മുസ്ലീം പുരോഹിതന്‍ ക്ഷേത്രത്തിൽ മോഷണം പോയ ലൗഡ്‌സപീക്കറിന് പകരം പുതിയത് നൽകി

muslim priest

ക്ഷേത്രത്തിലെ മോഷണം പോയ ലൗഡ്‌സപീക്കറിന് പകരം പുതിയത് ക്ഷേത്രകമ്മിറ്റിക്ക് സമ്മാനിച്ച് മുസ്ലീം പുരോഹിതന്‍. മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലെ ലോക്കല്‍ കോര്‍പ്പറേറ്ററും വഖഫ് കമ്മിറ്റി അംഗവുമായി സയ്യിദ് ഖാനാണ് ക്ഷേത്രത്തിനായി പുതിയ ലൗഡ് സ്പീക്കര്‍ സമ്മാനിച്ച് മാതൃകയായത്. സ്ഥിരമായി ഭക്തിഗാനങ്ങളും മറ്റും കേട്ടിരുന്ന ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്നും ശബ്ദമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്നാണ് ഖാന്‍ കാര്യങ്ങള്‍ അന്വേഷിച്ചത്. പലപ്പോഴും ഈ ക്ഷേത്രത്തിനു മുമ്പിലൂടെ കടന്നു പോകുമ്പോള്‍ ഭക്തിഗാനങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. ഈയിടെ ഇതു കേള്‍ക്കാതായതോടെ പൂജാരിയോട് അന്വേഷിച്ചപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. ആരെങ്കിലും പുതിയ ലൗഡ്‌സ്പീക്കര്‍ വാങ്ങിച്ചുതരാമെന്ന് ഏറ്റിട്ടുണ്ടോയെന്ന് ക്ഷേത്രപൂജാരിയോട് ചോദിച്ചു. ഇല്ലെന്നായിരുന്നു അദ്ദേഹം മറുപടി തന്നത്. തുടര്‍ന്ന് ടൗണില്‍ പോയി പുതിയത് വാങ്ങി നല്‍കുകയായിരുന്നുവെന്ന് ഖാന്‍ പറയുന്നു. മതിയായ പണമില്ലാത്തതു കാരണം പുതിയത് വാങ്ങാന്‍ കഴിയാത്ത വിഷമത്തിലായിരുന്നു ക്ഷേത്ര അധികാരികള്‍. ക്ഷേത്രങ്ങളിലും പള്ളികളിലും ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ പലരും രംഗത്തുവരുന്നുണ്ടെങ്കിലും ഇന്ത്യയില്‍ പൊതുവെ അധികമാരും ഇതിനെ എതിര്‍ക്കുന്നവരല്ലെന്നാണ് തന്റെ അഭിപ്രായമെന്നും സയ്യിദ് ഖാന്‍ പറയുന്നു.