Friday, March 29, 2024
HomeSportsഇന്ത്യക്കു 6 റൺസിന്റെ ജയം

ഇന്ത്യക്കു 6 റൺസിന്റെ ജയം

കാണ്‍പൂര്‍ ഒരിക്കല്‍കൂടി ഇന്ത്യയുടെ ഭാഗ്യവേദിയായി. ആവേശം അവസാന പന്തുവരെ നീണ്ട ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ ആറ് റണ്‍സിന് കീഴടക്കി പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കീവീസീന് ഏഴു വിക്കറ്റു നഷ്ടത്തില്‍ 331 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജസ്പ്രീ‌ത് ബൂമ്ര എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു കീവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ നാലു പന്തില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങിയ ബൂമ്ര ഇന്ത്യയുടെ ജയമുറപ്പിച്ചു. 47 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബൂമ്ര തന്നെയാണ് ഇന്ത്യയുടെ വിജയശില്‍പി. വിരാട് കോലിക്കുകീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ഏകദിന പരമ്പര നേട്ടമാണിത്. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 337/6, ന്യൂസിലന്‍ഡ് 50 ഓവറില്‍ 331/7.
കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയപ്പോള്‍ അനായാസ ജയം സ്വപ്നം കണ്ട ഇന്ത്യയെ കീവികള്‍ ശരിക്കും വിറപ്പിച്ചു. കോളിന്‍ മണ്‍റോയും(62 പന്തില്‍ 75), ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണും(64), റോസ് ടെയ്‌ലറും(39), ടോം ലതാമും(52 പന്തില്‍ 65), ഹെന്‍റി നിക്കോള്‍സും(24 പന്തില്‍ 37) ചേര്‍ന്ന് ജയം തട്ടിയെടുത്തെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ നിക്കോള്‍സിനെ ഭുവനേശ്വര്‍ ബൗള്‍ഡാക്കിയതും ബൂമ്രയുടെ നേരിട്ടുള്ള ത്രോയില്‍ ലതാം പുറത്തായതും ന്യൂസിലന്‍ഡിന്റെ വിജയസ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി. അതുവരെ വിജയപ്രതീക്ഷയിലായിരുന്ന കീവീസിന് ഈ ഇരട്ടപ്രഹരത്തില്‍ നിന്ന് വിജയം എത്തിപ്പിടിക്കാനായില്ല.
92 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍കുമാര്‍ അവസാന ഓവറുകളില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞത് ഇന്ത്യക്ക് തുണയായി. ഭുവിയും ബൂമ്രയും ചേര്‍ന്നെറിഞ്ഞ അവസാന അഞ്ചോവറിലാണ് കളിയും പരമ്പരയും ഇന്ത്യയുടെ കൈപ്പിടിയിലായത്. ഇന്ത്യക്കായി ചാഹല്‍ 47 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. ഹര്‍ദ്ദീക് പാണ്ഡ്യ ബാറ്റിംഗിലും ബൗളിംഗിലും( അഞ്ചോവറില്‍ 47) നിരാശപ്പെടുത്തി. പരമ്പരയിലെ ആദ്യമത്സരം കീവീസ ജയിച്ചപ്പോള്‍ രണ്ടു മൂന്നും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments