Friday, April 19, 2024
HomeSportsഅണ്ടര്‍ 17 ലോകകപ്പ്‌ ഫൈനലില്‍ ഇംഗ്ലണ്ട് കിരീടം ചൂടി

അണ്ടര്‍ 17 ലോകകപ്പ്‌ ഫൈനലില്‍ ഇംഗ്ലണ്ട് കിരീടം ചൂടി

സ്വാതന്ത്ര്യം മോഹിക്കുന്ന കാറ്റലോണിയന്‍ പ്രവിശ്യക്കാരും അവര്‍ക്കു സ്വാതന്ത്ര്യം നിഷേധിക്കുന്ന സ്‌പെയിന്‍കാരും ഇന്നലെ ഒരേ പോലെ ദുഖിതരായിരുന്നു. രണ്ടു ഗോളുകള്‍ക്കു മുന്നിട്ടുനിന്ന തങ്ങളുടെ ടീം ഇംഗ്ലണ്ടിനു മുന്നില്‍ കിരീടം അടിയറ വയ്‌ക്കുന്ന ദൃശ്യം അവര്‍ക്കു താങ്ങാവുന്നതില്‍ അധികമായിരുന്നു. സ്‌പെയിനിലെ രാഷ്‌ട്രീയ അസ്‌ഥിരതയ്‌ക്കിടയിലേക്കു ലോകകപ്പ്‌ കിരീടവുമായി കയറിചെല്ലാന്‍ എല്ലാ അടവും പയറ്റിയ കോച്ച്‌ സാന്തിയാഗോ ദെനിയ സാഞ്ചസ്‌ 4-2-3-1 ശൈലിയിലാണ്‌ ഇംഗ്ലണ്ടിനെ നേരിട്ടത്‌.

ടിക്കി ടാക്ക ഫുട്‌ബോളിന്റെ വക്‌താക്കളായ സ്‌പെയിനെ അതേ ഫോര്‍മേഷനിലാണ്‌ ഇംഗ്ലണ്ട്‌ കോച്ച്‌ സ്‌റ്റീവ്‌ കൂപ്പര്‍ നേരിട്ടത്‌. ബ്രസീലിനെതിരേ കളിച്ച അതേ സ്‌റ്റാര്‍ട്ടിങ്‌ ഇലവനാണ്‌ കൂപ്പര്‍ ഇന്നലെയും പരീക്ഷിച്ചത്‌. മത്സരത്തിന്റെ ആദ്യ പകുതിവരെ സെര്‍ജിയോ ഗോമസിന്റെ ഇരട്ടഗോളിലൂടെ ഇംഗ്ലണ്ടിന്‌ മേല്‍ സ്‌പെയിന്‍ മേധാവിത്വം പുലര്‍ത്തി.

എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ടൂര്‍ണ്ണമെന്റിലെ ടോപ്‌സ്കോറര്‍ റിയാന്‍ ബ്രൂസ്‌റ്റര്‍ ഇംഗ്ലണ്ടിന്‌ ഉണര്‍വേകി ആദ്യ ഗോള്‍ നേടി. എട്ട്‌ ഗോളുകളുമായി ബ്രൂസ്‌റ്റര്‍ ലോകകപ്പിലെ സുവര്‍ണ പാദുകത്തിന്‌ അര്‍ഹനായി.

അണ്ടര്‍ 17 ലോകകപ്പ്‌ ഫൈനലില്‍ നാലാമൂഴത്തിനിറങ്ങിയ സ്‌പെയിന്‌ ബ്രൂസ്‌റ്ററുടെ ഗോള്‍ വരുന്നതുവരെ എല്ലാം ഭദ്രമായിരുന്നു. നീണ്ടകാലങ്ങള്‍ക്കു ശേഷമാണ്‌ ഇംഗ്ലണ്ട്‌ ഫിഫയുടെ ഒരു കിരീടം നേടുന്നത്‌. ജൂനിയര്‍ തലത്തില്‍ ആദ്യമായാണ്‌ അവര്‍ ലോകകപ്പില്‍ മുത്തമിടുന്നതും. നാലുവട്ടം (1991, 2003,2007) ഫൈനലില്‍ കളിച്ചെങ്കിലും കപ്പില്‍ മുത്തമിടാന്‍ സാധിക്കാത്ത ദുര്‍വിധിയാണു സ്‌പെയിന്‍കാരുടേത്‌.

84-ാം മിനിട്ടില്‍ സെന്റര്‍ ബാക്ക്‌ മാര്‍ക്‌ ഗുതി നേടിയ ഗോളാണു വഴിത്തിരിവായത്‌. ഹഡ്‌സണ്‍ ഔദി ഫ്രീകിക്കെടുക്കുമ്പോള്‍ പോസ്‌റ്റിനു സമീപം അലക്ഷ്യമായി നിന്നിരുന്ന മാര്‍കിനെ സ്‌പെയിന്‍കാര്‍ കണ്ടില്ല. മാര്‍കിന്റെ ക്ലോസ്‌ റേഞ്ച്‌ ഷോട്ട്‌ വലയില്‍ കടന്നപ്പോഴാണ്‌ അവര്‍ അപകടം തിരിച്ചറിഞ്ഞത്‌. നാലു മിനിട്ടുകള്‍ക്കു ശേഷം ഫോദാന്‍ കിരീടം ഉറപ്പാക്കിയ ഗോളുമടിച്ചു. ഹഡ്‌സണ്‍ ഔദി സ്‌പാനിഷ്‌ പ്രതിരോധക്കാര്‍ക്കിടയിലൂടെ നല്‍കിയ പന്ത്‌ ഫോദാന്‍ വലയിലാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments