Friday, March 29, 2024
HomeCrimeകെവിന്റെ കൊലപാതകം; കൃത്യവിലോപത്തില്‍ പോലീസിനു ചീത്തവിളിയും, പിന്നാലെ അഭിനന്ദനവും

കെവിന്റെ കൊലപാതകം; കൃത്യവിലോപത്തില്‍ പോലീസിനു ചീത്തവിളിയും, പിന്നാലെ അഭിനന്ദനവും

ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ കാണിച്ച കൃത്യവിലോപത്തില്‍ നാണംകെട്ടത് കേരളാ പോലീസ് ഒന്നടങ്കം. പോലീസിന്റെ നിഷ്‌ക്രിയത്വം കെവിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയെങ്കിലും മുഖ്യപ്രതികള്‍ ഉള്‍പ്പടെയുള്ള പ്രതികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ എത്തിക്കാനായ കേരളാ പോലീസിന്റെ പ്രവര്‍ത്തിയെ അംഗീകരിക്കാനാതിരിക്കാന്‍ ആകില്ലെന്ന് കേരളാ പോലീസിനെ നിരന്തരം കുറ്റപ്പെടുത്തുന്നവര്‍ പോലും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നു. നീനു-കെവിന്‍ വിവാഹത്തില്‍ വധുവിന്റെ വീട്ടുകാര്‍ക്കുള്ള എതിര്‍പ്പാണ് കെവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. നീനുവിന്റെ പിതാവും സഹോദരനും അടുത്ത ബന്ധുക്കളും ഉള്‍പ്പടെ ആ കുടുംബവുമായി ബന്ധമുള്ളവരാണ് 14 അംഗ പ്രതി പട്ടികയിലുള്ളത്. കെവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ അവശനാക്കി വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കെവിന്റെ മൃതദേഹം കണ്ടെത്തുന്നതിനു മുന്‍പ് തന്നെ പ്രതികളിലൊരാളായ ഇഷാന്‍ പോലീസ് പിടിയിലായിരുന്നു. പിന്നാലെ കെവിനെ കാറില്‍ കയറ്റിക്കൊണ്ട് പോയ റിയാസ്, നിയാസ് എന്നിവരും പോലീസ് പിടിയിലായി. അക്രമികള്‍ ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെടുത്തിരുന്നു. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും നല്‍കാതെ അറസ്റ്റ് ചെയ്തത്. നീനുവിന്റെ വിവാഹത്തില്‍ എതിര്‍പ്പുള്ള സഹോദരന്‍ ഷാനുവും പിതാവ് ചാക്കോ ജോണും നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞതോടെ ഇവര്‍ക്കായി പോലീസ് ഊര്‍ജ്ജിതമായാണ് അന്വേഷണം നടത്തിയത്. ഇരുവരും തമിഴ്‌നാട്ടിലേക്ക് കടന്നെന്ന വിവരം ലഭിച്ചതോടെ പോലീസ് നാല് അന്വേഷണ സംഘങ്ങളായി പിരിഞ്ഞ് ഒരു വിഭാഗം തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കേരളത്തില്‍ ചാക്കോയും ഷാനുവും ഉണ്ടാകാനിടയുള്ള ഒരിടവും ബാക്കിയാക്കാതെ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഗത്യന്തരമില്ലാതെ പ്രതികള്‍ സംസ്ഥാനത്ത് നിന്നും കടന്നു കളയുകയായിരുന്നു. എന്നാല്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു രാജ്യത്ത് നിന്ന് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളിലേക്ക് വിവരം എത്തിച്ച പോലീസ് കടുകിട പോലും പിഴവില്ലാത്ത അന്വേഷണ മികവ് കാണിച്ചതോടെ പ്രതികളുടെ ആത്മവീര്യം നശിച്ചു. ഒടുവില്‍ പോലീസ് തൊട്ടു പിന്നില്‍ തന്നെയുണ്ടെന്ന് വ്യക്തമായതോടെ മുഖ്യപ്രതികള്‍ ഇരുവരും ബാംഗ്ലൂരിലെ ഒളിവു ജീവിതം അവസാനിപ്പിച്ച്‌ കണ്ണൂരില്‍ എത്തി പോലീസില്‍ കീഴടങ്ങുകയും ചെയ്തപ്പോള്‍ കെവിന്റെ സംസ്‌കാര ചടങ്ങുകള്‍ കോട്ടയത്ത് പുരോഗമിക്കുകയായിരുന്നു. ഒടുവില്‍ മരണശേഷമെങ്കിലും കെവിന് നീതിയെത്തിക്കാന്‍ പോലീസിന് സാധിച്ചുവെന്ന് ആശ്വസിക്കാം. ഇതിനിടെ, ക്വട്ടേഷന്‍ സംഘത്തിലെ അംഗമായിരുന്ന മനുവും പോലീസ് പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. മനുവാണ് കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്നത്. അതേസമയം, പോലീസിന്റെ ജാഗ്രതക്കുറവും കൃത്യസമയത്ത് പ്രവര്‍ത്തിക്കാത്തതുമാണ് കെവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആക്ഷേപം ഉയരുമ്ബോഴും പോലീസ് പ്രതികളെ വലയിലാക്കിയെ രീതിയെ അഭിനന്ദിക്കാനും സോഷ്യല്‍മീഡിയ മടിക്കുന്നില്ല. ഇതോടെ പ്രതിക്കൂട്ടിലായ പോലീസ് കെവിന്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെന്ന ദൃഢനിശ്ചയവുമായി ഇറങ്ങിത്തിരിക്കുകയായിരുന്നു. തന്നെക്കാള്‍ സാമ്പത്തികമായി ഉയര്‍ന്ന പെണ്‍കുട്ടിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ ക്രൂരമര്‍ദ്ദനത്തിനിരയാവുകയും ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിക്കുകയും ചെയ്ത കെവിന്‍ ജോസഫിന്റെ മരണത്തില്‍ സംസ്ഥാനത്തൊന്നാകെ സങ്കടം അലയടിക്കുകയും പോലീസിനെതിരെ കുറ്റപ്പെടുത്തല്‍ ഉയരുമ്പോഴും , കൃത്യമായ പദ്ധതി തയ്യാറാക്കി പ്രതികളെ വലയിലാക്കാന്‍ പോലീസ് ജാഗരൂകരായി പ്രവര്‍ത്തന നിരതരാവുകയായിരുന്നു. കെവിനെ വിവാഹത്തിനു പിന്നാലെ ഭാര്യ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയെന്ന വിവരം, ഉടന്‍ തന്നെ വാഹന നമ്ബര്‍ സഹിതം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി അറിയിച്ചിട്ടും എസ്‌ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം നിഷ്‌ക്രിയമായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തട്ടിക്കൊണ്ടുപോയതിന്റെ അടുത്ത ദിവസം രാവിലെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെടുത്തതോടെ ജനവികാരം പോലീസിനെതിരെ ശക്തമാവുകയും ചെയ്തു. ഉടന്‍ തന്നെ പോലീസിലെ പുഴുക്കുത്തുകളെന്ന് തിരിച്ചറിഞ്ഞ് എസ്‌ഐ ഷിബുവിനെയും ഗ്രേഡ് എസ്‌ഐ സണ്ണിമോനേയും സസ്‌പെന്‍ഡ് ചെയ്യുകയും കോട്ടയം പോലീസിന്റെ ചുമതലയുള്ള എസ്പി പിഎ മുഹമ്മദ് റഫീഖിനെ ഐജി സ്ഥലം മാറ്റുകയും ചെയ്തത് ആഭ്യന്തര വകുപ്പിന്റെ ശക്തമായ ഇടപെടലാണ് സൂചിപ്പിക്കുന്നത്. ഇനി ഇത്തരത്തിലൊരു നിര്‍ഭാഗ്യ സംഭവം ഉണ്ടാകാതെ പോലീസിനെ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന സംഭവം തന്നെയാണ് പോലീസിലെ ഉടനടി എടുക്കുന്ന ഇത്തരം നടപടികളെന്നും പൊതു അഭിപ്രായമുയരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments