പാക്കിസ്ഥാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആദ്യ ഹിന്ദു സ്ഥാനാര്‍ത്ഥി

പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആദ‍്യമായി ഹിന്ദു സ്ഥാനാർത്ഥിക്ക് വിജയം. പാക്കിസ്ഥാൻ പീപ്ൾസ് പാർട്ടിയുടെ മഹേഷ് കുമാർ മലാനിയാണ് വിജയിച്ചത്. സിന്ധ് പ്രവിശ‍്യയിലുള്ള ഥാർപാർക്കർ- 2 സീറ്റിലാണ് 14 സ്ഥാനാർത്ഥികളെ തോൽപ്പിച്ച് അദ്ദേഹം വിജയിച്ചത്. മുസ്ലിങ്ങൾ അല്ലാത്തവർക്ക് വോട്ടാവകാശവും പൊതുതെരഞ്ഞെടുപ്പുകളിലേക്ക് മത്സരിക്കാനുള്ള അനുമതിയും കിട്ടിയതിന് 16 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഹിന്ദു സ്ഥാനാർത്ഥി വിജയിക്കുന്നത്. മഹേഷിന് 1,06,630 വോട്ടുകൾ ലഭിച്ചപ്പോൾ എതിർസ്ഥാനാർത്ഥിയായ അർബാബ് സകാവുള്ളയ്ക്ക് ലഭിച്ചത് 87,251 (ഗ്രാൻഡ് ഡെമോക്രാറ്റിക് അലയൻസ്)വോട്ടുകളാണ്. 2003-2008 കാലഘട്ടത്തിൽ പിപിപി നാമനിർദേശം ചെയ്ത പാർലമെന്‍റ് അംഗമായിരുന്നു മഹേഷ്. ദേശീയ അസംബ്ലിയിൽ ന‍്യൂനപക്ഷങ്ങൾക്കായി പത്ത് സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്. പാർലമെന്‍റിൽ ലഭിച്ച സീറ്റുകളുടെ അടിസ്ഥാനത്തിലാണ് പാർട്ടികൾക്ക് സംവരണ സീറ്റുകൾ നൽകുക.