ഇന്ത്യക്കാരുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് തിരിച്ചടി; പൗരത്വം ലഭിക്കാൻ പ്രയാസം

usa

‘അമേരിക്കന്‍ സ്വപ്ന’ങ്ങളുമായി കഴിയുന്ന ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ക്ഷമയോടെ ഇനി കാത്തിരിക്കേണ്ടി വരും. ഒരു പതിറ്റാണ്ടു മുമ്പ് ഇന്ത്യക്കാര്‍ക്ക് പൗരത്വം നല്‍കിയിരുന്ന വേഗത ഇപ്പോള്‍ കുറഞ്ഞതാണ് കാരണം. 30 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ 2008 ലാണ് ഏറ്റവുമധികം ഇന്ത്യക്കാര്‍ക്ക് പൗരത്വം ലഭിച്ചത്. 69,971 ഇന്ത്യക്കാര്‍ക്കാണ് അക്കൊല്ലം യു.എസ് പൗരത്വം ലഭ്യമായത്.  1995 – 2000 കാലഘട്ടത്തില്‍ ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യമുള്ള ഇന്ത്യക്കാരുടെ വലിയ തോതിലുള്ള കുത്തൊഴുക്ക് അമേരിക്കയിലേക്ക് ഉണ്ടായതിന്റെ അനന്തരഫലമായിരുന്ന അത്. ഈ കാലഘട്ടത്തില്‍ പ്രതിവര്‍ശം ശരാശരി 1,20,000 ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളാണ് അമേരിക്കന്‍ തീരത്ത് എത്തിയത്. 2017 ല്‍ അമേരിക്കന്‍ പൗരത്വം ലഭിച്ച ഇന്ത്യക്കാരുടെ എണ്ണം 49,601 ആണ്. ഒരു പതിറ്റാണ്ടിനിടെ ഏറ്റവും കുറവ് പൗരത്വം ലഭിച്ച 2014 നെ (37,854) അപേക്ഷിച്ച് ഈ സംഖ്യ ഭേദമാണെങ്കിലും അമേരിക്കന്‍ പൗരത്വം ലഭിക്കുക എന്നത് കൂടുതല്‍ ദുഷ്‌കരമായി മാറി വരികയാണ്. എച്ച് 1 ബി വിസ നയത്തില്‍ അമേരിക്ക വരുത്തുന്ന മാറ്റങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണെന്നും, അമേരിക്കന്‍ കമ്പനികള്‍ പഴയതു പോതെ ഇന്ത്യന്‍ ടെക്കികളെ ആശ്രയിക്കുന്നില്ലെന്നും ഹ്യൂമണ്‍ റിസോഴ്‌സ് കമ്പനിയായ റാന്‍സ്റ്റാഡ് ഇന്ത്യയുടെ സി.ഇ.ഒ പോള്‍ ഡുപയസ് പറഞ്ഞു. 1990 കള്‍ക്കു ശേഷം മെക്‌സിക്കോയ്ക്കും. ചൈനയ്ക്കും പിന്നില്‍ ഏറ്റവുമധികം അമേരിക്കന്‍ പൗരത്വം ലഭിച്ചത് ഇന്ത്യക്കാര്‍ക്കായിരുന്നു. എച്ച് 1 ബി വിസയില്‍ എത്തി ഗ്രീന്‍കാര്‍ഡ് നേടിയ ശേഷം പൗരത്വം എടുത്തവരായിരുന്നു ഇതില്‍ നല്ലൊരു പങ്കും. പക്ഷേ, അമേരിക്കയിലെ വന്‍കിട കോര്‍പറേഷനുകള്‍ തദ്ദേശിയരെ ജോലിക്കെടുക്കാന്‍ ഇപ്പോള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങിയതോടെ ഇന്ത്യന്‍ സാങ്കേതിക വിദഗ്ധരുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്.