ബി.ജെ.പിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. കർണാടക നിയമസഭ തിരഞ്ഞെടുപ്പ് മുൻകൂട്ടി പ്രഖ്യാപിച്ച ബി.ജെ.പി ഐ.ടി സെൽ തലവനെയും യെദിയൂരപ്പ സർക്കാർ അഴിമതിക്കാരനാണെന്ന് നാക്കുപിഴയിൽ വിശേഷിപ്പിച്ച ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെയും പരിഹസിച്ചാണ് രാഹുൽ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം. ‘ബി.ജെ.പിയുടെ ഐ.ടി. സെൽ തലവൻ കർണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി നമ്മുടെ വളരെ രഹസ്യമായ പ്രചാരണ വീഡിയോ കാണം’ എന്ന കുറിപ്പ് നൽകിയാണ് അമിത് ഷായുടെ പത്രസമ്മേളനത്തിന്റെ വീഡിയോ രാഹുൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ യെദിയൂരപ്പയുടേതാണ് എന്ന പ്രസ്‌താവനയിലൂടെ കോൺഗ്രസിന്റെ കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷാ മികച്ച തുടക്കമാണ് നൽകിയിരിക്കുന്നതെന്നും രാഹുൽ പരിഹസിച്ചു. നേരത്തെ കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ബി.എസ്.യെദിയൂരപ്പ അഴിമതിക്കാരനാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. കർണാടകയിലെ കോൺഗ്രസ് സർക്കാരിന് നേതൃത്വം നൽകുന്ന സിദ്ധരാമയ്യയെ ഉദ്ദേശിച്ച് നടത്തിയ പ്രസ്താവനയാണ് അമിത് ഷായെ വെട്ടിലാക്കിയത്.