Thursday, March 28, 2024
HomeInternationalചരിത്രത്തിലാദ്യമായി ഫ്രാൻസിസ് മാർപാപ്പ മ്യാൻമറിലെത്തുന്നു

ചരിത്രത്തിലാദ്യമായി ഫ്രാൻസിസ് മാർപാപ്പ മ്യാൻമറിലെത്തുന്നു

ചരിത്രത്തിലാദ്യമായി മ്യാൻമറിലെത്തുന്ന ഫ്രാൻസിസ് മാർപാപ്പയെ സ്വാഗതം ചെയ്യാൻ ഇവിടുത്തെ സഭാനേതൃത്വവും വിശ്വാസിസമൂഹവും തിരക്കിട്ട തയാറെടുപ്പുകളിൽ. ഈ മാസം 27ന് മാർപാപ്പ മ്യാന്‍മറിൽ എത്താനിരിക്കെ ഒരുക്കങ്ങൾ അവസാന നിമിഷങ്ങളിലേക്കു കടക്കുകയാണ്. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്റെ സന്ദർശനത്തിലുള്ള ആവേശം രാജ്യത്ത് എല്ലായിടത്തും പ്രകടമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ മാർപാപ്പയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപേ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്താണ് വിദൂര ദേശങ്ങളിലുള്ളവർ യാങ്കൂണിൽ എത്തിയിരിത്തുന്നത്. ഇവരിൽ കുട്ടികളും വയോജനങ്ങളും ഉൾപ്പെടെയുള്ളവരുണ്ട്. വടക്കൻ അതിർത്തിയിലെ മച്ചിനാ സെൻകുളംബ ഇടവകയിൽ നിന്നു മാത്രം രണ്ടായിരത്തോളം പേരാണ് യങ്കൂണിൽ എത്തിയിരിക്കുന്നത്. അതേസമയം, അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വാർത്തയുമായാണ് താൻ മ്യാൻമറിലേക്കു വരുന്നതെന്ന് സന്ദർശനത്തിനു മുന്നോടിയായുള്ള സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു. കലാപകലുഷിതമായ ഈ ചെറുരാജ്യത്ത് സ്നേഹവും സമാധാനവും നിലനിന്നു കാണണം എന്നു ലോകം ആഗ്രഹിക്കുന്നുണ്ട് – അദ്ദേഹം വ്യക്തമാക്കി.

ജന്മനാട്ടിൽ നിന്നു പലായനം ചെയ്യാൻ നിർബന്ധിതരായ ലക്ഷക്കണക്കിനു രോഹിൻഗ്യ മുസ്‌ലിംകളെക്കുറിച്ചു ‌ഫ്രാൻസിസ് മാർപാപ്പ എന്തു പറയുമെന്ന കാര്യത്തിൽ ഭരണകൂടവും വിശ്വാസിസമൂഹവും ഒരേപോലെ ആകാംക്ഷയിലാണ്. രോഹിൻഗ്യ അഭയാർഥികളുടെ പ്രശ്നത്തിൽ മാർപാപ്പ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്നറിയാൻ രാജ്യാന്തര സമൂഹത്തിനും താത്പര്യമുണ്ട്. ‘സാധാരണക്കാരുടെയും അടിച്ചമർത്തപ്പെടുന്നവരുടെയും മാർപാപ്പ’ തന്റെ ധാർമികാധികാരം ഉപയോഗിച്ച് മനുഷ്യത്വപരമായ സമീപനത്തിന് ആഹ്വാനം ചെയ്തു കൂടെന്നില്ല. എന്നാൽ ജനാധിപത്യത്തിലേക്ക് ചുവ‍ടുവച്ചു തുടങ്ങിയ രാജ്യത്ത് വിവാദപ്രസ്താവനകൾ നടത്തുന്നത് നയതന്ത്രപരമായി പ്രയോജനം ചെയ്യില്ല എന്ന വിലയിരുത്തലുമുണ്ട്. മ്യാൻമറിലെ കത്തോലിക്കാ സമൂഹം ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ്. ഈ ന്യൂനപക്ഷത്തിന്റെ സുരക്ഷിതത്വവും സഭയുടെ പരമാധ്യക്ഷന് അവഗണിക്കാനാകില്ല. അസ്വസ്ഥതകൾ നിലനിൽക്കുന്ന മ്യാൻമറിലേക്ക് മാർപാപ്പ വരുന്നത് സമാധാനത്തിന്റെ പുതുവഴി തുറക്കുമെന്ന് സിബിസിഐ പ്രസിഡന്റ് മാർ ഫെലിക്സ് ലിയാൻ പറഞ്ഞു. പരസ്പരം ബഹുമാനിക്കാനും അന്യോന്യം തുണയാകാനും വിവിധ സമൂഹങ്ങൾക്കുള്ള സന്ദേശമായി മാർപാപ്പയുടെ സന്ദർശനം മാറുമെന്ന ശുഭപ്രതീക്ഷയാണ് അദ്ദേഹം പങ്കുവച്ചത്. മ്യാൻമർ പര്യടനം 30നു പൂർത്തിയാക്കുന്ന മാർപാപ്പ ത്രിദിന സന്ദർശനത്തിന് അന്നു ബംഗ്ലദേശിലെത്തും. അവിടെ ആർച്ച് ബിഷപ് മാർ ജോർജ് കൊച്ചേരിയുടെ നേതൃത്വത്തിലുള്ള വിശ്വാസസമൂഹമാണ് അദ്ദേഹത്തെ വരവേൽക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments