പ്രളയം നാശം വിതച്ച പെരുനാട്ടില്‍ ആനന്ദവല്ലിയമ്മക്ക് നഷ്ടപ്പെട്ട 50,000 തിരിച്ചു കിട്ടി

rupees 2000

പ്രളയം നാശം വിതച്ച പെരുനാട്ടില്‍, വീട്ടില്‍ വെള്ളം കയറി വന്‍ നാശനഷ്‌ടം ഉണ്ടായ വീട്ടമ്മയ്‌ക്ക്‌ തൊട്ടു പിന്നാലെ നിര്‍ഭാഗ്യവും ഭാഗ്യവും എത്തി. പെരുനാട്‌ മാര്‍ക്കറ്റിനും മാളികപ്പുറത്തു ക്ഷേത്രത്തിനും ഇടയില്‍ ദിലീപ്‌ ഭവനില്‍ ടി.കെ.ആനന്ദവല്ലിയമ്മയ്‌ക്കാണ്‌ പ്രളയ ദുരന്തത്തിനു പിന്നാലെ അര ലക്ഷം രൂപ കൈമോശം വന്നത്‌.  വെള്ളപ്പൊക്കത്തില്‍ ആനന്ദവല്ലിയമ്മയുടെ വീടിനു കാര്യമായ നാശമാണ്‌ ഉണ്ടായത്‌. കതകുകള്‍ തകര്‍ന്നു. ടി.വി അടക്കം ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ തകരാറിലായി. കതകിനുള്ള തടി വാങ്ങുന്നതിന്‌ ജില്ലാ സഹകരണ ബാങ്കില്‍ നിന്നും എടുത്ത അമ്പതിനായിരം രൂപയാണ്‌ 25ന്‌ ആനന്ദവല്ലിയമ്മയ്‌ക്കു നഷ്‌ടമായത്‌. തകരാറിലായ ടി.വി നന്നാക്കാന്‍ ബന്ധുവായ ഇടപ്പാവൂര്‍ സ്വദേശി രാജേഷിന്റെ കടയിലേക്ക്‌ ഓട്ടോറിക്ഷയില്‍ പോകുമ്പോഴാണ്‌ കൈവശമുണ്ടായിരുന്ന രൂപ വഴിയില്‍ പോയത്‌. റാന്നി എല്‍.ഐ.സി ഓഫീസില്‍ എത്തിയപ്പോഴാണ്‌ രൂപാ കാണാനില്ലെന്ന്‌ അറിഞ്ഞത്‌. തുടര്‍ന്ന്‌ വന്ന്‌ വഴിയിലും പോയ വഴിയിലും വീട്ടിലുമെല്ലാം തിരഞ്ഞു. എന്നാല്‍ പണം കിട്ടിയില്ല. തുടര്‍ന്നാണ്‌ ഓട്ടോ ഡ്രൈവര്‍ സന്തോഷിന്റെ നിര്‍ദ്ദേശപ്രകാരം ചൊവ്വാഴ്‌ച വൈകുന്നേരം പെരുനാട്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്‌.  ഇതിനിടയില്‍ റാന്നി- ഇടപ്പാവൂര്‍ റോഡില്‍ വരവൂര്‍ സ്‌കൂളിനു സമീപം വച്ച്‌ ആര്‍.ഡി ഏജന്റായ ചെറുകോല്‍ പറപ്പള്ളില്‍ ലേഖാ മോഹനന്‌ കുറച്ചു തുക കിട്ടി. ഉടമസ്‌ഥന്‍ ആരെന്നറിയാത്ത തുക യുവതി വൈകാതെ റാന്നി പോലീസ്‌ സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. പോലീസ്‌ ഇക്കാര്യം പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുകയും ചെയ്‌തു. ഇതാണ്‌ ആനന്ദവല്ലിയമ്മയ്‌ക്കു തുണയായത്‌. ഇന്നലെ രാവിലെ തന്നെ ആനന്ദവല്ലിയമ്മ പെരുനാട്‌ പോലീസിനെ സമീപിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം റാന്നി സ്‌റ്റേഷനിലെത്തിയ വീട്ടമ്മ തന്റെ നഷ്‌ടപ്പെട്ട പണം തിരിച്ചറിഞ്ഞു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ കിടന്നു കിട്ടിയ അമ്പതിനായിരം രൂപ ഒരു ചില്ലിക്കാശു പോലും നഷ്‌ടമാകാതെ അന്നു തന്നെ പോലീസ്‌ സേ്‌റ്റഷനില്‍ ഏല്‌പിച്ചു സത്യസന്ധത കാട്ടിയ ലേഖയും സ്‌റ്റേഷനില്‍ എത്തിയിരുന്നു. എസ്‌.ഐ അനീഷ്‌കുമാറിന്റെ സാന്നിധ്യത്തില്‍ ലേഖാ മോഹന്‍ ആനന്ദവല്ലിയമ്മയ്‌ക്ക്‌ പണം കൈമാറി. നിറകണ്ണുകളോടെ പണം ഏറ്റുവാങ്ങിയ വയോധിക ലേഖയ്‌ക്ക്‌ സ്‌നേഹചുംബനം നല്‍കിയാണ്‌ സ്‌റ്റേഷനില്‍ നിന്നും പോയത്‌. തുടര്‍ന്ന്‌ ഇരുവരും ചേര്‍ന്ന്‌ സമീപത്തെ തോട്ടമണ്‍കാവ്‌ ദേവീ ക്ഷേത്രത്തിലെത്തി വഴിപാടു കഴിച്ച ശേഷമാണ്‌ പിരിഞ്ഞത്‌.