Friday, March 29, 2024
HomeNationalനടി ശ്രീദേവിക്ക് ബോളിവുഡ് കണ്ണീരോടെ വിടചൊല്ലി; 'ശ്രീ' ഇനി ഓർമ്മകളിൽ...

നടി ശ്രീദേവിക്ക് ബോളിവുഡ് കണ്ണീരോടെ വിടചൊല്ലി; ‘ശ്രീ’ ഇനി ഓർമ്മകളിൽ…

ഇന്ത്യന്‍ സിനിമയുടെ ‘ശ്രീ’ എന്ന് വിശേഷിപ്പിക്കാവുന്ന നടി ശ്രീദേവിയെ അവസാനായാത്രയ്ക്കായി അണിയിച്ചൊരുക്കിയത് കടുംചുവപ്പു നിറത്തിലുള്ള കാഞ്ചീപുരം പട്ടുടുപ്പിച്ചാണ്.സൗന്ദര്യത്തെ ഒരുപാട് സ്‌നേഹിച്ചിരുന്ന താരത്തിന് ഏറ്റവും പ്രിയപ്പെട്ട ആഭരണങ്ങളും മേക്ക് അപ്പും ധരിപ്പിച്ച്‌ വെളുത്ത പൂക്കൾ കണ്ട് അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര തുടങ്ങിയത്. ‘ചുവന്ന സാരിയിൽ പ്രസന്നതയോടും സമാധാനത്തോടും കൂടെ ശ്രീദേവി ’ – സെലിബ്രേഷൻ സ്പോർട്സ് ക്ലബിലെത്തിയ നടിയും എംപിയുമായ ഹേമമാലിനി ട്വിറ്ററിൽ കുറിച്ചതിങ്ങനെയാണ്. എന്റെ അവസാന ആദരവും ഞാൻ ശ്രീദേവിക്കു അർപ്പിച്ചു. ചലച്ചിത്ര ലോകം മുഴുവനും അവിടെയുണ്ടായിരുന്നു. വിഷാദത്തിലും ചിലർ തകർച്ചയുടെ വക്കിലുമായിരുന്നുവെന്നും ഹേമമാലിനി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

പത്മശ്രീ ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുംബൈയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ നിന്നാണ് പുറപ്പെട്ടത്. വിലാപയാത്ര ആരംഭിക്കുന്നതിനു തൊട്ടു മുമ്പ്​ അന്ധേരി ലോഖ്​ണ്ടാവാലയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ് ഗാര്‍ഡനില്‍ പൊലീസ്​ ഗാർഡ്​ ഒാഫ്​ ഹോണർ നൽകി. സ്പോർട്സ് ക്ലബ്ബിൽ ടെലിവിഷൻ മാധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. മാധ്യമപ്രവർത്തകർക്ക് ആദരാഞ്ജലികൾ അർപ്പിക്കാമെന്നും എന്നാൽ ക്യാമറകൾ പുറത്തുവച്ചു മാത്രമേ പ്രവേശിക്കാവൂയെന്നും കുടുംബം അറിയിച്ചിരുന്നു. അന്തിമോപചാരം അർപ്പിക്കുവാൻ ബോളിവുഡ് സിനിമാ ലോകവും ശ്രീദേവിയെ സ്നേഹിക്കുന്ന ആയിരങ്ങളും ദുഃഖം അണപൊട്ടിയൊഴുകുന്ന അന്തരീക്ഷത്തിൽ അണിനിരന്നിരുന്നു. ശ്രീദേവിയുടെ ചേതനയറ്റ ശരീരം അവസാനമായി ഒരു നോക്ക് കാണാൻ റോഡരികിലും മറ്റും തിങ്ങി കൂടിയ ആളുകളെ നിയന്ത്രിക്കാനാവാതെ പൊലീസ് കുഴങ്ങി. പൊതുദർശനം അവസാനിപ്പിക്കുമ്പോഴും ഗേറ്റിനു പുറത്ത് ആയിരങ്ങൾ വികാരഭരിതരായി കാത്തുനിൽക്കുകയായിരുന്നു.

വില്ലെപാര്‍വെ സേവ സമാജ് ശ്മശാനത്തിലാണ് ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ചത്. ബോളിവുഡിന്‍റെ ലേഡി സൂപ്പർസ്റ്റാറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് ലഭിച്ചത്. ഇന്നലെ രാത്രി മുതൽ ബോളിവുഡ്​ താരങ്ങളും രാഷ്​ട്രീയ സാംസ്​കാരിക രംഗത്തെ പ്രമുഖരും ആദരാഞ്​ജലി അർപ്പിക്കാൻ അന്ധേരിയിലെ വസതിയിൽ എത്തിയിരുന്നു.ചലച്ചിത്ര താരങ്ങളുടെ വൻനിരയാണു ശ്രീദേവിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. തബു, ഹേമ മാലിനി, ഇഷ ഡിയോൾ, നിമ്രത് കൗർ, അക്ഷയ് ഖന്ന, ജയപ്രദ, ഐശ്വര്യ റായ്, ജാക്വലിൻ ഫെർണാണ്ടസ്, സുസ്മിത സെൻ, സോനം കപൂർ, ആനന്ദ് അഹൂജ, അർബാസ് ഖാൻ, ഫറാ ഖാൻ തുടങ്ങിയവർ സെലിബ്രേഷൻ സ്പോർട്സ് ക്ലബ്ബിലെത്തി.ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ ഭാര്യ രാശ്മി, മകൻ ആദിത്യ താക്കറെ എന്നിവരും ആദാരാഞ്ജലി അർപ്പിച്ചു. അജയ് ദേവ്ഗൺ, കജോൾ, ജയാ ബച്ചൻ, മാധുരി ദീക്ഷിത്, രേഖ, വിദ്യാ ബാലൻ, ജോൺ എബ്രഹാം, വിവേക് ഒബ്രോയി, ഭൂമിക ചൗള, സതീഷ് കൗശിക്, രവി കൃഷ്ണൻ, പ്രകാശ് രാജ്, രാകേഷ് റോഷൻ, ജാക്കി ഷ്റോഫ് തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാൻ എത്തി.

ഏറെ അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കുമൊടുവിൽ, ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ശ്രീദേവിയുടെ മൃതദേഹം ദുബൈയില്‍നിന്ന് പ്രത്യേകവിമാനത്തില്‍ എത്തിച്ചത്. മൃതദേഹം കുടുംബ സുഹൃത്ത് അനില്‍ അംബാനിയുടെ പ്രത്യേക വിമാനത്തിലാണ് മുംബൈയില്‍ എത്തിച്ചത്. മൃതദേഹം എത്തിക്കുന്ന സമയത്തു വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ദുബായിലുണ്ടായിരുന്ന ബോണി കപൂർ, ബോണി കപൂറിന്റെ ആദ്യവിവാഹത്തിലെ മകന്‍ അർജുൻ കപൂർ, സഞ്ജയ് കപൂർ, റീന മാർവ, സന്ദീപ് മാർവ എന്നിവരുൾപ്പെടെ പത്തുപേർ മൃതദേഹത്തെ അനുഗമിച്ചു. ശ്രീദേവിയുടെ കുടുംബാംഗങ്ങള്‍, അനില്‍ അംബാനി, നടന്‍ അനില്‍ കപൂര്‍ തുടങ്ങിയവര്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments