Thursday, April 25, 2024
HomeKeralaഉറഞ്ഞു തുള്ളിയ തെയ്യം 2 പേരെ വെട്ടി, മൊബൈല്‍ തട്ടിപ്പറിച്ചു ; വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി

ഉറഞ്ഞു തുള്ളിയ തെയ്യം 2 പേരെ വെട്ടി, മൊബൈല്‍ തട്ടിപ്പറിച്ചു ; വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി

ഉറഞ്ഞു തുള്ളിയ തെയ്യം രണ്ടുപേരെ വാളുകൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഒരാളിന്റെ കയ്യിൽ നിന്ന് മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ചു ചവിട്ടിപ്പൊട്ടിച്ചു. ഇരിട്ടി തില്ലങ്കേരി പാടിക്കച്ചാല്‍ ഈയ്യങ്കോട് വയല്‍ത്തിറ മഹോത്സവത്തിനിടെയാണു സംഭവം. കൈതച്ചാമുണ്ഡി തെയ്യമാണു രണ്ടുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സംഭവത്തേത്തുടര്‍ന്ന്, തെയ്യം കെട്ടിയ ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഒടുവില്‍ നഷ്ട പരിഹാരം നല്‍കി കേസ് ഒതുക്കി തീർത്തു. രൗദ്രഭാവത്തില്‍ കൈതച്ചാമുണ്ഡി തെയ്യം കൈതവെട്ടാന്‍ പോകുന്ന ചടങ്ങിനിടയിൽ വഴിയരികില്‍ ഫോണില്‍ സംസാരിച്ചു നിന്നയാളുടെ മൊെബെല്‍ ഫോണ്‍ പിടിച്ചു വാങ്ങി തെയ്യം ചവിട്ടിപ്പൊട്ടിച്ചു. തുടര്‍ന്ന് വഴിയരികിലുണ്ടായിരുന്ന സുനില്‍ കുമാറിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഞരമ്പ് മുറിഞ്ഞ നിലയില്‍ സുനില്‍ കുമാറിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഉത്തമന്‍ എന്നയാളെയും വെട്ടിയെങ്കിലും പരുക്ക് സാരമുള്ളതല്ല. സംഭവം അറിഞ്ഞെത്തിയ മുഴക്കുന്ന് എസ്.ഐ: പി. രാജേഷ് കോലക്കാരന്‍ ബൈജുവിനെ കോലം അഴിച്ചശേഷം കസ്റ്റഡിയിലെടുത്തു.  തെയ്യം കെട്ടിയയാള്‍ മദ്യലഹരിയിലാണ് ഇതെല്ലം ചെയ്‌തതെന്ന്‌ ഒരുവിഭാഗം നാട്ടുകാര്‍ ആരോപിച്ചു. തെയ്യം ഉറയുമ്പോള്‍ ചെയ്യുന്നതൊന്നും മനഃപൂര്‍വമല്ലെന്നു കലാകാരന്മാരും ബി.ജെ.പി. പ്രവര്‍ത്തകരും വാദിച്ചു. തുടര്‍ന്ന്, തെയ്യക്കാരും നാട്ടുകാരുമായി വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി. തെയ്യത്തിന്റെ അക്രമത്തെ സി.പി.എം പ്രവര്‍ത്തകര്‍ ചോദ്യംചെയ്തു. ഇതോടെ സി.പി.എം-ബി.ജെ.പി. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രസാദിനെ ആക്രമിച്ചതിനു കണ്ടാലറിയുന്ന മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. തെയ്യം ആളുകള്‍ക്കു പിന്നാലെ പായുന്നതും വാളോങ്ങുന്നതും സ്ത്രീകളും കുട്ടികളുമടക്കം അലറിക്കരയുന്നതും വീഡിയോയിലുണ്ട്. രൗദ്രഭാവത്തിലുള്ള തെയ്യമാണു കൈതച്ചാമുണ്ഡിയെന്നും അതിനടുത്തു പോകരുതെന്നും കമ്മിറ്റിക്കാര്‍ മൈക്കിലൂടെ മുന്നറിയിപ്പു നല്‍കിയിരുന്നതായി ചിലര്‍ പറയുന്നു. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് ക്ഷേത്രക്കമ്മിറ്റിയും തെയ്യക്കോലം കെട്ടിയ ബൈജുവും ഏറ്റെടുത്തതോടെയാണു സംഘര്‍ഷം അയഞ്ഞത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments