‘കണ്ണേ കരളേ രമേശേ ധീരതയോടെ നയിച്ചോളൂ’’ റാന്നിയിൽ ആർപ്പുവിളി

ramesh chennithala

ചെണ്ടമേളം, ബാൻഡ് മേളം, നാസിക് ഡോൾ. ആവേശം വിതറാൻ പുരുഷാരം. ‘‘കണ്ണേ കരളേ രമേശേ ധീരതയോടെ നയിച്ചോളൂ’’ എന്ന ആർപ്പുവിളികളുമായി വിദ്യാർഥിക്കൂട്ടം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം മലയോര റാന്നിയിൽ പടപ്പുറപ്പാടിനുള്ള കേളികൊട്ടായി മാറി. നിശ്ചിത സമയത്തിന് രണ്ടു മണിക്കൂർ വൈകി നട്ടുച്ചയ്ക്കത്തെ പൊരിയുന്ന വെയിലിലാണ് രമേശ് റാന്നിയിലെത്തിയത്. ഇട്ടിയപ്പാറ മിനർവ പടിയിൽ നിന്നായിരുന്നു സ്വീകരണം. വാദ്യമേളങ്ങൾക്കു പുറമെ കരകം തുള്ളൽ, മൂവർണത്തിലുള്ള ബലൂണുകൾ എന്നിവ സ്വീകരണത്തിനു മാറ്റുകൂട്ടി. ആവേശം കൊടുമുടി കയറ്റിയാണ് പ്രവർത്തകർ പ്രതിപക്ഷ നേതാവിനെ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലേക്ക് എത്തിച്ചത്. രഥത്തിൽ നിന്നിറങ്ങിയ അദ്ദേഹം ചെമ്പൻമുടിമല സംരക്ഷണസമിതിയുടെ സ്വീകരണം ഏറ്റുവാങ്ങി യുവത്വത്തിന്റെ തോളിലേറിയാണ് വേദിയിലെത്തിയത്. പിന്നാലെ കെഎസ്‌യു പ്രവർത്തകർ അഭിവാദ്യങ്ങളുമായെത്തി. റാന്നി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, കൊല്ലമുള, പമ്പാവാലി, പെരുനാട്, വടശേരിക്കര, ചെറുകോൽ, അയിരൂർ, കൊറ്റനാട്, എഴുമറ്റൂർ, കോട്ടാങ്ങൽ എന്നീ മണ്ഡലങ്ങളിൽ നിന്നുള്ള ഒപ്പു ശേഖരണമായിരുന്നു ആദ്യം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരിൽ നിന്നാണ് ഒപ്പിട്ട ബാനറുകൾ അദ്ദേഹം ഏറ്റുവാങ്ങിയത്.

ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, യുഡിഎഫ് ജില്ലാ കൺവീനർ പന്തളം സുധാകരൻ എന്നിവരുടെ പ്രസംഗങ്ങൾക്കു ശേഷമായിരുന്നു രമേശ് ചെന്നിത്തലയുടെ ഊഴം. സദസിന്റെ വീറും വാശിയും ആവേശവും ഉള്ളിൽ നിറച്ചായിരുന്നു രമേശിന്റെ പ്രസംഗം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ അദ്ദേഹം അക്കമിട്ടു നിരത്തി. മലയോരത്തിന്റെ മനമറിഞ്ഞെന്നോണം കർഷകരുടെ പ്രതീക്ഷകളും ദ്രോഹങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാർ റബർ കർഷകരെ സഹായിക്കാൻ ആരംഭിച്ച പദ്ധതി പിണറായി സർക്കാർ അട്ടിമറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റബർ കർഷകരെ സംരക്ഷിക്കാൻ സർക്കാർ താറായില്ലെങ്കിൽ രണ്ടാം പടപ്പുറപ്പാടുമായി രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പു നൽകിയാണ് പ്രതിപക്ഷ നേതാവ് റാന്നി വിട്ടത്. തൊപ്പിപ്പാളയുമായി കർഷക കോൺഗ്രസും രമേശിനെ സ്വീകരിക്കാനെത്തിയിരുന്നു.