Saturday, April 20, 2024
HomeKeralaസിറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് കേസ്; ഇടനിലക്കാരുടെ വീടുകളിൽ റെയ്ഡ്

സിറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് കേസ്; ഇടനിലക്കാരുടെ വീടുകളിൽ റെയ്ഡ്

സിറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് കേസില്‍ ഭൂമി വില്‍പ്പനയ്ക്ക് ഇടനിലക്കാരായി നിന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. എറണാകുളം -അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍ക്കുന്നതിന് ഇടനിലക്കാരനായി നിന്ന സാജു വര്‍ഗീസ് കുന്നേലിന്റെ വീട്ടിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. കൂടാതെ ഇലഞ്ഞിയില്‍ ജോസ് കുര്യന്റെയും കാക്കനാടുള്ള വികെ ഗ്രൂപ്പിന്റെയും സ്ഥാപനങ്ങളിലും അടക്കം 13 സ്ഥലങ്ങളിലാണ് ഒരേസമയം ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. എറണാകുളം അതിരൂപതയിലെ സാമ്പത്തിക ബാധ്യത അവസാനിപ്പിക്കാനായി രൂപതയുടെ കീഴില്‍, എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന മൂന്നേക്കറിലധികം ഭൂമി കച്ചവടം ചെയ്തതും എന്നാല്‍ ഉദ്ദേശിച്ച വില ലഭിക്കാതിരിക്കുകയും രൂപതയുടെ സാമ്ബത്തിക ബാധ്യത 70 കോടിയോളമായി ഉയരുകയും ചെയ്തതാണ് വന്‍ വിവാദമായത്. ഇടനിലക്കാരന്റെ തട്ടിപ്പിന് രൂപതാധ്യക്ഷന്‍ മാര്‍ ആലഞ്ചേരിയും ഫിനാന്‍സ് ഓഫീസര്‍, വികാരി ജനറല്‍ എന്നീ സ്ഥാനങ്ങളിലുള്ള വൈദികരും അനുവാദം കൊടുത്തുവെന്നായിരുന്നു ആരോപണം. രൂപതയിലെ വൈദികരില്‍ ഭൂരിഭാഗവും സഹായ മെത്രാന്മാരായ രണ്ടുപേരും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ നിലപാട് സ്വീകരിക്കുകയും വിശ്വാസികളില്‍ ഒരു വിഭാഗം ഇവര്‍ക്കൊപ്പം ചേരുകയും ചെയ്തതോടെയാണ് വിവാദം ശക്തമായത്. വിഷയത്തില്‍ സഭയില്‍ തര്‍ക്കം രൂക്ഷമാകുകയും ബിഷപ്പുമാര്‍ പോലും രണ്ട് ചേരിയായി തിരിയുകയും ചെയ്തതിന് പിന്നാലെ കര്‍ശന നടപടിയുമായി വത്തിക്കാന്‍ രംഗത്തുവന്നിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം രൂപതയുടെ അഡ്മിനിസ്‌ട്രേറ്റീവ് അധികാരങ്ങള്‍ സഹായമെത്രനായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൈമാറിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇടപെട്ട മാര്‍പാപ്പ, മാര്‍ എടയന്ത്രത്തിന് പകരം രൂപതയുടെ ഭരണനിര്‍വഹണത്തിന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്തെ ചുമതലപ്പെടുത്തിയിരുന്നു. സഭാ തലത്തില്‍ നടപടികള്‍ സ്വീകരിച്ച്‌ ഭൂമി വിവാദം ഒത്തുതീര്‍പ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments