Saturday, April 20, 2024
HomeSports‘സെഞ്ചുറി’ കടന്ന് ഇന്ത്യ

‘സെഞ്ചുറി’ കടന്ന് ഇന്ത്യ

335 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച് ഓപ്പണർമാരായ രോഹിതും രഹാനെയും. തുടർച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഇവരുടെ മികവിൽ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് എന്ന നിലയിലാണ് ഇന്ത്യ. തുടർച്ചയായ മൂന്നാം ഏകദിനത്തിലും അർധസെഞ്ചുറി കണ്ടെത്തിയ അജിങ്ക്യ രഹാനെയാണ് പുറത്തായ താരം. 66 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 53 റൺസെടുത്ത രഹാനയെ റിച്ചാർഡ്സന്റെ പന്തിൽ ആരോൺ ഫിഞ്ച് ക്യാച്ചെടുത്തു മടക്കി. ഒന്നാം വിക്കറ്റിൽ ഇരുവരു ചേർന്ന് 106 റൺസ് കൂട്ടിച്ചേർത്തു. തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി കുറിച്ച ഓപ്പണർ രോഹിത് ശർമ (46 പന്തിൽ 54), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (ഒൻപതു പന്തിൽ എട്ട്) എന്നിവരാണ് ക്രീസിൽ. തുടർച്ചയായ പത്താം ഏകദിന വിജയമാണ് ഇന്ത്യ ഇവിടെ ലക്ഷ്യമിടുന്നത്. കരിയറിലെ നൂറാം ഏകദിനത്തിന് മഴവില്ലഴകുള്ള സെഞ്ചുറിയുടെ നിറച്ചാർത്ത് സമ്മാനിച്ച് ഡേവിഡ് വാർണർ (119 പന്തിൽ 124). കഴിഞ്ഞ മൽസരത്തിലെ സെഞ്ചുറി പ്രകടനത്തോളമെത്തിയ അർധസെഞ്ചുറിയുമായി സഹ ഓപ്പണർ ആരോൺ ഫിഞ്ച് (96 പന്തിൽ 94). ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് (231) തീർത്ത് ഇരുവരും നിറഞ്ഞാടിയ ഇന്നിങ്സിനൊടുവിൽ അവസാന ഓവറുകളിലെ ഭേദപ്പെട്ട പ്രകടനത്തിലൂടെ സാന്നിധ്യമറിയിച്ച് ഇന്ത്യൻ ബോളർമാർ. പരമ്പര കൈവിട്ടെങ്കിലും നാണക്കേടു മറയ്ക്കാനൊരുങ്ങി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലിറങ്ങിയ ഓസ്ട്രേലിയ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്കു മുന്നിലുയർത്തിയത് 335 റൺസ് വിജയലക്ഷ്യം. പരമ്പരയിൽ ആദ്യമായാണ് ഒരു ടീം 300 കടക്കുന്നത്.

പരമ്പര ഉറപ്പാക്കിയതിനു പിന്നാലെ ബോളിങ് ആക്രമണത്തിലെ കുന്തമുനകൾക്കു പകരം പുതിയ താരങ്ങളെ പരീക്ഷിച്ചാണ് ബെംഗളൂരു ഏകദിനത്തിൽ ഇന്ത്യ ഇറങ്ങിയത്. ഭുവേശ്വർ കുമാർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർക്കു പകരം ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, അക്ഷർ പട്ടേൽ എന്നിവർ ടീമിൽ ഇടംനേടി. ഓസ്ട്രേലിയ ആകട്ടെ മാക്സ്‍‌വെൽ, ആഷ്ടൻ ആഗർ എന്നിവർക്കു പകരം മാത്യു വെയ്ഡ്, ആദം സാംപ എന്നിവരെ ഉൾപ്പെടുത്തി. ടോസ് ഭാഗ്യം ഇത്തവണയും തുണച്ചത് ഓസീസിനെ. പതിവുപോലെ അവർ ബാറ്റിങ് തിരഞ്ഞെടുത്തു. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച ഇന്ത്യൻ പേസർമാരെ തെല്ലും കൂസാത്ത പ്രകടനമാണ് ഓപ്പണർമാരായ വാർണറും ഫിഞ്ചും കാഴ്ചവച്ചത്. ആദ്യ 10 ഓവറിൽ 63 റണ്‍സെടുത്ത ഇരുവരും മികച്ച ഇന്നിങ്സിനുള്ള അടിത്തറയിട്ടു. ഇതോടെ പേസ് ബോളർമാരെ പിൻവലിച്ച് കോഹ്‍ലി വജ്രായുധമായ സ്പിന്നർമാരെ പരീക്ഷിച്ചെങ്കിലും അവർക്കും ഫിഞ്ചിനെയും വാർണറെയും കാര്യമായി ‘പരീക്ഷിക്കാനായില്ല’.

8.5 ഓവറിൽ അർധസെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കിയ സഖ്യം, 15.4 ഓവറിൽ നൂറു കടന്നു. അതിനിടെ 45 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സുമായി വാർണർ അർധസെഞ്ചുറി പിന്നിട്ടു. പിന്നാലെ 65 പന്തിൽ ഏഴു ബൗണ്ടറി ഉൾപ്പെടെ ഫിഞ്ചും അർധസെഞ്ചുറി കടന്നു. 25.3 ഓവറിൽ ഓസീസ് സ്കോർ 150 കടന്നു. ഇതിനു പിന്നാലെ 103 പന്തിൽ 10 ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടെ ഡേവിഡ് വാർണർ സെഞ്ചുറിയിലെത്തി. 100-ാം ഏകദിനത്തിൽ സെഞ്ചുറി കുറിക്കുന്ന എട്ടാമത്തെ താരമെന്ന നേട്ടത്തോടെയായിരുന്നു വാർണറിന്റെ 14–ാം ഏകദിന സെഞ്ചുറി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഓസീസ് താരവും കഴിഞ്ഞ 10 വർഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവുമാണ് വാർണർ. 31.3 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ഓസീസ് 200 കടന്നതോടെ ഇത്തവണ ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന സ്കോർ ഓസീസ് കണ്ടെത്തുമെന്ന് ഉറപ്പായി. അതു 350 കടക്കുമോ എന്നു പോലും ഒരു ഘട്ടത്തിൽ സംശയമുണർന്നു. എന്നാൽ സ്കോർ 231ൽ നിൽക്കെ ഡേവിഡ് വാർണറിനെ ജയന്ത് യാദവ് പുറത്താക്കിയത് മൽസരത്തിൽ വഴിത്തിരിവായി. 119 പന്തിൽ 12 ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെ 124 റൺസെടുത്ത വാർണറിനെ ജാദവ് അക്ഷർ പട്ടേലിന്റെ കൈകളിലെത്തിച്ചു. വാർണറിനു പിന്നാലെ ഇതേ സ്കോറിൽ ഫിഞ്ചും കൂടാരം കയറി. തുടർച്ചയായ രണ്ടാം സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന ഫിഞ്ചിനെ ഉമേഷ് യാദവിന്റെ പന്തിൽ ഹാർദിക് പാണ്ഡ്യയാണ് ക്യാച്ചെടുത്തു പുറത്താക്കിയത്. 96 പന്തിൽ 10 ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടെ ഫിഞ്ച് 94 റൺസെടുത്തു.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ പിറക്കുന്ന ഏതൊരു വിക്കറ്റിലെയും ഏറ്റവും മികച്ച കൂട്ടുകെട്ട് എന്ന റെക്കോർഡിട്ട ശേഷമാണ് ഇവരുടെ കൂട്ടുകെട്ട് വഴിപിരിഞ്ഞത്. 2011 ലോകകപ്പിൽ കാനഡയ്ക്കെതിരെ ഓസ്ട്രേലിയയുടെ തന്നെ വാട്സനും ഹാഡിനും ചേർന്ന് പടുത്തുയർത്തിയ 183 റൺസിന്റെ കൂട്ടുകെട്ടാണ് ഇവർ പഴങ്കഥയാക്കിയത്. 2013നുശേഷം ഇന്ത്യൻ മണ്ണിൽവച്ച് ഇന്ത്യയ്ക്കെതിരെ ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർക്കുന്ന ആദ്യ സഖ്യമായും ഇവർ മാറി. 2013–14ൽ ഫിഞ്ച്–ഹ്യൂഗ്സ് സഖ്യമാണ് മുൻപ് ഈ നേട്ടം കരസ്ഥമാക്കിയത്. വാർണറിനും ഫിഞ്ചിനും പിന്നാലെ അഞ്ചു പന്തിൽ മൂന്നു റൺസുമായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും പുറത്തായതോടെ മൂന്നിന് 236 റൺസ് എന്ന നിലയിലായി ഓസ്ട്രേലിയ. ട്രാവിഡ് ഹെഡ് (38 പന്തിൽ 29), പീറ്റർ ഹാൻഡ്സ്കോംബ് (30 പന്തിൽ 43) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തിയതോടെ ഓസീസ് സ്കോർ 300 കടന്നു. അവസാന ഓവറുകളിൽ സ്റ്റോയ്നിസ് (9 പന്തിൽ 15), വെയ്ഡ് (മൂന്നു പന്തിൽ മൂന്ന്) എന്നിവർ ചേർന്ന് ഓസീസ് സ്കോർ 334ൽ എത്തിച്ചു. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് 10 ഓവറിൽ 71 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments