Wednesday, April 24, 2024
HomeNationalപീഡനക്കേസില്‍ ജയിലിൽ കിടക്കുന്ന ആള്‍ദൈവം അശാറാമിന്റെ ഫോൺ കോളിന്റെ ക്ലിപ്പ് ലീക്കായി

പീഡനക്കേസില്‍ ജയിലിൽ കിടക്കുന്ന ആള്‍ദൈവം അശാറാമിന്റെ ഫോൺ കോളിന്റെ ക്ലിപ്പ് ലീക്കായി

ലൈംഗിക പീഡനക്കേസില്‍ ജയിലിൽ കിടക്കുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം അശാറാം ബാപ്പുവിന്റെ ഫോൺ കോളിന്റെ ഓഡിയോ ശിഷ്യന്മാർക്കു ലഭിച്ചത് പുറത്തായി.ശിക്ഷയെല്ലാം താൽകാലത്തേക്ക്‌ മാത്രമാണ്, നല്ല നാളുകൾ വരാൻ പോകുന്നു എന്നാണ് തടവറയിൽ നിന്ന് അസാറാം ബാപ്പു അയച്ച സന്ദേശം. ആശ്രമത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കുറ്റക്കാരനാണെന്നു ജോധ്പുര്‍ പ്രത്യേക കോടതി കണ്ടു അസാറാമിനു ജീവപര്യന്തം ശിക്ഷ വിധിച്ചത്.അനുയായികള്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്തു ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ് വിധി പ്രഖ്യാപിച്ചത്.

ജയിലിൽ ഇട്ട ശേഷം വെള്ളിയാഴ്ച അസാറാം വിളിച്ച ഫോൺ കോളിന്റെ ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നിരിക്കുന്നതെന്നു ജോധ്പുർ സെൻട്രൽ ജയിൽ ഡിഐജി വിക്രം സിങ് വ്യക്തമാക്കി. 15 മിനിറ്റ് ദൈർഘ്യമുള്ള ഫോൺ കോൾ ജയിൽ അധികൃതരുടെ അനുവാദത്തോടെയാണ് നടത്തിയതെന്നും ഡിഐജി പറഞ്ഞു. പൊലീസിനു നൽകിയിരിക്കുന്ന രണ്ടു നമ്പറുകളിലേക്കു മാസത്തിലാകെ ഒന്നരമണിക്കൂർ നേരം തടവുകാർക്കു വിളിക്കാൻ അനുവാദമുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് ആശ്രമത്തിലെ ശിഷ്യന്റെ നമ്പറിലേക്കു വിളിക്കാൻ അസാറാമിന് അനുമതി നൽകിയിരുന്നു. ആ ഫോൺവിളി റെക്കോർഡ് ചെയ്തു പ്രചരിപ്പിക്കപ്പെട്ടതാകാമെന്ന് വിക്രം സിങ് പറഞ്ഞു. ശിഷ്യരോടുള്ള അസാറാമിന്റെ പ്രഭാഷണമെന്ന നിലയിലാണു ഫോണ്‍ സന്ദേശം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഓഡിയോ ക്ലിപ്പിൽ ആശാറാം ബാപ്പുവല്ലാതെ മറ്റാരും സംസാരിക്കുന്നില്ല.

ശിക്ഷ വിധിച്ച ദിവസം ജോധ്പുരിൽ വരാതിരുന്നതിനും അക്രമം അഴിച്ചുവിടാതെ ആത്മസംയമനം പാലിച്ചതിനും അസാറാം ബാപ്പു ശിഷ്യരോടു പ്രത്യേകം നന്ദി പറഞ്ഞു. ‘നമ്മൾ നിയമത്തെ ബഹുമാനിക്കണം. ഞാനും അതാണു ചെയ്തത്. ചിലർ ആശ്രമത്തിനെ കളങ്കപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആശ്രമം കയ്യടക്കുകയാണ് അവരുടെ ഉദ്ദേശ ലക്ഷ്യം. അത്തരം പ്രകോപനങ്ങളിലൊന്നും അകപ്പെടരുത്. ആശ്രമത്തിൽ നിന്നാണെന്ന മട്ടിൽ പ്രചരിക്കുന്ന യാതൊന്നും കണ്ണടച്ചു വിശ്വസിക്കരുത്’– ഓഡിയോ ക്ലിപ്പിലെ സന്ദേശത്തിൽ പറയുന്നു. തനിക്കൊപ്പം 20 വർഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ശിൽപി, ശരത് ചന്ദ്ര എന്നീ ശിഷ്യന്മാരുടെ കാര്യവും ഫോണിൽ പറയുന്നുണ്ട്. ആദ്യം അവരുടെ മോചനത്തിനു വേണ്ടിയുള്ള ശ്രമങ്ങളാണു നടത്തുക. മക്കളെക്കുറിച്ച് ആദ്യം ചിന്തിക്കേണ്ടത് മാതാപിതാക്കളുടെ ചുമതലയാണല്ലോയെന്നും അസാറാം പറയുന്നു. എത്ര അഭിഭാഷകരെ വേണമെങ്കിലും ഇതിനുവേണ്ടി രംഗത്തിറക്കും. അതിനു പിന്നാലെ ‘ബാപു’ ജയിലിൽ നിന്നു പുറത്തിറങ്ങുമെന്നും ഓഡിയോയിലൂടെ വ്യക്തമാക്കുന്നു. കീഴ്ക്കോടതികളിൽ തെറ്റുപറ്റിയാൽ അവ തിരുത്താൻ മേൽക്കോടതികളുണ്ട്. തനിക്കെതിരായ ആരോപണങ്ങളെല്ലാം കള്ളമാണ്. നല്ല നാളുകൾ വരികയാണെന്നും അസാറാം പറഞ്ഞു. ഫോൺവിളിക്കൊടുവിൽ ശരത് ചന്ദ്രയും സംസാരിക്കുന്നുണ്ട്. ജയിലിൽ യാതൊന്നും പേടിക്കാനില്ലെന്ന് ശരത് പറയുന്നതായി ഓഡിയോയിൽ കേൾക്കാം.

ഉത്തര്‍പ്രദേശിലെ സഹാരന്‍പുരില്‍നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിനു സമീപമുള്ള ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ചതായാണ് എഴുപത്തേഴുകാരനായ അസാറാമിനെതിരായ കേസ്. 2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളില്‍ ഒന്‍പതു പേര്‍ ആക്രമിക്കപ്പെടുകയും മൂന്നുപേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തു. കേസ് അന്വേഷിച്ച പോലീസ് ഉേദ്യാഗസ്ഥര്‍ക്കു നേരേ പോലും വധഭീഷണി ഉയര്‍ന്നിരുന്നു. വിധി പറയുന്നതിനു മുന്നോടിയായി പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീടിനു പോലീസ് കാവലേര്‍പ്പെടുത്തി, സിസിടിവി കാമറയും സ്ഥാപിച്ചു. രുദ്രാപുരിലെ ആശ്രമത്തിനു മുന്നിലും പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ചതിനും അസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ കേസുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments