സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(സിഐഎ)യും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (എഫ്ബിഐ) പിന്നീട് അന്വേഷണം നടത്തിയത് ആ വഴിക്കായിരുന്നു. 1963 സെപ്റ്റംബറിൽ നടന്ന ഓസ്വോൾഡിന്റെ മെക്സിക്കോ യാത്രയിൽ എന്താണു സംഭവിച്ചതെന്ന് സിഐഎയും എഫ്ബിഐയും കണ്ടെത്തിയ കാര്യങ്ങളാണ് ഇനി പുറത്തു വരാനിരിക്കുന്നത്. ക്യൂബയുടെയോ സോവിയറ്റ് യൂണിയന്റെയോ ചാരന്മാരുമായി ഗൂഢാലോചന നടത്താനായിരുന്നു യാത്രയെന്നാണ് പലരും വിശ്വസിക്കുന്നത്. ഓസ്വാൾഡിനു പഴയ സോവിയറ്റ് യൂണിയനുമായി ‘രഹസ്യ’ ബന്ധം ഉണ്ടായിരുന്നതായും ഒട്ടേറെ പേർ കരുതുന്നു. അതേസമയം വർഷങ്ങളായി കെന്നഡി വധത്തിലെ നിഗൂഢതകളെപ്പറ്റി അന്വേഷിക്കുന്ന വിദഗ്ധ സംഘങ്ങൾക്കു പുതിയ രേഖകൾ സഹായകരമാകില്ലെന്നാണു കരുതുന്നത്. ഒട്ടേറെ ഗൂഢാലോചനാ സിദ്ധാന്തങ്ങളും പുസ്തകങ്ങളും ടിവി ഷോകളും ഗവേഷണ റിപ്പോർട്ടുകളുമെല്ലാം ഇതുമായി ബന്ധപ്പെട്ട് ഇതിനോടകം പുറത്തുവന്നു കഴിഞ്ഞതാണ്. കെന്നഡിയുടെ മരണത്തിനു പിന്നിൽ മാഫിയാസംഘങ്ങളാണെന്നും ക്യൂബയാണെന്നും അതല്ല മറ്റു രാജ്യങ്ങളിലെ രഹസ്യ ഏജന്റുമാരാണെന്നുമൊക്കെയുള്ള ‘സിദ്ധാന്ത’ങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സിഐഎ തന്നെയാണു കെന്നഡിയെ കൊലപ്പെടുത്തിയതെന്ന വാദവുമുണ്ടായി. ഇത്തരം ആരോപണങ്ങളിലേക്കു വെളിച്ചം വീശുന്ന വിവരങ്ങളൊന്നും പുതിയ രേഖകളിൽ ഉണ്ടാകില്ലെന്നാണു കരുതുന്നത്. കെന്നഡിയുടെ വധത്തിനു പിന്നാലെയാണ് രാഷ്ട്രീയപരമായ കാരണങ്ങളാലുള്ള കുപ്രസിദ്ധ കൊലപാതകങ്ങൾ യുഎസിൽ തുടർക്കഥയായത്. മനുഷ്യാവകാശ പ്രവർത്തകൻ മാർട്ടിൻ ലുഥർ കിങ് 1968ഏപ്രിലിലും കെന്നഡിയുടെ സഹോദരന്‍ റോബർട് എഫ്.കെന്നഡി 1968 ജൂണിലും കൊല്ലപ്പെട്ടു. ജോൺ.എഫ്.കെന്നഡിവധവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ രേഖകളും ഘട്ടംഘട്ടമായി പുറത്തുവിടണമെന്ന് 1992ൽ യുഎസ് കോൺഗ്രസ് ഉത്തരവിട്ടിരുന്നു. 2017 ഒക്ടോബർ 26 ആണ് ഇതിന് അനുവദിച്ചിട്ടുള്ള അവസാന തീയതി. പുറത്തു വിടുമോയെന്ന കാര്യത്തിൽ അഭ്യൂഹം നിലനിൽക്കെയാണ് ഇക്കാര്യത്തിൽ ട്രംപ് ഉറപ്പു നൽകിയത്.