പൊലീസ് തന്നെ ലെെംഗികമായി ഉപദ്രവിച്ചുവെന്ന് നടി ശ്രുതി പട്ടേല്‍

പൊലീസ് തന്നെ ലെെംഗികമായും മാനസികവും ശാരീരികവുമായി ഉപദ്രവിച്ചുവെന്ന് നടി ശ്രുതി പട്ടേല്‍. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശ്രുതി പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്. വനിതാ കമ്മിഷനില്‍ ഇതുമായി ബന്ധപ്പെട്ട് നടി പരാതി നല്‍കിയിട്ടുണ്ട്. വസ്ത്രങ്ങള്‍ പൂര്‍ണമായി അഴിച്ച്‌ നഗ്നയാക്കി അതിന്റെ വീഡിയോ വനിതാ പൊലീസ് ഓഫീസര്‍ ഫോണില്‍ പകര്‍ത്തിയെന്നും പീഡനം പുറത്ത് പറഞ്ഞാല്‍ വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശ്രുതി മാദ്ധ്യമങ്ങളോട് പറഞ്ഞു. മാട്രിമോണിയല്‍ വെബ്സെെറ്റില്‍ ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്നാണ് നടിക്കെതിരെയുള്ള കേസ്. 21 കാരിയായ നടിയുടെ അമ്മയേയും സഹോദരനേയും അച്ഛനായി അഭിനയിച്ചയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് നടി ജാമ്യത്തില്‍ ഇറങ്ങിയത്. തുടര്‍ന്നാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നടി രംഗത്തെത്തിയത്. ‘ജയിലിലേക്ക് എന്നെ കയറ്റിയപ്പോള്‍ തന്നെ അവിടെയുള്ള സി.സി.ടി.വി ക്യാമറകള്‍ എടുത്തു മാറ്റി. പിന്നെ എന്നെ മറ്റൊരു സെല്ലിലേയ്‌ക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ എന്റെ വസ്ത്രം അഴിച്ച്‌ മാറ്റി കയ്യില്‍ വിലങ്ങ് വെക്കാന്‍ തുടങ്ങി. വസ്ത്രം വലിച്ച്‌ കീറി നഗ്നയാക്കി. അപ്പോള്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ചിരിക്കുകയായിരുന്നു. പിന്നെ എന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി.’ നടി മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ നടിയുടെ ആരോപണം നിഷേധിച്ച പൊലീസ് അന്വേഷണം വഴി തെറ്റിക്കാന്‍ നടി നടത്തുന്ന നാടകമാണ് ഇതെന്ന് വ്യക്തമാക്കി.